കഥകളി ലോകത്തെ ഗുരുശ്രേഷ്ഠനായിരുന്ന കലാമണ്ഡലം സി.ആര്‍. ആര്‍. നമ്പൂതിരിയുടെ പാത പിന്തുടര്‍ന്ന് കളിയരങ്ങില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍, ശ്രീമതി അന്തര്‍ജനത്തിന് പ്രായം 14. കാലം 1965. പെണ്‍കുട്ടികള്‍ക്ക് വീടിന് പുറത്തിറങ്ങണമെങ്കില്‍ ചോദ്യശരങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നവരോട് സമാധാനം പറയേണ്ട സാമൂഹികാന്തരീക്ഷം നില നിന്നിരുന്ന കാലം. അക്കാലത്താണ് കഥകളി പോലൊരു കലാരൂപത്തില്‍ ആത്മസമര്‍പ്പണം ചെയ്യാനൊരുങ്ങി ശ്രീമതിയുടെ കടന്നു വരവ്. കൂത്താട്ടുകുളത്തിനടുത്ത് ഇലഞ്ഞി ആലപുരം ചെറുവള്ളി മനയില്‍ ശ്രീദേവി അന്തര്‍ജനത്തിന്റെ മകള്‍. കലാലോകം അപ്പുവേട്ടന്‍ എന്ന് ആദരവോടെ വിളിച്ചിരുന്ന സി.ആര്‍. രാമന്‍ നമ്പൂതിരിയുടെ സഹോദരിയായിരുന്നു അമ്മ. യുവജനോത്സവത്തിനായി കഥകളി പഠിക്കണം എന്ന മോഹം അമ്മാവനെ ശ്രീമതി അറിയിച്ചു. അന്ന് എട്ടാം ക്ലാസിലായിരുന്നു പഠനം. അപ്പുവേട്ടന്‍ അന്ന് ഒറ്റപ്പാലത്ത് കേരള കലാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പഠിക്കാനായി അവിടേക്ക് വരട്ടെയെന്ന് കത്തെഴുതി ചോദിച്ചു. സ്‌കൂള്‍ അവധിക്കാലത്ത് ഇല്ലത്തു വച്ചു പഠിപ്പിക്കാം എന്നായിരുന്നു മറുപടി. പിന്നെ അമ്മാവന്റെ വരവിനായുള്ള കാത്തിരിപ്പായി. അങ്ങനെ തുടങ്ങിയതാണ് കഥകളി പഠനം. സ്‌കൂള്‍ യുവജനോത്സവ വേദിയില്‍ ഉത്തരാസ്വയംവരത്തിലെ അര്‍ജ്ജുനനെ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം. ഔപചാരികമായി ഏതെങ്കിലും ക്ഷേത്ര സന്നിധിയില്‍ അരങ്ങേറ്റം കുറിക്കുക എന്നത് ശ്രീമതിയുടെ കാര്യത്തില്‍ ഉണ്ടായില്ല. അന്നത്തെ ആ കൗമാരക്കാരിയുടെ ചുറുചുറുക്കോടെ ഈ എഴുപത്തിയഞ്ചാം വയസ്സിലും കഥകളി അരങ്ങുകളില്‍ നിറയുകയാണ് കലാമണ്ഡലം ഹൈമവതിയുടേയും ചവറ പാറുക്കുട്ടിയുടേയുമൊക്കെ പിന്‍ഗാമിയായ ശ്രീമതി അന്തര്‍ജനം.
തായമ്പക വിദഗ്ധനായിരുന്ന വാരപ്പെട്ടി കോട്ടയ്‌ക്കല്‍ മനയില്‍ ഇ.ഡി. ദാമോദരന്‍ നമ്പൂതിരിയുടേയും കൂത്താട്ടുകുളത്തിനടുത്ത് ഇലഞ്ഞി ആലപുരം ചെറുവള്ളി മനയില്‍ ശ്രീദേവി അന്തര്‍ജനത്തിന്റെയും മകളാണ് ശ്രീമതി അന്തര്‍ജനം. കലാപാരമ്പര്യത്താല്‍ സമ്പന്നമായിരുന്നു ഇരു കുടുംബങ്ങളും. അമ്മാത്ത്( അമ്മയുടെ വീട്) ആയിരുന്നു ബാല്യ-കൗമാരങ്ങള്‍ ചിലവഴിച്ചത്. കഥകളിയെ ജീവനായി കരുതിയിരുന്നവരായിരുന്നു അച്ഛന്റേയും അമ്മയുടേയും കുടുംബങ്ങള്‍. യുവജനോത്സവത്തില്‍ അവതരിപ്പിക്കാനാണ് കഥകളി പഠിച്ചതെങ്കിലും പിന്നീട് ശ്രീമതിക്ക് അതൊരു സപര്യയായി. സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പോലും മടിച്ചിരുന്ന കാലത്ത് അമ്മാവന്റെ പരിപൂര്‍ണ പിന്തുണയാണ് തന്നെ ഥകളി ലോകത്ത് നിലനിര്‍ത്തിയതിന് പിന്നിലെന്ന് ശ്രീമതി അന്തര്‍ജനം പറയുന്നു. രാവെളുക്കുവോളമുള്ള കഥകളി അരങ്ങുകളില്‍ അക്കാലത്തൊരു സ്ത്രീ സാന്നിധ്യം വിപ്ലവം തന്നെയായിരുന്നു. അതിന് ധൈര്യം പകര്‍ന്നത് അമ്മാവനായിരുന്നു. ഏട്ടന്‍ എന്ന് അമ്മ വിളിക്കുന്നത് കേട്ട് അമ്മാവനെ അപ്പുഏട്ടന്‍ എന്നു തന്നെ അനന്തരവളായ താനും വിളിക്കാന്‍ തുടങ്ങിയെന്ന് ശ്രീമതി അന്തര്‍ജനം പറയുന്നു. അമ്മാവനോട് ആരും ഒന്ന് എതിര്‍ത്ത് പറയില്ലായിരുന്നു. പരിപാടി കഴിയുമ്പോള്‍ അദ്ദേഹത്തോട് എല്ലാവരും നല്ല അഭിപ്രായങ്ങളായിരുന്നു പറഞ്ഞിരുന്നത്. തിക്താനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല.
കഥകളിക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട കുടുംബമായിരുന്നു ചെറുവള്ളി മന. അവിടെനിന്നു പഠിച്ചിറങ്ങിയവര്‍ പലരുണ്ട്. വന്നു താമസിച്ചു പഠിച്ചവരും ഏറെ. ആ ഗണത്തിലെ പ്രധാന കലാകാരിയായിരുന്നു ശ്രീമതി. കുഞ്ഞുണ്ണിയേട്ടന്‍ എന്നു ഏവരും സ്നേഹാദരവോടെ വിളിച്ചിരുന്ന മൂത്ത അമ്മാവന്റെ മകള്‍ സോയയും തുടക്കത്തില്‍ പഠനത്തിനു കൂട്ടായി ഉണ്ടായിരുന്നു.

പ്രധാന വേഷങ്ങള്‍
ചുവന്ന താടി ഒഴികെ ഒട്ടുമിക്ക വേഷങ്ങളും രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. പച്ച, കത്തി, കരി, വെള്ളത്താടി, സ്ത്രീ വേഷങ്ങള്‍ എല്ലാം കൈകാര്യം ചെയ്തു. അധികവും. സാത്വിക വേഷങ്ങളായ കൃഷ്ണന്‍, ഭീമന്‍, കര്‍ണന്‍, അര്‍ജുനന്‍, ധര്‍മപുത്രര്‍, നളന്‍, രജോഗുണ പ്രധാനമായ ദുര്യോധനന്‍, രാവണന്‍, കീചകന്‍, കരി വേഷമായ കാട്ടാളന്‍, മിനുക്ക് വേഷമായ ദമയന്തി, പഴുപ്പ് വേഷമായ ബലഭദ്രര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ശ്രീമതിയില്‍ ഭദ്രമായിരുന്നു. കൂടുതലും പുരുഷ വേഷങ്ങളായിരുന്നു. എന്നാല്‍ കല്യാണ സൗഗന്ധികത്തിലെ ഹനുമാനും നളചരിതത്തിലെ ഹംസവുമായിരുന്നു ഏറെ പ്രസിദ്ധം. ഹനുമാന്‍ വേഷം സാധാരണ സ്ത്രീകള്‍ കെട്ടാറില്ല. എന്നാല്‍ ആ വേഷത്തില്‍ കുറേക്കാലം തളച്ചിടപ്പെട്ടിട്ടുണ്ട് ശ്രീമതി അന്തര്‍ജനം. ചേഷ്ടകള്‍ കണ്ടാല്‍ തനി കുരങ്ങന്‍ തന്നെ എന്നാണ് കഥകളി ലോകത്തിലെ പ്രഗത്ഭര്‍ അഭിപ്രായപ്പെട്ടിരുന്നത്. കുരങ്ങിന്റേയും പക്ഷികളുടേയും ചേഷ്ടകള്‍ നിരീക്ഷിക്കുക, അത് കണ്ണാടിക്ക് മുന്നില്‍ നിന്ന് അഭിനയിച്ചു നോക്കുക ഇതൊക്കെയായിരുന്നു കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്ക് വേണ്ടി ശ്രീമതി അനുവര്‍ത്തിച്ചിരുന്നത്. സ്ത്രീകള്‍ പൊതുവെ കെട്ടാന്‍ വിമുഖത കാട്ടുന്ന നരകാസുരനെ (നരകാസുര വധം)അവതരിപ്പിക്കാനും അനായാസം കഴിഞ്ഞിരുന്നു. എന്നാല്‍ ബ്രാഹ്‌മണ, മുനി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടില്ല.
പ്രഗത്ഭര്‍ക്കൊപ്പം
അമ്മാവന്‍ സി.ആര്‍. രാമന്‍ നമ്പൂതിരിയുടെ ഗുരു ആയിരുന്ന വാഴേങ്കട കുഞ്ചു നായര്‍ ഒഴികെ, കഥകളി രംഗത്തെ മിക്കവാറും എല്ലാ കേമന്മാര്‍ക്കൊപ്പവും അരങ്ങ് പങ്കിട്ടു. കലാമണ്ഡലം ഗോപിയാശാനൊപ്പം ഹംസമായി വേഷമിട്ടു. രാമന്‍കുട്ടി ആശാന്റെ നളനൊപ്പം പുഷ്‌കരനായി. ഗോപിയാശാനൊപ്പം രുക്മാംഗദ ചരിതത്തില്‍ വിഷ്ണുവായിട്ടായിരുന്നു രംഗപ്രവേശം. യുവതലമുറയില്‍പ്പെട്ട കലാകാരന്മാര്‍ക്കൊപ്പം അധികം വേദികളിലെത്തിയിട്ടില്ല.
പരിശീലനം
നിത്യേനയുള്ള സാധകം പുലര്‍ച്ചെ മൂന്ന് മണിക്ക് തുടങ്ങും. മൂന്നുതൊട്ട് അഞ്ച് മണി വരെ കണ്ണ് സാധകം. നിലവിളക്ക് കൊളുത്തി വച്ച്, കണ്ണില്‍ ഉരുക്കിയ നെയ്യ് തേച്ച് കണ്ണുകള്‍ പലവിധം ചലിപ്പിക്കും. കണ്ണിനു നല്ല വഴക്കം വരണം. ഓരോ മുദ്രയ്‌ക്കും അനുസരിച്ച് അതിനൊത്ത ഭാവം വരണം. ഭാവാഭിനയത്തിന്റെ കേന്ദ്രബിന്ദു കണ്ണുകളാണ്. അതിനുള്ള അഭ്യാസമാണ് കണ്ണു സാധകം. വിളക്കിനു മുന്നില്‍ വച്ചുവേണം ഇത് പരിശീലിക്കാന്‍. തുടര്‍ന്ന് ഏഴ് മണിവരെ കാല് സാധകം. പിന്നീട്, മെയ് വഴക്കത്തിനും ശരീരചലനങ്ങള്‍ക്ക് അനായാസത കൈവരുത്താനുമുള്ള മെയ്‌പ്പുറപ്പാട് അഭ്യസിക്കും. ഇത് നിത്യവുമുള്ള പരിശീലനമായിരുന്നു. കഠിനമാണ് ഈ കാലയളവ്. സ്‌കൂള്‍ അവധിക്കാലത്ത് പരിശീലനത്തിന്റെ ദൈര്‍ഘ്യം നീളും. നിത്യവും ഉള്ള സാധകത്തിന് പുറമെ രാവിലെ 9.30 മുതല്‍ ഇളകിയാട്ടം. മുദ്രകാണിച്ച് മനോധര്‍മ്മമനുസരിച്ചുള്ള അഭിനയമാണിത്. രാത്രിയിലാണ് ഭാവരസങ്ങള്‍(നവരസങ്ങള്‍) പരിശീലിക്കുന്നത്. കൈമുദ്രകള്‍ക്കൊക്കെ ഭംഗിയേറ്റുന്നതും രാത്രി 7.30 മുതല്‍ 9.30 വരെയുള്ള അഭ്യാസത്തിലൂടെയാണ്. പൊടിയരിക്കഞ്ഞി, നെയ്യ്, ചുട്ട പപ്പടം, തേന്‍ ഇതൊക്കെയാണ് ഭക്ഷണം.

തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തില്‍
50 വര്‍ഷം മുമ്പ് 1975 ല്‍ തൃപ്പൂണിത്തുറയില്‍ തുടക്കമിട്ട വനിതാ കഥകളി സംഘത്തിന്റെ അമരക്കാരിയായിരുന്നു ശ്രീമതി അന്തര്‍ജനം. പുരുഷാധിപത്യം നിലനിന്ന കഥകളി രംഗത്ത് സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. രാധിക വര്‍മ്മയും ശൈലജ വര്‍മ്മയുമായിരുന്നു വേഷത്തിന് കൂട്ട്. പാട്ടുകാരായിട്ട് സദനം പത്മിനിയും സദനം നളിനിയും. കൊല്ലം സ്വദേശി നവരംഗം വിജയമണിയായിരുന്നു ചെണ്ട. ഇവരുടെ സഹോദരന്‍ കലാമണ്ഡലം വേണുക്കുട്ടനായിരുന്നു മദ്ദളം. ഹനുമാനായിട്ടായിരുന്നു വനിതാ സംഘത്തിനൊപ്പം കൂടുതല്‍ അരങ്ങത്തെത്തിയത്.
സുവര്‍ണ സുഷമം എന്ന പേരില്‍ ഈ മാസം (ജൂലൈ)12, 13 തീയതികളില്‍ തൃപ്പൂണിത്തുറ കളിക്കോട്ട പാലസില്‍ നടക്കുന്ന സുവര്‍ണ ജൂബിലി ആഘോഷത്തില്‍ ബാണയുദ്ധത്തിലെ ചിത്രലേഖയായി ശ്രീമതി അന്തര്‍ജനം അരങ്ങിലെത്തും.
ഓര്‍മയില്‍ ഒരു മുത്തശ്ശിയും തീവണ്ടി യാത്രയും
വാരപ്പെട്ടിയിലെ അച്ഛന്റെ തറവാട്ടില്‍ കഥകളി നടക്കുന്ന സമയം. ഭീമസേനനായിട്ടാണ് അന്ന് വേഷം. ചുട്ടിക്കാരന്റെ മുന്നില്‍ ചുട്ടികുത്താന്‍ കിടക്കുന്ന വേളയില്‍ ഒരു മുത്തശ്ശി വന്ന് താടിക്ക് കൈകൊടുത്തൊരു പറച്ചില്‍, രാമ, രാമ, രാമ…എനിക്കൊന്നും പറയാനില്ല. പ്രായമായ പെണ്‍കുട്ടി ദാ ചുട്ടിക്കാരന്റെ മടിയില്‍ തല വച്ചുകിടിക്കുന്നു എന്ന് പറഞ്ഞൊരു പോക്ക്. നേരെ ചെന്ന് അമ്മാവന്റെ അടുത്ത് പറഞ്ഞു. അമ്മാവന്‍ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ചെറുവള്ളിക്ക് പിന്നെ എന്തും ആവാല്ലോ എന്ന് പറഞ്ഞ് ആ മുത്തശ്ശി പോയി. പിന്നീടൊരിക്കല്‍ തൃപ്പൂണിത്തുറ വനിതാ സംഘത്തിനൊപ്പം പരിപാടി അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ നേരം വൈകി. ട്രെയിനിലായിരുന്നു മടക്കയാത്ര. ട്രെയിന്‍ പിടിക്കാന്‍ ഉടുത്തുകെട്ടു മാത്രം അഴിച്ച്, ചമയങ്ങളൊന്നും മായ്‌ക്കാതെ ഒരു പാച്ചില്‍. ട്രെയിനിലുള്ളവരുടെയെല്ലാം കൗതുകം നിറഞ്ഞ നോട്ടം ഇന്നും മനസ്സിലുണ്ട്.
ഊര്‍ജ്ജപ്രവാഹമാകുന്ന വേദികള്‍
ഇതിനോടകം എത്ര വേദികള്‍ എന്ന് ശ്രീമതിക്ക് നിശ്ചയമില്ല. കേരളത്തിന് അകത്തും പുറത്തുമായി നിരവധി വേദികള്‍. എത്ര വയ്യെങ്കിലും അണിയറയിലെത്തിയാല്‍ പുതു ഊര്‍ജ്ജം കൈവരും. പ്രായം ഏറുമ്പോഴും ഊര്‍ജ്ജസ്വലതയക്ക് തെല്ലും കുറവില്ല. വേദിയിലെത്തിയാല്‍ കഥാപാത്രവുമായി ഇണങ്ങിച്ചേരും. ദക്ഷയാഗത്തിലെ ദക്ഷനെയാണ് അവതരിപ്പിക്കേണ്ടതെങ്കില്‍ പിന്നെ ദക്ഷനാണ് താനെന്ന് സ്വയം തോന്നും. അതാണ് കഥാപാത്ര വിജയത്തിന്റെ രഹസ്യം.
നിറഞ്ഞ സദസ്സുകളാണ് മറ്റൊരു ഊര്‍ജ്ജം. അരങ്ങത്തുനിന്ന് ഇറങ്ങിയാലും ആസ്വാദകര്‍ക്ക് മുന്നില്‍ ഹനുമാനും ഭീമനും ഒക്കെയാണ് താനെന്ന് ശ്രീമതി പറയുന്നു. കഥകളി ചിട്ടകളില്‍ കല്ലുവഴി ചിട്ടയാണ് പിന്തുടരുന്നത്. കപ്ലിങ്ങാടന്‍ ശൈലിയില്‍ നിന്ന് കല്ലുവഴി ചിട്ടയെ വേറിട്ടു നിര്‍ത്തുന്നത് മുദ്രയിലെ ചില വ്യത്യാസങ്ങളും ഒതുങ്ങിയുള്ള കളിയുമാണ് എന്നതാണ്.
ഒരിക്കല്‍ ആകാശവാണിയില്‍ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ കഥകളി അവതരിപ്പിച്ചുകഴിഞ്ഞ് ഒരാള്‍ വന്നു പറഞ്ഞത് ശരിക്കും ഹരിപ്പാട് തന്നെ എന്നാണ്. ശ്രീമതിക്ക് കാര്യ.ം മനസ്സിലായില്ല. വീട്ടിലെത്തി അമ്മാവനോട് പറഞ്ഞപ്പോഴാണ് അവര്‍ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായത്. ഹരിപ്പാട് രാമകൃഷ്ണപിള്ളയോടാണ് അവര്‍ ശ്രീമതിയെ ഉപമിച്ചത്. അദ്ദേഹമാവട്ടെ കപ്ലിങ്ങാടന്‍ ചിട്ട പിന്തുടരുന്ന ആളും.
പാരമ്പര്യത്തിന്റെ കണ്ണികള്‍
ശ്രീമതി അന്തര്‍ജനത്തിന്റെ സഹോദരന്‍ കലാമണ്ഡലം രാമന്‍ നമ്പൂതിരി കളിയരങ്ങിസലെ പ്രമുഖ ചെണ്ട കലാകാരനാണ്. അദ്ദേഹത്തിന്റെ മകന്‍ കെ.ആര്‍. പ്രവീണിന്റെ ഇരട്ടക്കുട്ടികളായ ഊര്‍മിളയും ഉത്തരയും കഥകളിയില്‍ അടുത്തിടെ അരങ്ങേറ്റം കഴിഞ്ഞു. കഥകളിയിലെ ആ പാരമ്പര്യത്തിന്റെ കണ്ണികള്‍ നീളുകയാണ്.
കുടുംബം
കൊല്ലം കല്ലടയില്‍ മുളപ്പമണ്‍ മഠത്തിലെ എം.എം. നാരായണ ഭട്ടതിരിയായിരുന്നു ഭര്‍ത്താവ്. കളിയോഗം ഒക്കെ ഉണ്ടായിരുന്ന കുടുംബമാണ്. വിവാഹം കഴിഞ്ഞാലും കഥകളിക്ക് വിടണം എന്ന ഒറ്റ നിബന്ധനമാത്രമേ ശ്രീമതിക്കുണ്ടായിരുന്നുള്ളൂ. അത് അദ്ദേഹം അക്ഷരംപ്രതി പാലിച്ചു. പ്രോത്സാഹനവുമായി കൂടെ നിന്നു. 2023 ലെ ഓണക്കാലത്തായിരുന്നു ഭട്ടതിരിയുടെ വിയോഗം. ഉത്രാടത്തിന്റെ അന്ന് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ പകരക്കാരനായി പൂജയ്‌ക്ക് പോയതാണ്. പിന്നീട് കാണുന്നത് ഭഗവത് ബിംബത്തോട് ചേര്‍ന്ന് ബോധരഹിതനായി കിടക്കുന്നതാണ്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ തിരിച്ചുപിടിക്കാനായില്ല. ആ വിയോഗം ശ്രീമതി അന്തര്‍ജനത്തെ വല്ലാതെ ഉലച്ചു. എങ്കിലും കഥകളിക്കായി ആത്മാര്‍പ്പണം ചെയ്ത ജീവിതത്തെ വേദന മുക്തമാക്കുവാന്‍ കഥകളിയെത്തന്നെ ഔഷധക്കൂട്ടാക്കുകയാണ് ശ്രീമതി അന്തര്‍ജനം. അരുണ്‍ വൈശാഖാണ് മകന്‍.
പുരസ്‌കാരങ്ങള്‍
2016 ലെ നാരീശക്തി പുരസ്‌കാരം തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തിലെ ശ്രീമതി ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കായിരുന്നു. പ്രണബ് മുഖര്‍ജിയാണ് സമ്മാനിച്ചത്. രാധിക വര്‍മയായിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങിയത്. തപസ്യയുടേയും .യോഗക്ഷേമ സഭയുടേയും പുരസ്‌കാരങ്ങളും ലഭിച്ചു. നിരവധി ക്ഷേത്രങ്ങളില്‍ നിന്നും ക്ലബ്ബുകളില്‍ നിന്നുമുള്ള അംഗീകാരങ്ങള്‍ എന്നിവ ഇപ്പോഴും തേടി എത്തിക്കൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: