Kerala

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിൽ

Published by

കോഴിക്കോട്: ഹേമചന്ദ്രന്‍ കൊലക്കേസ് പ്രതി നൗഷാദ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ കസ്റ്റഡിയില്‍. ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഉടൻ കേരളത്തിലെത്തിക്കും. വയനാട്ടില്‍ നിന്ന് കാണാതായ ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയാണ് നൗഷാദ്. ഇയാളുടെ കൊലപാതകം വർത്തയായപ്പോൾ ഹേമചന്ദ്രന്റേത് ആത്മഹത്യയാണെന്ന് വെളിപ്പെടുത്തി നൗഷാദ് ഫേസ്ബുക്ക് ലൈവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

കൊലപാതകം എന്ന് പറയുന്നത് തന്നെ തെറ്റാണെന്നും മൃതദേഹം കണ്ടപ്പോള്‍ മറ്റ് വഴിയില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് കുഴിച്ചിട്ടതെന്നും നൗഷാദ് പറഞ്ഞിരുന്നു. ചെയ്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും നാട്ടിലെത്തി പൊലീസില്‍ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കിയിരുന്നു.അതേസമയം ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയാണ് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

-->

തെറ്റുപറ്റിപ്പോയെന്ന് അന്വേഷണ സംഘത്തിന് നൗഷാദ് വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. സൗദി അറേബ്യയിലായിരുന്ന നൗഷാദിന്റെ വിസിറ്റിംഗ് വിസയുടെ കാലാവധി ഈ മാസം എട്ടിന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൗഷാദ് കേരളത്തിലേയ്‌ക്ക് മടങ്ങിയെത്തിയത്.ജൂണ്‍ 28നാണ് ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.

വയനാട് ചേരമ്പാടിയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നൗഷാദ് ഹേമചന്ദ്രനെ ട്രാപ്പ് ചെയ്താണ് വയനാട്ടിലേക്ക് കൊണ്ടുപോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിസിപി അരുണ്‍ കെ പവിത്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഹേമചന്ദ്രന്‍ നൗഷാദിന് പണം കൊടുക്കാനുണ്ടായിരുന്നുവെന്നും അത് വാങ്ങിയെടുക്കാനുള്ള വഴിയായിരുന്നു ട്രാപ്പെന്നും അദ്ദേഹം പറഞ്ഞു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by