കേളി കഴിഞ്ഞാല്‍ അധികം വൈകാതെ കളി എന്നതാണ് കഥകളിയിലെ ചിട്ട. തൃപ്പൂണിത്തുറയില്‍ അന്‍പതു വര്‍ഷം മുന്‍പ് അത്തരമൊരു കേളികൊട്ടുയര്‍ന്നു. അതു വനിതകളുടെ കഥകളി സംഘത്തേക്കുറിച്ചു വിളംബരം ചെയ്ത കേളിയായിരുന്നു. ഇന്നു രാവിലെയും അവിടെ കേളികൊട്ടുയരും. അത് ആ സംഘത്തിന്റെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിന്റേതാണ്. രണ്ടുനാള്‍ നീളുന്ന വനിതാ കലാമേളയുടെ കൊട്ടിയറിയിപ്പ്. പുരുഷന്മാര്‍ മാത്രം കൈകാര്യം ചെയ്തുപോന്ന കളിയരങ്ങിലേയ്‌ക്ക്, എതിര്‍പ്പുകളേയും വിലക്കുകളേയും മറികടന്നു വനിതകള്‍ സംഘമായി മുന്നേറിയതിന്റെ സുവര്‍ണ ജയന്തി.
കഥകളിയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്കു തീര്‍ത്തും പ്രധാന്യമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. പിന്നീട് സ്ത്രീ വേഷങ്ങള്‍ അരങ്ങിലെത്തിയെങ്കിലും അവതരിപ്പിക്കാന്‍ പുരുഷന്മാരായിരുന്നു. ആ കാലഘട്ടത്തിലാണ് ചവറ പാറുക്കുട്ടിയെപ്പോലുള്ള വനിതകള്‍ ഈ രംഗത്തേയ്‌ക്കു വന്നത്. ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം ഒട്ടനവധി വനിതാ കഥകളി സംഘങ്ങളുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാം മാതാവാണ് കലയുടെ ഈറ്റില്ലമായ തൃപ്പൂണിത്തുറയുടെ സ്വന്തം വനിതാ കഥകളി സംഘം. കഥകളിയില്‍ കേരളത്തിലെ ആദ്യ വനിതാ സംഘം.
1970 കാലഘട്ടങ്ങളില്‍ സ്‌കൂള്‍ യുവജനോത്സവങ്ങളിലെ കഥകളിയരങ്ങില്‍ സജീവസാന്നിധ്യമായിരുന്നു തൃപ്പൂണിത്തുറയിലെ രാധികാ വര്‍മ്മയും ശൈലജാ വര്‍മ്മയും. കഥകളിയോടുള്ള നിറഞ്ഞ അഭിരുചികൊണ്ടുതന്നെ രാധികാ വര്‍മ്മയുടെ അച്ഛന്‍ കെ.ടി. രാമവര്‍മ്മ, വനിതാ കഥകളിസംഘം എന്ന ആശയം കലാമണ്ഡലം കൃഷ്ണന്‍ നായരുമായി പങ്കുവച്ചു. ആ ആശയത്തെ ശിരസാവഹിച്ച് കഥകളി സംഘം രൂപീകരിക്കാനുള്ള എല്ലാ ആശിര്‍വാദവും ഇരുവരും ചേര്‍ന്നു നല്‍കുകയും ചെയ്തു. വനിതാ സംഘത്തിന്റെ ആദ്യ ബാച്ചില്‍ രാധികാ വര്‍മ്മ, മീരാ വര്‍മ്മ, ശ്രീമതി അന്തര്‍ജ്ജനം, രാധികാ അജയന്‍ എന്നിവര്‍ മൂന്നു മണിക്കൂര്‍ നീളുന്ന കഥകള്‍ അവതരിപ്പിച്ചു തുടങ്ങി. ഫാക്ട് പത്മനാഭനാണ് ഗുരു. അരങ്ങില്‍ അവതരിപ്പിക്കാന്‍ പാകമാകുന്നതു വരെയും ശേഷവും ശിഷ്യകള്‍ക്ക് പൂര്‍ണ്ണ പിന്‍തുണയായിരുന്നു ആശാന്‍ നല്‍കിയതെന്നും അക്കാലത്തെ സ്ത്രീകള്‍ക്ക് അനുഭവപ്പെട്ടിരുന്ന പല ബുദ്ധിമുട്ടുകളെയും പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തു എന്നത് പലര്‍ക്കും മാതൃകാപരമാണ്. സാമൂഹിക ചട്ടക്കൂടിനുള്ളില്‍ കഴിഞ്ഞിരുന്ന പലര്‍ക്കും തന്റെതായ ഇടം കണ്ടെത്താനും കഥകളിയെ പരിപോഷിപ്പിക്കാനും കഥകളി സംഘംകൊണ്ടു സാധിച്ചു. പല സ്ത്രീ വേദികളിലെയും നിറസാന്നിധ്യവും ശക്തിയുമായിരുന്ന ചവറ പാറുക്കുട്ടിയെ ഇന്നും ഈ വനിതാവൃന്ദം ഭക്ത്യാ ഓര്‍മ്മിക്കുന്നു. കഥകളി എന്ന കലാരൂപം രാത്രിയില്‍ മാത്രം അവതരിപ്പിച്ചു വന്നിരുന്ന കാലഘട്ടത്തില്‍ ഒരുസംഘം വനിതകളുമൊത്ത് യാത്ര എന്നത് വലിയ ചോദ്യ ചിഹ്നമായിരുന്നിട്ടും ഒപ്പമുണ്ടായിരുന്ന സതീ വര്‍മ്മയുടെ സാന്നിധ്യം ഇന്നും അംഗങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു.
1985ല്‍ ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യാ എന്ന പേരില്‍ അമേരിക്കയില്‍ നടന്ന പരിപാടിയില്‍ കലാമണ്ഡലം കൃഷ്ണന്‍നായര്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമന്‍കുട്ടിനായര്‍ എന്നിവര്‍ക്കൊപ്പം വനിതാ കഥകളി സംഘത്തിലെ പാര്‍വതി മേനോന്‍ കല്യാണസൗഗന്ധികത്തിലെ പാഞ്ചാലി വേഷംകെട്ടി. അതു തൃപ്പുണിത്തിറ വനിതാ കഥകളിസംഘത്തിന്റെ നാഴികക്കല്ലായിരുന്നു. 2017 ല്‍ രാഷ്ടപതിയില്‍ നന്ന്് നാരീശക്തി പുരസ്‌കാരം ലഭിച്ചു എന്നതും ഒര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കാനുണ്ട്. ഇന്ന് നിലവിലുള്ള കല്ലേക്കുളങ്ങര കഥകളിസംഘം തൃപ്പുണിത്തുറ സംഘത്തിന്റെ അടുത്ത തലമുറയായി കണക്കാക്കപ്പെടുന്നു. തൃപ്പുൂണിത്തുറയിലെ കളിക്കോട്ടയില്‍ ഇന്ന് അമ്പതാം വര്‍ഷം ആഘോഷിക്കുമ്പോഴും ഈ വനിതാ കഥകളി സംഘം, സാംസ്‌ക്കാരിക വിപ്ലവത്തിന്റെ ഉത്തമ ഉദാഹരണമായി നിറഞ്ഞു നില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: