കഴിഞ്ഞ ഒരു ദശകത്തിലേറെയായി വിപ്ലവകരമായ നയരൂപീകരണങ്ങളും മാറ്റങ്ങളുമാണ് ഭാരതത്തിലാകമാനം നടന്നുകൊണ്ടിരിക്കുന്നത്. യുവാക്കളാണ് രാജ്യത്തിന്റെ സമ്പത്ത്. യുവാക്കള്‍ക്കായി വിദ്യാഭ്യാസം, തൊഴില്‍, സംരംഭകത്വം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള നൂതന പദ്ധതികളാണ് സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം തന്നെ ചേര്‍ത്തുവായിക്കേണ്ട മറ്റൊരിടമാണ് കായിക മേഖല. ആഗോള തലത്തില്‍, ഇന്നും ഭാരതത്തിന്റെ കായിക നിലവാരം മെച്ചപ്പെടേണ്ടതുണ്ട്. മാനവ വിഭവശേഷിയെ കായിക മേഖലയില്‍ കൃത്യമായി വിനിയോഗിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ്, 24 വര്‍ഷങ്ങള്‍ക്ക് ശേഷം കേന്ദ്ര യുവജനകാര്യ – കായിക മന്ത്രാലയം പുതിയ ദേശീയ കായിക നയം അവതരിപ്പിച്ചിരിക്കുന്നത്. കായിക ശേഷിയെ ഫലപ്രദമായി വിനിയോഗിച്ച്, മികച്ച നേട്ടങ്ങങ്ങള്‍ക്കൊപ്പം സാമ്പത്തിക-സാമൂഹിക പുരോഗതിയും കൈവരിക്കുക എന്നതാണ് ദേശീയ കായിക നയത്തിന്റെ പ്രധാന ലഷ്യം. ആഗോള യുവജനസംഖ്യയില്‍ അഞ്ചാം സ്ഥാനത്താണ് ഭാരതം. രാഷ്‌ട്രത്തിന്റെ വളര്‍ച്ചയ്‌ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ സാധിക്കുന്നതും യുവാക്കള്‍ക്കാണ്. ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ്, കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് മുതലായ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധ്യമായ നിലയിലാണ് ദേശീയ കായിക നയം രൂപപ്പെടുത്തിയിട്ടുള്ളത്. രാഷ്‌ട്രനിര്‍മാണത്തിനായി കായിക വിനോദങ്ങള്‍- രാഷ്‌ട്രത്തിന്റെ സമഗ്രമായ വികസനത്തിനായി കായിക ശക്തിയെ ദൃഢീകരിക്കുക എന്നതാണ് എന്‍എസ്പിയുടെ പ്രധാന ആപ്തവാക്യം.
കായികനയം നടപ്പിലാക്കുന്നതില്‍, കേന്ദ്ര സര്‍ക്കാരിനോളം തന്നെ സംസ്ഥാന സര്‍ക്കാരിനും പ്രധാന പങ്കുണ്ട്. നയരൂപീകരണം, സാമ്പത്തിക നിക്ഷേപം തുടങ്ങിയ പ്രധാന കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്. പ്രാദേശിക തലം വരെയുള്ള പദ്ധതി നിര്‍വഹണവും, അടിസ്ഥാന സൗകര്യ വികസനവും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കുമായി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുക, ശാരീരിക സാക്ഷരതാ പദ്ധതികള്‍ നടപ്പിലാക്കുക, ഭാവിയുടെ വാഗ്ദാനങ്ങളായ കായിക പ്രതിഭകളെ കണ്ടെത്തുന്നതിയുള്ള ഏകീകൃത സംവിധാനം, കായിക പ്രതിഭകളുടെ സമഗ്ര വികാസത്തിനായുള്ള സംവിധാനങ്ങള്‍, കായിക മേഖലയിലെ ജോലി സാദ്ധ്യതകള്‍, ബഹുജന പങ്കാളിത്തത്തോടെ ആരോഗ്യ പരിപാലനത്തിനായി കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ പല തലങ്ങളിലുള്ള മാറ്റങ്ങളാണ് എന്‍.എസ്.പി വിഭാവനം ചെയ്തിട്ടുള്ളത്. അഞ്ച് പ്രധാന ബിന്ദുക്കള്‍ കേന്ദ്രീകരിച്ചാണ് ഈ മാറ്റങ്ങള്‍ പ്രായോഗികവത്കരിക്കാനായായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
ഭാരതീയ കായിക മേഖലയുടെ മികവ്
പ്രാദേശിക തലങ്ങളില്‍ വ്യത്യസ്തതകള്‍ നിറഞ്ഞ കായിക സംസ്‌കാരമാണ് നമുക്കുള്ളത്. പരമ്പരാഗത കായിക മത്സരങ്ങളായ കബഡി, ഖോ-ഖോ , ഗുസ്തി മുതലായവയും ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നു. സ്‌കൂള്‍ , കോളേജ് , സര്‍വകലാശാല തലത്തിലും, പ്രാദേശിക തലങ്ങളിലും ഇത്തരം മത്സരങ്ങള്‍ നടത്താനായി ശ്രമമുണ്ടാകും. നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനാവും ഇവ ശ്രദ്ധിക്കുക. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടനുബന്ധിച്ചുള്ള മറ്റൊരു തീരുമാനമാണ് കായിക, ശാരീരിക- സാക്ഷരത വിദ്യാര്‍ത്ഥികളില്‍ വര്‍ധിപ്പിക്കുക എന്നത്. ജീവിതശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ക്ക് പരിഹാരമായി കായിക വിനോദങ്ങളില്‍ പൊതുജനങ്ങളെ പങ്കാളികളാകുന്ന തരത്തിലുള്ള ക്യാമ്പയിനുകളും ഈ പദ്ധതിയുടെ ഭാഗമാണ്. കായികതാരങ്ങളുടെ സമഗ്ര വികാസത്തിനായുള്ള ചട്ടക്കൂടുകളും രൂപീകരിക്കും. കൃത്യമായ പരിശീലനങ്ങള്‍, ശാസ്ത്രീയ സഹായം, പരാതി-പരിഹാര സംവിധാനങ്ങള്‍ എന്നിവ കായിക താരങ്ങള്‍ക്ക് ഉറപ്പുവരുത്തും. കായിക മേഖലയിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം തടഞ്ഞുകൊണ്ട് സുരക്ഷയും ധാര്‍മികതയും നിലനിര്‍ത്തും. സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഒരു കോര്‍പറേറ്റ്-ഒരു കായിക ഇനം, ഒരു പൊതുമേഖലാ സ്ഥാപനം-ഒരു സംസ്ഥാനം എന്ന നിലയില്‍ ബഹുജന പങ്കാളിത്തോടെ ആ പ്രതിസന്ധികളെ മറികടക്കാനാവും എന്നാണ് പ്രതീക്ഷ.
ഉന്നമനത്തിന് കായിക മത്സരങ്ങള്‍
ഭാരതത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ കൊണ്ടുവരാന്‍ കായിക മത്സരങ്ങള്‍ക്ക് സാധിക്കുമെന്ന് ധാരാളം പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അന്താരാഷ്‌ട്ര കായിക താരങ്ങളെയും, കാഴ്ചക്കാരെയും മത്സരങ്ങള്‍ക്കായി ഭാരതത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ഭാരതം ആഗോള സ്‌പോര്‍ട്‌സ് ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി മാറും. ഇതിലൂടെ പ്രാദേശിക തലങ്ങളില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും. സ്വയം പര്യാപ്ത ഭാരതം എന്ന ലക്ഷ്യത്തിലൂന്നി തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന ഗുണനിലവാരമുള്ള കായിക ഉപകരണങ്ങളുടെ നിര്‍മാണം മറ്റൊരു പ്രധാന മേഖലയാണ്. കായിക മേഖലയില്‍ നടപ്പിലാക്കാവുന്ന നൂതന സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്ന സ്റ്റാര്‍ട്ട്-അപ് സംരംഭകര്‍ക്ക് ധനസഹായം നല്‍കുന്നതിലൂടെയും പല മാറ്റങ്ങളും കൊണ്ടുവരാന്‍ സാധിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി പൊതുമേഖലാ-സ്വകാര്യ പങ്കാളിത്തത്തില്‍ പദ്ധതികളും ഇതിന്റെ ഭാഗമായി ആലോചിച്ചിട്ടുണ്ട്.
സാമൂഹിക ഉന്നമനത്തിനായി കായിക മത്സരങ്ങള്‍ ജാതി- മത-വര്‍ഗ – വര്‍ണ്ണ ചിന്തകള്‍ക്കതീതമായി ജനങ്ങളെ ഒരുമിപ്പിക്കാന്‍ സാധിക്കുന്ന മേഖലയാണ് കായിക മത്സരങ്ങള്‍. പ്രധാനമായും വനിതകള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍, ഗോത്ര സമൂഹങ്ങള്‍ , ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ എന്നിങ്ങനെ എല്ലാ തുറകളിലുള്ളവരെയും ഏകോപിപ്പിക്കുവാനുള്ള ശ്രമങ്ങളുണ്ടാകും. കായിക മേഖലയെ എല്ലാ തരത്തിലുമുള്ള വിവേചനങ്ങളില്‍ നിന്നും മുക്തമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
തദ്ദേശീയ കായിക വിനോദങ്ങളില്‍ ഗവേഷണം നടത്തി അവയെ കൂടുതല്‍ ജനകീയമാക്കും. കായിക മേഖലയിലുള്ള ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കും, കായിക സര്‍വകശാലകള്‍ തുടങ്ങാനുമുള്ള ശ്രമങ്ങളുണ്ടാകും. ഒരേ സമയം അക്കാദമിക് ഡിഗ്രിയോടൊപ്പം കായിക വിഷയങ്ങളിലുള്ള ഡിഗ്രി , ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ പ്രോത്സാഹിപ്പിക്കപ്പെടും. ഇവയ്‌ക്കായി ഒരു ദേശീയ പ്ലാറ്റ്‌ഫോമും രൂപീകരിക്കും. ഫിറ്റ് ഇന്ത്യ, ഖേലോ ഇന്ത്യ മുതലായ പദ്ധതികളിലൂടെ കായിക മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള അവസരങ്ങളും ഒരുക്കും.
കായിക മേഖലയിലെ ജനകീയവത്കരണം
ശാരീരിക-മാനസിക ആരോഗ്യ നില മെച്ചപ്പെടുത്താന്‍ കായിക വിനോദങ്ങള്‍ക്ക് സാധിക്കും എന്നതിനാല്‍, കൂടുതല്‍ ജനങ്ങളിലേക്ക് അവ എത്തിക്കുക എന്നത് എല്ലാവരുടെയും കടമയാണ്. ആശുപത്രികളില്‍ ചിലവാക്കുന്ന ഭീമമായ തുക, കൃത്യമായ വ്യായാമങ്ങളും- കായിക വിനോദങ്ങളും ഉപയോഗിച്ച് കുറയ്‌ക്കാന്‍ സാധിക്കും. ഇതിനായി , ഒരു ഫിറ്റ്‌നസ് റാങ്കിങ് ഇന്‍ഡക്‌സിങ് സംവിധാനം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, തൊഴിലിടങ്ങളിലും കൊണ്ടുവരും. വിദ്യാഭ്യാസ മന്ത്രാലയത്തോടൊപ്പം ചേര്‍ന്ന്, ഫിസിക്കല്‍ എജ്യൂക്കേഷന്‍ ചട്ടക്കൂടുകള്‍ പരിഷ്‌കരിക്കാനും നിര്‍ദേശം നിലവിലുണ്ട്. മാതൃകാ കായിക പരിപാടികള്‍, മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കാനും ആലോചനകള്‍ നിലവിലുണ്ട്. യോഗ ചലഞ്ച്, സൂര്യ നമസ്‌കാര ചലഞ്ച്, ഒരു ദിവസം ഒരു മണിക്കൂര്‍ വ്യായാമം എന്ന നിലയില്‍ പൊതുജന പങ്കാളിത്തത്തോടെ പരിപാടികള്‍ സംഘടിപ്പിക്കും.
ദേശീയ വിദ്യാഭ്യാസ നയവും കായിക നയവും തമ്മിലുള്ള സമന്വയം
ആരോഗ്യമുള്ള ശരീരവും മനസും വിദ്യാര്‍ത്ഥികളില്‍ സര്‍ഗാത്മകമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതില്‍ സഹായകമാണ്. വിദ്യാര്‍ത്ഥികളില്‍ കാണപ്പെടുന്ന സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ കായിക വിനോദങ്ങള്‍ക്ക് ഒരു പരിധി വരെ സാധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കായിക കൂട്ടായ്മകള്‍ രൂപീകരിക്കുകയും, അവ പ്രാദേശിക ക്ലബുകളോടൊപ്പം ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്യാവുന്നതുമാണ്. ഇതിനുപുറമെ, അധ്യാപകര്‍ക്കും ഇത്തരം പരീശീലനങ്ങള്‍ നല്‍കുവാനും, സ്‌കൂളുകളില്‍ ആവശ്യാനുസരണം കായിക സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്താനുമുള്ള പദ്ധതികള്‍ നയത്തില്‍ പരാമര്‍ശിക്കുന്നു. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ പ്രധാനപ്പെട്ട ഗതിവിധിയായ ഖേലോ ഭാരത് ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. കായികാവസരങ്ങള്‍ ലഭിക്കാത്ത പല വിദ്യാര്‍ഥികളിലേക്കും നഗര ഗ്രാമ വ്യത്യാസമില്ലാതെ വിവിധതരം പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ഖേലോ ഭാരത് ശ്രദ്ധിക്കുന്നു.
നയസുതാര്യതയും ഭാവി ചിന്തകളും
ഭാരതത്തെ ഒരു വലിയ കായിക ശക്തിയായി എന്‍.എസ്.പി മാറ്റുമെന്നതില്‍ സംശയമില്ല. ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങളില്‍ അധിഷ്ഠിതമായി നിന്നുകൊണ്ട്, സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള നയങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ടും, പ്രാദേശിക തലങ്ങളിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഭേദഗതി ചെയ്യാനുള്ള സുതാര്യതയും എന്‍എസ്പിയിലുണ്ട്. സ്‌ക്രീന്‍ ടൈമും , റീല്‍ ടൈമും മാത്രം ശ്രദ്ധിച്ചു പോരുന്ന ഇന്നത്തെ ഭൂരിഭാഗം യുവതയ്‌ക്ക് പുതിയ ദിശാബോധം നല്‍കിക്കൊണ്ട്, കൂടുതല്‍ പ്ലേ ടൈമും, എക്‌സര്‍സൈസ് ടൈമും ഉണ്ടാവാന്‍ എന്‍എസ്പി സഹായകമാകും.
( എബിവിപി കേന്ദ്ര പ്രവര്‍ത്തകസമിതിയംഗവും, എന്‍.സി.ഇ.ആര്‍.ടി ഗവേഷക ഫെല്ലോയുമാണ് ലേഖകന്‍ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: