Samskriti

ഉണങ്ങിയ തുളസി കത്തിച്ച് തീയാക്കി ആ തീകൊണ്ട് ദീപം തെളിയിച്ചാൽ അത്ഭുതഫലം

Published by

തുളസി വെറും ഒരു ചെടി മാത്രമല്ല. ലക്ഷ്മീദേവിയുടെ പ്രതിരൂപമായിട്ടാണ് തുളസിയെ കാണുന്നത്. പാരമ്പര്യശാസ്ത്രങ്ങൾ പരമപവിത്രമായ സ്ഥാനമാണ് തുളസിയ്‌ക്ക് നല്‍കുന്നത്. വിഷ്ണു പൂജയിൽ ഏറ്റവും പ്രധാനപ്പെട്ട തുളസിയ്‌ക്ക് വിഷ്ണുപ്രിയ എന്ന വിശേഷണവുമുണ്ട്. ഭക്തിപൂർവ്വമുള്ള തുളസി സമർപ്പണത്തിലൂടെ ദേവപ്രീതി പെട്ടെന്ന് ലഭിക്കുന്നു എന്നാണ് വിശ്വാസം.

പ്രഭാതത്തിലും, സന്ധ്യയിലും ശരീര ശുദ്ധിയ്‌ക്ക് ശേഷം തുളസി ശരീരത്തിൽ അരച്ചു പുരട്ടി വിഷ്ണുഭഗവാനെ പൂജിച്ചാൽ ആ ഒരു ദിവസം കൊണ്ടുതന്നെ നൂറുപൂജയുടെ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഉണങ്ങിയ തുളസി കത്തിച്ച് തീയാക്കി ആ തീകൊണ്ട് വിഷ്ണുഭഗവാന്റെ മുന്നിൽ നിലവിളക്കിൽ ദീപം തെളിയിച്ചാൽ ലഭിക്കുക ലക്ഷം ദീപം തെളിയിച്ചാലുണ്ടാകുന്ന പുണ്യഫലങ്ങളാണെന്നും പഴമക്കാര്‍ പറയുന്നു.

ഭവനങ്ങളിൽ തുളസിത്തറ നിർമ്മിച്ച് അതിൽ തുളസി വളർത്തുന്നത് ഐശ്വര്യപ്രദമാണ്. കൃഷ്ണ തുളസിയാണ് ഉത്തമമായത്. വീടിന്റെ കിഴക്കുഭാഗത്തായി പ്രധാന വാതിലിന് നേർക്ക് തുളസിത്തറ പണിതാൽ ഫലങ്ങൾ ഏറും. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഗൃഹത്തിന്റെ തറയിരിപ്പിൽ നിന്നും തുളസിത്തറ താഴ്ന്നുപോകുവാൻ പാടില്ലയെന്നതാണ്. ഒന്നിലധികം തൈകൾ തുളസിത്തറയിൽ നട്ടുവളർത്താം.

തുളസി നട്ടിരിക്കുന്ന മണ്ണ് ശുദ്ധമായി സംരക്ഷിക്കണം. നിത്യേന വെള്ളമൊഴിച്ച് കൊടുക്കണം. അശുദ്ധമെന്നു തോന്നുന്ന ഒന്നും തുളസിയുടെ മണ്ണിൽ നിക്ഷേപിക്കുകയും അരുത്. ദേവസമർപ്പണത്തിനായി തുളസിയില ഇറുത്തെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. തുളസിച്ചെടിക്ക് വെള്ളമൊഴിച്ചശേഷം, വിഷ്ണുഭഗവാനെ മനസ്സിൽ ധ്യാനിച്ച് തുളസിച്ചെടിയെ മൂന്നുതവണ പ്രദക്ഷിണം ചെയ്തിട്ടുവേണം തുളസി ഇല ഇറുത്തെടുക്കുവാൻ.

ഇങ്ങനെ ചെയ്യുമ്പോൾ തീർച്ചയായും ശരീരശുദ്ധി ഉണ്ടായിരിക്കണം.സന്ധ്യസമയത്ത് മന്ത്രജപങ്ങളോടെ തുളസിയെ വലംവയ്‌ക്കുന്നതും, തുളസിത്തറയിൽ സന്ധ്യാദീപം തെളിയിക്കുന്നതും മികച്ച ഫലങ്ങൾ നൽകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by