അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തില്‍ സംഘനിര്‍ദ്ദേശമനുസരിച്ചാണ് ഞാനുള്‍പ്പടെ 12 പേര്‍ പ്രകടനം നടത്തിയത്. 1975 നവംബര്‍ 19 ന് ശ്രീമൂലനഗരം കിണര്‍ സ്‌റ്റോപ്പില്‍നിന്നും (ഇന്ന് കാനറാ ബാങ്ക് ഇരിക്കുന്ന സ്ഥലം) ഭാരത്മാതാ കീ ജയ്, സംഘനിരോധാനം പിന്‍വലിക്കുക, മഹാത്മാഗാന്ധി കീ ജയ് എന്നീ മുദ്രാവക്യങ്ങള്‍ മുഴക്കിക്കൊണ്ട് തികച്ചും സമാധാനപരമായിട്ടായിരുന്നു പ്രകടനം.
രാവിലെ 10 മണിയോടെ എവിടെനിന്നോ ഒരു പോലീസ് ജീപ്പ് ചീറിപ്പാഞ്ഞു വന്നു. ശ്രീമൂലനഗരത്തെ അങ്ങാടിക്കടുത്ത് വച്ച് ഞങ്ങളെ വളഞ്ഞ് ജീപ്പില്‍ തള്ളിക്കയറ്റി നേരെ കാലടി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ആ സമയം മുതല്‍ അവിടെ ഉണ്ടായിരുന്ന പോലീസുകാരെല്ലാം ഞങ്ങളുടെ മേല്‍ മര്‍ദനം തുടങ്ങി. ലീഡര്‍ എന്ന നിലയില്‍ എനിക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ പീഡന മുറകള്‍ നേരിടേണ്ടിവന്നു.
സ്‌റ്റേഷനില്‍ കയറ്റിയ ഉടനെ അവിടെ ഉണ്ടായിരുന്ന പോലീസുകാരന്‍ എന്റെ ഇടത്തെ ചെകിടത്ത് ആഞ്ഞടിച്ചു. ചെവിയില്‍ നിന്ന് ചോര ഒഴുകി. ഇതുകണ്ട് എന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ കരഞ്ഞുകൊണ്ട് പോലീസിനോട് ഇനി ഈ ചേട്ടനെ അടിക്കരുത് എന്നു പറഞ്ഞു. എന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇഎന്‍ടി സര്‍ജനെ കാണിച്ചു. ഇയാളുടെ ചെവി ഇനി ശരിയാകില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കേള്‍വിക്കുറവുണ്ടാകുമെന്നും പറഞ്ഞു. ഇപ്പോഴും എന്റെ ഇടത് ചെവി കേള്‍ക്കില്ല.
പോലീസ് സ്‌റ്റേഷനില്‍വച്ച് ശാഖയിലെ തവളച്ചാട്ടം കാണിച്ച് തരാന്‍ പോലീസ് പറഞ്ഞിരുന്നു. ഞാന്‍ അതുപോലെ ചാടുമ്പോള്‍ പോലീസ് മുട്ടുകാലുകൊണ്ട് എന്റെ മുതുകില്‍ ചവിട്ടി. ഞാന്‍ കമഴ്ന്നു വീഴുന്നത് കാണുന്നത് അവര്‍ക്കൊരു ഹരമായിരുന്നു.
എന്റെ കൂട്ടത്തിലുണ്ടായിരുന്നവരില്‍ ഇന്ന് ആറുപേരാണ് ജീവിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ നമ്മെ വിട്ടുപിരിഞ്ഞു.















