Sports

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

Published by

സമോറ(സ്‌പെയിന്‍): പോര്‍ച്ചുഗല്‍ ദേശീയ ഫുട്‌ബോള്‍ ടീമിലെയും പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂള്‍ എഫ്‌സിയുടെയും പ്രധാന താരം ഡീഗോ ജോട്ട കാറപകടത്തില്‍ കൊല്ലപ്പെട്ടു. സ്‌പെയിനിലെ സാമോറിന്‍ പ്രവിശ്യയില്‍ സഹോദരന്‍ ആന്ദ്രെ സില്‍വയുമൊത്ത് കാറില്‍ പോകുമ്പോള്‍ തീപ്പിടിക്കുകയായിരുന്നു. പ്രാദേശിയ സമയം വ്യാഴാഴ്ച രാത്രി 12.30 ഓടെ (ഭാരത സമയം ഇന്നലെ രാവിലെ)യാണ് ദുരന്തം ഉണ്ടായത്. 28കാരനായ ജോട്ടയുടെ വിവാഹം കഴിഞ്ഞ് പത്ത് ദിവസമാകുമ്പോളാണ് ദാരുണ സംഭവം. ജോട്ടയ്‌ക്കൊപ്പം മരണമടഞ്ഞ 25കാരനായ സഹോദരന്‍ ആന്ദ്രെ സില്‍വ നാട്ടില്‍ പ്രധാന താരമാണ്. പോര്‍ച്ചുഗലിലെ രണ്ടാം നിര ക്ലബ്ബ് പെനാഫിയേലിന് വേണ്ടിയാണ് ആന്ദ്രെ കളിക്കുന്നത്.

ജോട്ടയും ആന്ദ്രെയും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി കാറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് കാര്‍ പെട്ടെന്ന് പൂര്‍ണമായും അഗ്നിക്കിരയായി.

ദീര്‍ഘകാലമായി പങ്കാളിയാക്കിയിരുന്ന റൂട്ട് കാര്‍ഡോസോയുമായുള്ള വിവാഹം ഇക്കഴിഞ്ഞ ജൂണ്‍ 22നാണ് നടന്നത്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ ജോട്ട സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ദീര്‍ഘകാലമായുള്ള ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by