Kerala

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

.ശാസ്ത്രവും രോഗിയുടെ ജീവിതവും ഒത്തു ചേരുന്നതാണ് ചികിത്സയുടെ അടിത്തറ

Published by

കോഴിക്കോട്: ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി (ഐസിസി) കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം, ഐസിസി കോണ്‍ 2025, റാവിസ് കടവില്‍ ആരംഭിച്ചു.

രണ്ട് ദിവസത്തെ പരിപാടിയില്‍ കാര്‍ഡിയോളജിയിലെ പുരോഗതി, വികസിച്ചുകൊണ്ടിരിക്കുന്ന ചികിത്സാ രീതികള്‍, കാര്‍ഡിയാക് കെയറിലെ വെല്ലുവിളികള്‍ എന്നിവ ചര്‍ച്ചാ വിഷയമാവും.

സമ്മേളനത്തിന്റെ ഉദ്ഘാടനം ഐസിസി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. സുരേഷ് കെ. നിര്‍വ്വഹിച്ചു.ശാസ്ത്രവും രോഗിയുടെ ജീവിതവും ഒത്തു ചേരുന്നതാണ് ചികിത്സയുടെ അടിത്തറ. നൂതന സാങ്കേതിക വിദ്യയും ചര്‍ച്ചകളും ചികിത്സകള്‍ സുരക്ഷിതവും ലളിതവും എല്ലാവര്‍ക്കും ലഭ്യവുമാക്കുന്ന ലക്ഷ്യത്തിലൂന്നിയാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക ഹൃദ്രോഗ പരിചരണ രീതികളും സാങ്കേതികവിദ്യകളെയും കുറിച്ച് പൊതുജനാവബോധം നിര്‍ണായകമാണെന്ന് ഡോ. സുരേഷ് പറഞ്ഞു.

ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. രാജീവ്.ഇ; ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. അരുണ്‍ ഗോപി; ഡോ. കെ.എച്ച്. ശ്രീനിവാസ, സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പ്ലാസിഡ് സെബാസ്റ്റ്യന്‍, ഐ.സി.സി കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. അനില്‍ റോബി, ഡോ. അര്‍ഷാദ് എം എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.

ഹൃദയ വാല്‍വ് രോഗത്തെ ചികിത്സിക്കുന്നതിനുള്ള ലളിതവും സുരക്ഷിതവും ഫലപ്രദവുമായ വഴികള്‍ സംബന്ധിച്ച് ഡോ. കെ.എച്ച്. ശ്രീനിവാസ മുഖ്യ പ്രഭാഷണത്തില്‍ സംസാരിച്ചു.ഓപ്പണ്‍-ഹാര്‍ട്ട് സര്‍ജറിക്ക് പകരം, ഇമേജിംഗ് ഉപകരണങ്ങള്‍ വഴി ചെറിയ സുഷിരത്തിലൂടെ പുതിയ വാല്‍വ് ഘടിപ്പിക്കാന്‍ സാധിക്കുന്ന അയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്മെന്റ് സാങ്കേതിക വിദ്യക്ക് പ്രചാരം ലഭിച്ചു കഴിഞ്ഞു. വാല്‍വ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടാന്‍ വൈകരുതെന്ന് അദ്ദേഹം പറഞ്ഞു.

ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. രാജീവ് ഇ. വിവിധ ഹൃദയവാല്‍വ് മാറ്റി വെക്കല്‍ സാങ്കേതികവിദ്യകളെക്കുറിച്ച് സംസാരിച്ചു. റോബോട്ടിക് സാങ്കേതിക വിദ്യകളും വാല്‍വ് ചികിത്സയില്‍ വലിയ വിപ്ലവം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബിരുദാനന്തര ബിരുദ അക്കാഡമിക് സെഷനുകള്‍, ഗവേഷണ അവാര്‍ഡുകള്‍, ഇന്റര്‍വെന്‍ഷണല്‍ ടെക്‌നിക്കുകളെക്കുറിച്ചുള്ള വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന ശാസ്ത്ര പരിപാടികളെപ്പറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. അരുണ്‍ ഗോപി വിശദീകരിച്ചു.

ജന്മനായുള്ള ഹൃദ്രോഗങ്ങള്‍, ഹൃദയാഘാതത്തിനു ശേഷമുള്ള ചികിത്സ, അക്യൂട്ട് കൊറോണറി സിന്‍ഡ്രോം എന്നിവ ഉള്‍ക്കൊള്ളുന്ന ബിരുദാനന്തര പഠന സെഷനുകള്‍ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലിപിഡ് മാനേജ്‌മെന്റ്, കാല്‍സിഫൈഡ് ബ്ലോക്കുകള്‍, IVUS, OCT പോലുള്ള ഇമേജിംഗ് സാങ്കേതിക വിദ്യകള്‍ എന്നിവയെക്കുറിച്ച് വിദഗ്‌ദ്ധ ചര്‍ച്ചകള്‍ ആദ്യ ദിവസം നടന്നു.

രണ്ടാം ദിവസം നൂതന ഹൃദ്രോഗ മരുന്നുകള്‍, കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് വിലയിരുത്തലും ഉള്‍പ്പെടുത്തും. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയില്‍ നിര്‍മ്മിതബുദ്ധിയുടെ പങ്ക്, ന്യൂക്ലിയര്‍ മെഡിസിന്‍ ഉപയോഗം, കീമോതെറാപ്പിയും ഹൃദയ പരിരക്ഷയും എന്നീ സുപ്രധാന സെഷനുകള്‍ നടക്കും.

പ്രായോഗിക പരിശീലനത്തിനായി ഒരുക്കിയ ശില്‍പശാലയില്‍ കാഠിന്യമേറിയ ബ്ലോക്കുകള്‍ പൊടിച്ചു കളയുന്ന റോട്ടബ്ലേഷന്‍, സെപ്റ്റല്‍ പഞ്ചറുകള്‍ തുടങ്ങിയ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അവാര്‍ഡു ദാന ചടങ്ങോടെ സമ്മേളനം സമാപിക്കും.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 300-ലധികം കാര്‍ഡിയോളജിസ്റ്റുകളും ദേശീയ ഫാക്കല്‍റ്റിയും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by