World

‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ അമേരിക്കൻ കോൺ​ഗ്രസിലും പാസായി: ട്രംപ് ഇന്ന് ഒപ്പുവയ്‌ക്കും

Published by

വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ വിവാദ നികുതി ബിൽ അമേരിക്കൻ കോൺ‍ഗ്രസിലും പാസായി. അമേരിക്കൻ സെനറ്റിൽ നേരത്തേ തന്നെ പാസായ ബിൽ കോൺ​ഗ്രസിലും പാസായതോടെ ബില്ലിൽ ഇന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഒപ്പുവയ്‌ക്കും. അമേരിക്കയിലും പുറത്തും തൊഴിൽ, കുടിയേറ്റ, സാമ്പത്തിക മേഖലകളിൽ വൻ സ്വാധീനമുണ്ടാക്കുന്ന ബില്ലിനെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്.ബില്ലിൽ യുഎസിന്റെ സ്വാതന്ത്ര്യദിനമായ വെള്ളിയാഴ്ച പ്രസിഡന്റ് ട്രംപ് ഒപ്പുവയ്‌ക്കും.

അതേസമയം, ക്രൂരമായ ബജറ്റ് ബിൽ എന്ന് മുൻ പ്രസിഡന്റ് ജോ ബൈഡൻ വിമർശിച്ചു. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ എടുത്തുകളയുന്നതാണ് ബില്ലെന്നും ശതകോടീശ്വരന്മാർക്ക് വൻതോതിൽ നികുതി ഇളവ് നൽകുന്നതിനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.റിപബ്ലിക്കൻ പാർട്ടിയിലെ ഭിന്നത മറികടന്ന് 214നെതിരെ 218 വോട്ട് നേടിയാണ് ട്രംപ് തന്റെ സ്വപ്ന ബിൽ പാസാക്കിയെടുത്തത്.

കുടിയേറ്റവിരുദ്ധ നടപടികൾക്ക് വൻതുക ചെലവിടാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. 2017ൽ ആദ്യമായി പ്രസിഡന്റായപ്പോൾ കൊണ്ടുവന്ന താൽക്കാലിക നികുതിനിർദേശങ്ങൾ സ്ഥിരമാക്കാനും 2024ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ മുന്നോട്ടുവച്ച വാഗ്ദാനങ്ങളുമായി മുന്നോട്ടുപോകാനും ഇതോടെ ട്രംപിനു കഴിയും. ആരോഗ്യ, ഭക്ഷ്യസുരക്ഷാ രംഗങ്ങളിലെ വിഹിതം വെട്ടിക്കുറയ്‌ക്കുകയും പ്രകൃതിസൗഹൃദ ഊർജ പദ്ധതികൾക്കുള്ള ഇളവുകൾ നിർത്തലാക്കുകയും ചെയ്യും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by