Article

കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ നാക്ക്

Published by

കോണ്‍ഗ്രസിന്റെ പാകിസ്ഥാനോടുള്ള ആഭിമുഖ്യം കാലാകാലങ്ങളില്‍ നമുക്ക് മുന്നില്‍ പ്രകടമാക്കപ്പെട്ടിട്ടുള്ളതാണ്. ഭാരതത്തെയും ഭാരതീയ സൈന്യത്തെയും അവഹേളിക്കുകയും, അന്താരാഷ്‌ട്ര സമൂഹത്തിനുമുന്നില്‍ രാഷ്‌ട്രത്തിന്റെ പ്രതിച്ഛായയ്‌ക്ക് കളങ്കം ചാര്‍ത്തുന്നതുമായ നിലപാടുകളാണ്, പലപ്പോഴും പാകിസ്ഥാന്റെ ഭാഷ്യം സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയില്‍ നിന്ന് പ്രകടമാകുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം നമ്മുടെ സൈന്യത്തില്‍ നിന്നും തെളിവുകള്‍ ആവശ്യപ്പെട്ടത് പാകിസ്ഥാനികളല്ല, മറിച്ച് പാകിസ്ഥാനില്‍ ഹാഫിസ് സയീദിനോളം സ്വീകാര്യത നേടിയെ രാഹുല്‍ ഗാന്ധിയാണ്.
പഹല്‍ഗാമില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൂരതയ്‌ക്ക് മെയ് ഏഴാം തീയതി ഭാരതം ചുട്ടമറുപടി നല്‍കിയപ്പോള്‍, രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നെഞ്ചിടിപ്പ് കൂടിയെന്നത് അവരുടെ പ്രതികരണങ്ങളില്‍ നിന്നും ശരീരഭാഷയില്‍ നിന്നും പകല്‍പോലെ വ്യക്തമായിരുന്നു. എഐസിസിക്ക് ശേഷം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുഖഭാവവും, വാക്കുകളിലെ പതര്‍ച്ചയും കണ്ട ഏതൊരാള്‍ക്കും, അദ്ദേഹത്തെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അലട്ടുന്ന യഥാര്‍ത്ഥ വേദന എന്താണെന്ന് തിരിച്ചറിയാന്‍ സാധിച്ചു. ഇത് കേവലം ഒരു തോന്നലല്ല, മറിച്ച് ഇക്കൂട്ടരുടെ മനസ്സ് പാകിസ്ഥാനോടൊപ്പം സഞ്ചരിക്കുന്നു എന്നതിന്റെ സ്ഥിരീകരണമാണ്.

പഹല്‍ഗാം ആക്രമണത്തിന് ശേഷം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായ പാകിസ്ഥാന്‍ അനുകൂല പ്രസ്താവനകള്‍

കോണ്‍ഗ്രസ് നേതാക്കളുടെ പാക് അനുകൂല പ്രസ്താവനകള്‍

1. സൈഫുദ്ദീന്‍ സോസ്: കോണ്‍ഗ്രസ് നേതാവായ സൈഫുദ്ദീന്‍ അഭിപ്രായപ്പെട്ടത് പഹല്‍ഗാം അക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാന്‍ പറഞ്ഞാല്‍ അത് അംഗീകരിക്കണം എന്നാണ്.
2. വിജയ് വഡെറ്റിവാര്‍, കോണ്‍ഗ്രസ്സ് എംഎല്‍എ: തീവ്രവാദികള്‍ കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടു എന്നത് മാധ്യമങ്ങളുടെ സൃഷ്ടി.
3. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ: പാകിസ്ഥാനെതിരെ യുദ്ധം ആവശ്യമില്ല
4. കോണ്‍ഗ്രസ് നേതാവ് താരീഖ് ഹമീദ് കര്‍റ : പാകിസ്ഥാനുമായി ചര്‍ച്ച മാത്രം മതി
5. ചരണ്‍ജിത്ത് സിങ് ചന്നി, കോണ്‍ഗ്രസ്സ് നേതാവ്: പാകിസ്ഥാനില്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി എന്നത് കള്ളം
6. കോണ്‍ഗ്രസ് നേതാവ് അജയ് റായ്: റഫാലില്‍ നാരങ്ങയും മുളകും തൂക്കിയിട്ട് വെറുതെ നിര്‍ത്തിയിട്ടെന്ന് പരിഹാസം.
7. രാഹുല്‍ ഗാന്ധി : ഇന്ത്യയുടെ എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടമായി? ഓപ്പറേഷന്‍ സിന്ദൂറിന്റെ തെളിവ് നല്‍കാനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം.
8.- കോണ്‍ഗ്രസ് നേതാവ് റോബര്‍ട്ട് വാദ്ര: പഹല്‍ഗാം ഭീകരാക്രമണത്തിന് കാരണം ഹിന്ദുത്വം.

രാജ്യ സുരക്ഷ, യുപിഎ- എന്‍ഡിഎ താരതമ്യം

കോണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ നേതാക്കന്മാരും ഭാരതത്തെ ശത്രു രാജ്യത്തിനു മുന്നില്‍ എറിഞ്ഞു കൊടുക്കാനാണ് ശ്രമിച്ചത്. എത്ര തീവ്രവാദ ആക്രമണങ്ങളാണ് യുപിഎ ഭരണകാലത്ത് ഭാരതത്തില്‍ അരങ്ങേറിയത്! നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് മന്ദിരം പോലും തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടു. ചെറുവിരല്‍ അനക്കാനോ പ്രതിരോധ മേഖലയ്‌ക്കായി കാര്യമായി എന്തെങ്കിലും ചെയ്യാനോ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിച്ചിട്ടില്ല എന്നത് കേവലം കഴിവുകേട് മാത്രമല്ല, ശത്രു രാജ്യത്തിന്റെ ഇംഗിതമാണോ അന്നത്തെ ഭരണ നേതൃത്വം നടപ്പിലാക്കാന്‍ ശ്രമിച്ചത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

യുപിഎ ഭരണകാലത്ത്, രാഷ്‌ട്രസുരക്ഷയ്‌ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കുകയും പ്രതിരോധ മേഖലയ്‌ക്ക് ആവശ്യമായ നീക്കിയിരിപ്പുകള്‍ നടത്താതിരിക്കുകയും ചെയ്തതിന്റെ ഫലമായി, പാകിസ്ഥാന്‍ ഭാരതത്തെ ആക്രമിച്ചപ്പോഴെല്ലാം അമേരിക്ക പോലുള്ള രാജ്യങ്ങളുടെ മുന്നില്‍ സഹായത്തിനായി കേഴേണ്ടിവന്നു. എന്നാല്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ സാഹചര്യത്തിന് കാര്യമായ മാറ്റമുണ്ടായി. പ്രതിരോധ മേഖലയ്‌ക്ക് മുഖ്യപരിഗണന നല്‍കി. നൂതന സാങ്കേതികവിദ്യകള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ശ്രദ്ധയൂന്നി. ഈ രംഗത്ത് വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ നടത്തി. ഇത്തരം ക്രിയാത്മകമായ ഇടപെടലുകള്‍ ഫലം കണ്ടു എന്നതിന്റെ ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം. കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാര്‍ ഭാരതത്തിന്റെ പ്രതിരോധ മേഖലയെ മനഃപൂര്‍വം തളര്‍ത്തിയപ്പോള്‍, അതിനെ പുനരുജ്ജീവിപ്പിച്ച് വിജയത്തിലേക്ക് നയിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് പ്രതിരോധകയറ്റുമതിയിലും, തദ്ദേശീയ പ്രതിരോധ സംവിധാന ഉത്പാദനത്തിലും നാം കൈവരിച്ച നേട്ടങ്ങള്‍.

2014-ല്‍ അധികാരമേറ്റതു മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭാരതത്തിന്റെ പ്രതിരോധ മേഖലക്ക് പ്രാധാന്യം നല്‍കി. ഏറ്റവും ഒടുവില്‍, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 6.81 ലക്ഷം കോടി രൂപ ഈ മേഖലക്കായി നീക്കി വെച്ചു ഇത് തൊട്ടുമുന്‍പത്തെ വര്‍ഷത്തേക്കാള്‍ 9.53 % അധികമാണ്.

കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ മോദി സര്‍ക്കാര്‍ പ്രതിരോധത്തിനായി മാത്രം നീക്കിവെച്ചത് ഏകദേശം 55 ലക്ഷം കോടി രൂപയാണ്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ (2004-2014) വകയിരുത്തിയത് കേവലം 15.6 ലക്ഷം കോടി രൂപ മാത്രമായിരുന്നു. അതായത്, യുപിഎ സര്‍ക്കാരിനേക്കാള്‍ 250 ശതമാനത്തിലധികം, മോദി സര്‍ക്കാര്‍ രാഷ്‌ട്ര സുരക്ഷയ്‌ക്കായി മാറ്റിവെച്ചു എന്ന് സാരം .

യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത്, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ അവഗണനയുടെ വക്കിലായിരുന്നു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഡിആര്‍ഡിഒയ്‌ക്കും ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിനും കൂടി ആകെ നീക്കിവെച്ചത് വെറും 10,934 കോടി രൂപയായിരുന്നു. എന്നാല്‍, എന്‍ഡിഎ സര്‍ക്കാര്‍ ഈ സ്ഥാപനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന് മുന്‍കൈയെടുക്കുകയും 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് 26,816 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഇത് മുന്‍ വിഹിതത്തേക്കാള്‍ ഏകദേശം 150% വര്‍ധനവാണ്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ സംഭരണങ്ങളില്‍ തദ്ദേശീയമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് വേണ്ടത്ര ഊന്നല്‍ നല്‍കിയിരുന്നില്ല. ഇതിന് തെളിവാണ് 2013-ലെ ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് നടപടിക്രമങ്ങളില്‍ (ഡിപിപി 2013), തദ്ദേശീയമായ ഉള്ളടക്കം കുറഞ്ഞത് 30% ആയിരിക്കണമെന്ന നിബന്ധന മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത് എന്നത്.
എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായി, 2020-ല്‍ മോദി സര്‍ക്കാര്‍ ഈ പരിധി 50% ആയി ഉയര്‍ത്തുകയും അതുവഴി ആഭ്യന്തര വ്യവസായങ്ങള്‍ക്ക് ഉത്തേജനം നല്‍കി.

യുപിഎ ഭരണകാലത്ത്, സാമ്പത്തിക പ്രതിസന്ധിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള താല്‍പര്യക്കുറവും മൂലം എംഎംആര്‍സിഎ (മീഡിയം മള്‍ട്ടി-റോള്‍ കോംബാറ്റ് എയര്‍ക്രാഫ്റ്റ്) കരാറിന്റെ ഭാഗമായ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക പ്രതിരോധ ഇടപാടുകള്‍ നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി.

ഭാരതീയ കരസേന കാലഹരണപ്പെട്ട വ്യോമപ്രതിരോധ സംവിധാനങ്ങളും പീരങ്കികളും, നിലവാരം കുറഞ്ഞ റൈഫിളുകളും, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ കടുത്ത ക്ഷാമവും നേരിട്ടു. വ്യോമസേനയുടെ പോര്‍വിമാനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തദ്ദേശീയമായി വികസിപ്പിക്കുന്ന എല്‍സിഎ (ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) പദ്ധതിയുടെ പുരോഗതി മന്ദഗതിയിലായി. അതേസമയം, ഭാരതീയ നാവികസേന തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഈ വെല്ലുവിളികള്‍ നിലനിന്നിട്ടും, ഇവ പരിഹരിക്കാന്‍ യുപിഎ ഭരണകാലത്ത് കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല.

2014 ഫെബ്രുവരിയില്‍, അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണി, എംഎംആര്‍സിഎ കരാറിന്റെ ഭാഗമായ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ആ സാമ്പത്തിക വര്‍ഷം പണമില്ലെന്ന് തുറന്നുപറഞ്ഞിരുന്നു. എന്നാല്‍, റഫാല്‍ ഇടപാട് മാത്രമല്ല ഈ അവഗണന നേരിട്ടത്. തങ്ങളുടെ പോരാട്ടശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആധുനിക ആക്രമണ സംവിധാനങ്ങള്‍ സ്വന്തമാക്കാന്‍ ഭാരതീയ സായുധ സേന നിരന്തരം പാടുപെടുകയായിരുന്നു. ജാതി പറഞ്ഞു ഭാരതീയ സൈന്യത്തിന്റെ ആത്മവീര്യത്തെ കെടുത്താന്‍ ശ്രമിക്കുന്നവരുടെ കൈയില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രതിരോധ കയറ്റുമതിയില്‍ വന്‍ കുതിച്ചുചാട്ടമാണ് രാജ്യം കണ്ടത്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഈ രംഗത്തെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു.
2011-12 സാമ്പത്തിക വര്‍ഷത്തില്‍ വെറും 512.48 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് നടന്നത്. തൊട്ടടുത്ത വര്‍ഷം, അതായത് 2012-13ല്‍ ഇത് 446.75 കോടി രൂപയായി ഇടിഞ്ഞു. പ്രതിരോധ ഉപകരണങ്ങള്‍ക്കായി മുമ്പ് 65-70 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിച്ചിരുന്ന നാം, ഇപ്പോള്‍ 65 ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി നിര്‍മ്മിക്കുന്നതിലൂടെ ഈ രംഗത്ത് വലിയ സ്വാശ്രയത്വം കൈവരിച്ചിരിക്കുന്നു. 2013- 14 കാലയളവില്‍ കേവലം 686 കോടി രൂപയായിരുന്ന പ്രതിരോധ കയറ്റുമതി 2024-25 കാലയളവ് ആയപ്പോഴേക്കും 23,622 കോടിയായി ഉയര്‍ന്നു അതായത് കേവലം 10 വര്‍ഷത്തില്‍ 34 മടങ്ങ് വര്‍ദ്ധന.

ഇന്ന് ലോകത്തെ പ്രധാന ആയുധ കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. നിലവില്‍ നാം 90 ഓളം രാജ്യങ്ങളിലേക്ക് തദ്ദേശീയമായി നിര്‍മിച്ച പ്രധിരോധ സംവിധാനങ്ങള്‍ കയറ്റി അയക്കുന്നു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഭാരതത്തെ സൈനികമായി തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലും ദൃഢ നിശ്ചയത്തിലും ഭാരതം അസ്ത്രം ഒടുങ്ങാത്ത അവനാഴിയായി മാറി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by