കോഴിക്കോട്ടെ പ്രശസ്തമായ ത്യാഗരാജ ആരാധന മഹോത്സവത്തില്‍ ഒരിക്കല്‍ തിരുവെങ്കാട് ജയരാമന്റെ കച്ചേരിക്ക് പക്കം വായിച്ചത് പാലക്കാട് രഘു സാറായിരുന്നു. അക്കാലത്ത് മൃദംഗസാധകത്തിന്റെ നിലീന ഭംഗികളിലേയ്ക്ക് മിഴി തുറന്നു തുടങ്ങിയിരുന്ന എന്നെ വ്യക്തതയും ഘനഗാംഭീര്യവും ഒരുപോലെ മേളിച്ച ആ മൃദംഗവാദന രീതി ഒട്ടല്ലാ കവര്‍ന്നത്. ആദ്യ ഇനമായി ജയരാമന് പാടിയ രൂപകതാളത്തിലുള്ള കൃതിക്ക് രണ്ടു മൂന്നു താളവട്ടങ്ങളില്‍ സാധാരണ വായിക്കുന്ന നടകള്‍ തലതിരിച്ച് – പ്രതിലോമമായി – വായിച്ചതിന്റെ സൗകുമാര്യം അമ്പരപ്പിക്കുന്നതും അന്യാദൃശവുമായിരുന്നു.
എഴുപതുകളില്‍ എപ്പോഴോ കേന്ദ്ര സര്‍ക്കാരിന്റെ ഫിലിംസ് ഡിവിഷന് താളത്തെ കുറിച്ചും താളവാദ്യങ്ങളെ കുറിച്ചും മനോഹരമായ ഒരു വാര്‍ത്താചിത്രം പുറത്തിറക്കിയിരുന്നു. ഒരു മൃദംഗ വിദ്വാന് ഏറ്റവും അടിസ്ഥാനമായ പാഠക്കൈകള്‍ സാധകം ചെയ്യുന്ന മധുരരമായ സൗണ്ട്ട്രാക്ക് ആ ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. പാലക്കാട് രഘു സാറിന്റെ മൃദംഗസാധകമായിരുന്നു അതിനുപയോഗിച്ചത്. ഇത് കേള്‍ക്കാന്‍ വേണ്ടി കോഴിക്കോട്ടെ പ്രശസ്തമായ രാധാ തിയേറ്ററില്‍ രണ്ടു പ്രാവശ്യം ഒരേ സിനിമ പോയി കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു.
രാമസ്വാമി അയ്യരുടെയും അനന്തലക്ഷ്മി അമ്മാളിന്റെയും മകനായി 1928 ജനുവരി 9-ന് റംഗൂണിലാണ് പാലക്കാട് രഘു ജനിച്ചത്. ഗണിതശാസ്ത്ര ബിരുദധാരിയായ അദ്ദേഹം സങ്കീര്‍ണ്ണമായ കണക്കുകള്‍ വായിക്കുന്നതില്‍ ഏറെ ശുഷ്ക്കാന്തിയും വൈദഗ്ധ്യവും കാണിച്ചിരുന്നതില്‍ പിന്നെന്തിന് അതിശയിക്കണം!
വളരെ ചെറുപ്പത്തില്‍ തന്നെ സവിശേഷമായ സംഗീതാഭരുചി പ്രകടിപ്പിച്ച രഘു തിന്ന്യം വെങ്കിടരാമയ്യരുടെയും ട്രിച്ചി രാഘവയ്യരുടെയും ശിക്ഷണത്തില്‍ മൃദംഗ സാധകത്തിന് ഹരിശ്രീ കുറിച്ചു.
പിന്നീട് പാലക്കാട് മണി അയ്യരുടെ ശിഷ്യത്വവും ദീര്‍ഘകാലം തുടര്‍ന്നു. ദീര്‍ഘവും ഗതിവ്യതിയാനസമ്പന്നവുമായ കോരുവകള്‍ കൊണ്ട് സമൃദ്ധവും ചൊല്‍ക്കെട്ടുകളുടെ വ്യക്തത കൊണ്ട് സംശുദ്ധവുമായ മൃദംഗവാദന ശൈലി ഇതിനകം വികസിപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.
പാലക്കാട് മണി അയ്യരുടെ പ്രോത്സാഹനത്തില്‍ വായ്പ്പാട്ട് സാധകം ചെയ്തു വന്ന പാലക്കാട് കെ വി നാരായണ സ്വാമിയുമായുള്ള സൗഹൃദം രഘുവിന്റെ സംഗീതജീവിതത്തിന് ബലവും ഊര്‍ജ്ജവും ഒട്ടല്ല പകര്‍ന്നത്. ഇവരിരുവരും വി വി സുബ്രഹ്മണ്യവുമായി ചേര്‍ന്ന് ഏറെ രസികരെ ആകര്‍ഷിച്ച കൂട്ടുകെട്ടായി കാലക്രമത്തില്‍ ഉരുത്തിരിഞ്ഞു വരികയാണ് ഉണ്ടായത്.
ചൊല്‍ക്കെട്ടുകളുടെ വ്യക്തതയും ഗുമുക്കിയുടെ ഘനഗാംഭീര്യവും പാലക്കാട് രഘുവിന്റെ മൃദംഗവാദന രീതിയുടെ തനത് ഭംഗികളായിരുന്നു. തഞ്ചാവൂര്‍ ബാണിയില്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വിരലുകളുടെ സ്ഥാനത്തിന്റെ ഭംഗി രഘു സാറിന്റെ വാദനത്തില്‍ വ്യക്തമായി കാണാന്‍ കഴിയുമായിരുന്നു.
ഗണിതത്തിലുള്ള തന്റെ അറിവ് ഭംഗിയും വ്യതിരിക്തതയുമുള്ള അനേകം കോരുവകകള് (മൃദംഗവാദനത്തിലെ പ്രധാനപ്പെട്ട ഒരു സാങ്കേതികാംശമാണ് കോരുവ) സൃഷ്ട്ടിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. അല്പം സങ്കീര്‍ണ്ണവും ഏഴക്ഷരകാലത്തില് നിബദ്ധവുമായ മിശ്ര ചാപ്പു താളത്തില്‍ തനിയാവര്‍ത്തനം വായിക്കാന്‍ പാലക്കാട് രഘു സാറിനുണ്ടായിരുന്ന ഉത്സാഹം കര്‍ണ്ണാടക സംഗീത ലോകത്ത് പ്രസിദ്ധമായിരുന്നു.
പ്രമുഖ വൈണികരായിരുന്ന കെ എസ് നാരായണ സ്വാമിയും ആര് വെങ്കിട്ടരാമനും ലോക പ്രശസ്ത വയലിനിസ്റ്റ് യെഹൂദി മെനുഹിന്റെ ക്ഷണമനുസരിച്ച് ഇംഗ്ലണ്ടിലും സ്ക്കോട്ട്ലണ്ടിലും കച്ചേരി ടൂറുകള്‍ നടത്തിയപ്പോള്‍ മൃദംഗം വായിച്ചത് പാലക്കാട് രഘുവാണ്. ടൂറിനിടയില്‍ കൊളംബിയ എന്ന കമ്പനി തയ്യാറാക്കിയ വീണ എല്‍ പി റെക്കാര്‍ഡില്‍ മെനുഹിനും രഘുസാറും കൂടി മിശ്ര ചാപ്പു താളത്തിന്റെ അംഗോപാംഗ വിവരണം നടത്തുന്നത് ഏറെ കൗതുകകരമാണ്. ഈ റെക്കോര്‍ഡില്‍ മിശ്ര ചാപ്പു താളത്തില്‍ സാധാരണ വായിക്കുന്ന ഒരു ഇറുതി കോരുവയ്ക്ക് (തനിയാവര്‍ത്തനത്തില്‍ അവസാനം വായിക്കുന്നത്) രഘു സാര്‍ വരുത്തിയിരിക്കുന്ന കൊച്ചു വ്യതിയാനവും വലന്തലയില്‍ ചാപ്പ് സ്വരം പ്രതിധ്വനിപ്പിച്ചു കൊണ്ട് ഇത് അവതരിപ്പിച്ചിരിക്കുന്നതിന്റെ അഴകും വര്‍ണ്ണനാതീതമാണ്.
ഗണിതത്തിലുള്ള ഔപചാരികമായ ബിരുദവും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവും കാരണം പാലക്കാട് രഘു പല പാശ്ചാത്യ സര്‍വ്വകലാശാലകളിലും ക്ലാസ്സെടുത്തിട്ടുണ്ട്. കണക്ടികട്ട് വെസ്ലിന് സര്‍വകലാശാല, സാന്‍ഡിയാഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ബര്‍ക്ക്ലി എന്നിവിടങ്ങളില്‍ അദ്ദേഹം വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ സി നരേന്ദ്രന്, തിരുവനന്തപുരം വൈദ്യനാഥന്, കെ പി അനില്‍കുമാര്‍, ബോംബേ ബാലാജി, കല്ലടക്കുറിച്ചി ശിവകുമാര്‍, മനോജ്ശിവ തുടങ്ങിയവരും പൗത്രനും പുതു തലമുറയിലെ പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞരില്‍ ഒരാളുമായ അഭിഷേക് രഘുറാമും പാലക്കാട് രഘുവിന്റെ ശിഷ്യരില്‍ പ്രമുഖരാണ്.
പാലക്കാട് രഘുവിന് 1979-ല്‍ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും 1985-ല്‍ പത്മശ്രീ പുരസ്ക്കാരവും ലഭിച്ചു.
പാലക്കാട് മണി അയ്യര്‍ പുരസ്കാരം, മൃദംഗ ചക്രവര്‍ത്തി പുരസ്കാരം, കലൈമാമണി, സംഗീത ചൂഢാമണി എന്നിവയും അദ്ദേഹത്തിന് ലഭിച്ചു. മ്യൂസിക്ക് അക്കാദമിയുടെ സംഗീതകലാനിധി പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത് 2007-ലാണ്. 2009 ജൂണ്‍ രണ്ടിന്, 81-ാം വയസ്സ് പിന്നിട്ടപ്പോള്‍ പ്രതിഭാധനനും മൃദംഗത്തിന്റെ വ്യക്തതയ്ക്ക് മങ്ങലില്ലാത്ത മാംഗല്യം അണിയിച്ച വിദ്വാനുമായിരുന്ന പാലക്കാട് രഘു വിഷ്ണുപദം പൂകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: