കോഴിക്കോട്: കുറച്ചു വര്‍ഷം മുമ്പ് ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്ന നിരവധി സ്‌കൂളുകളിലെ പഠന സമയക്രമീകരണം മദ്രസ പഠനത്തെ ബാധിച്ചിരുന്നില്ല. ആ സമയക്രമത്തിന്റെ പേരില്‍ സമസ്തയോ ലീഗോ സമരം ചെയ്തിട്ടുമില്ല. ഇന്നത്തേതു പോലെ കെട്ടിട സൗകര്യങ്ങള്‍ ഇല്ലാത്തതും കൂടുതല്‍ സ്‌കൂളുകള്‍ ഇല്ലാത്തതതും കാരണം ഇരുപത് വര്‍ഷം മുമ്പ് വരെയും നിരവധി സ്‌കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു. അത്തരം സ്‌കൂളുകളില്‍ രാവിലെ എട്ടര മണി മുതല്‍ ഉച്ചയ്‌ക്ക് 12.45 വരെയായിരുന്നു ആദ്യ ഷിഫ്റ്റ്. ഉച്ചയ്‌ക്ക് ഒന്നു മുതല്‍ വൈകുന്നേരം 5.15 വരെ രണ്ടാമത്തെ ഷിഫ്റ്റും. ഈ വിദ്യാലയങ്ങളിലെല്ലാം ധാരാളം മുസ്ലിം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും മുസ്ലീം സമുദായത്തില്‍ പെട്ടവര്‍. മദ്രസ പഠനം സംബന്ധിച്ച് അന്നൊന്നും കാണിക്കാത്ത ആശങ്കയാണ് സമസ്തയും ലീഗും ഇന്ന് പ്രകടിപ്പിക്കുന്നത്.
ഷിഫ്റ്റ് സമ്പ്രദായം നിലനിന്ന മൂന്നര പതിറ്റാണ്ടോളം കാലം കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരില്‍ കൂടുതല്‍ പേരും മുസ്ലീം ലീഗില്‍ നിന്നുള്ളവരാണ്. അതില്‍ ഏറ്റവുമധികം കാലം വിദ്യാഭ്യാസ മന്ത്രിയായിരുന്നത് സി.എച്ച്. മുഹമ്മദ് കോയയും (1967-1973, 1977- 9 മാസം, 1978-1979). ചാക്കീരി അഹമ്മദ്കുട്ടി (1973-1977), യു.എ. ബീരാന്‍ (1978- 10 മാസം), ഇ.ടി. മുഹമ്മദ് ബഷീര്‍ (1991-1996, 2004- 2006), നാലകത്ത് സൂപ്പി (2001-2004), പി.കെ. അബ്ദുറബ്ബ് (2011-2016). അബ്ദുറബ്ബ് മന്ത്രിയാകുമ്പോഴേക്കും കേരളത്തിലെ സ്‌കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏതാണ്ട് പാടെ മാറിയിരുന്നു.
ഷിഫ്റ്റ് സമ്പ്രദായം വ്യാപകമായിരുന്ന കാലത്തും സമസ്ത സജീവമായി തന്നെ കേരളത്തിലുണ്ടായിരുന്നു. ഇപ്പോള്‍ പഠനസമയം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍, സ്‌കൂള്‍ സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ എന്നത് 9.45 മുതല്‍ 4.15 വരെ എന്ന് മാറ്റിയതിനെതിരെയാണ് സമസ്ത പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ചില മുസ്ലീം മതസംഘടനകളും മുസ്ലീം ലീഗും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഭാരതത്തില്‍ പൊതുവെ സ്‌കൂള്‍ സമയം രാവിലെ എട്ട് മണിക്കും ഒമ്പത് മണിക്കും ഇടയില്‍ ആരംഭിച്ച് വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കുന്ന തരത്തിലാണ്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ചിലയിടങ്ങളില്‍ വേനല്‍കാലത്ത് രാവിലെ 7.20ന് തുടങ്ങി ഉച്ചയ്‌ക്ക് 1.40ന് അവസാനിക്കുന്ന തരത്തിലും ശൈത്യകാലത്ത് രാവിലെ 7.50ന് തുടങ്ങി ഉച്ചയ്‌ക്ക് 2.10ന് അവസാനിക്കുന്ന തരത്തിലുമാണ് സമയക്രമം. വിദേശ രാജ്യങ്ങളില്‍ എല്ലായിടത്ത് രാവിലെ നേരത്തെയാണ് പഠനം ആരംഭിക്കുന്നത്. യുകെയില്‍ മിക്ക സ്‌കൂളുകളിലും രാവിലെ 8.30 ന് തുടങ്ങി വൈകിട്ട് 3ന് അവസാനിക്കുന്നു. ജപ്പാനിലും ഇതേ സമയക്രമമാണ്. ജര്‍മ്മനിയില്‍ രാവിലെ 7.30നാണ് ക്ലാസുകള്‍ തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: