കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ദല്‍ഹിയില്‍ വച്ച് ഉന്നതപദവിയിലുള്ള ഒരു യൂറോപ്യന്‍ മന്ത്രിയെ ഞാന്‍ കണ്ടു. ഭാരതത്തിലെ ഡിജിറ്റല്‍ പണമിടപാട് വിപ്ലവം അവരെ അത്ഭുതപ്പെടുത്തി. രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് പണം കൈമാറുന്ന രീതിയാണ് അവരെ ഏറെ ആകര്‍ഷിച്ചത്. ചെറിയ ഗ്രാമങ്ങള്‍ മുതല്‍ വന്‍ നഗരങ്ങള്‍ വരെ, ചായക്കടക്കാര്‍ മുതല്‍ വ്യാപാരികള്‍ വരെ എല്ലാവരും സുഗമമായി ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നു.
പക്ഷേ അവര്‍ക്ക് ഒരു ചോദ്യമുണ്ടായിരുന്നു: ഭാഷയിലും ഭൂമിശാസ്ത്രത്തിലും ഇത്രയധികം വൈവിധ്യമുള്ള ഭാരതം എങ്ങനെയാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്?
ഞാന്‍ അവര്‍ക്ക് 500 ന്റെ ഒരു കറന്‍സി നോട്ട് കാണിച്ചു കൊടുത്തു. ‘അഞ്ഞൂറ് രൂപ’ എന്നത് 17 ഭാഷകളില്‍ എഴുതിയിരിക്കുന്നു. ഭാരതത്തിന്റെ വൈവിധ്യത്തിന്റെ ലളിതവും എന്നാല്‍ പ്രബലവുമായ പ്രതീകമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, സാങ്കേതികവിദ്യയാല്‍ ബന്ധിപ്പിക്കപ്പെടുന്ന ഈ വൈവിധ്യത്തെ രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്താക്കി മാറ്റി.
ഈ സര്‍വ്വാശ്ലേഷി മനോഭാവമാണ് സാങ്കേതികവിദ്യയോടുള്ള നമ്മുടെ സമീപനത്തെ നിര്‍വചിക്കുന്നത്. പ്രധാനമന്ത്രിയുടെ ദാര്‍ശനിക ചിന്തയെ ഇത് പ്രതിഫലിപ്പിക്കുന്നു. പ്രവേശനക്ഷമതയെ ജനാധിപത്യവത്കരിക്കുകയും സാങ്കേതികവിദ്യയെ എല്ലാവര്‍ക്കും ഉപയോഗപ്രദമാക്കുകയും ചെയ്യുന്നു.
കടയിലെ സ്പീക്കറില്‍ കേള്‍ക്കുന്ന പേയ്മെന്റ് അലേര്‍ട്ടുകള്‍ മുതല്‍ എസ്എംഎസ് സ്ഥിരീകരണങ്ങള്‍ വരെ, ഈ സംവിധാനം തടസരഹിതവും ലളിതവുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ആഒകങ 20 ഭാഷകളിലും, ഡങഅചഏ 13 ഭാഷകളിലും പ്രവര്‍ത്തിക്കുന്നു.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ 10 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍, ഈ പരിവര്‍ത്തനം അഭിമാനകരമായ ഒരു നേട്ടമാണ്.
ഇന്ത്യാ സ്റ്റാക്ക്
പത്ത് വര്‍ഷം മുമ്പ് പ്രധാനമന്ത്രി മോദി മുന്നോട്ടുവച്ച ആശയത്തോടെയാണ് ഈ പ്രയാണത്തിന്റെ തുടക്കം. കുറച്ചുപേര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും സേവനം നല്‍കും വിധം, ജനസംഖ്യയ്‌ക്ക് ആനുപാതികമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുക എന്ന ആശയം. ഇന്ന് ലോകം അംഗീകരിക്കുന്ന ഇന്ത്യാ സ്റ്റാക്കിന്റെ സൃഷ്ടിയിലേക്ക് ഇത് നയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമായ ആധാറാണ് ഇതിന്റെ കേന്ദ്രബിന്ദു. ഇത് 140 കോടി ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി നല്‍കുന്നു. ഒരു ശരാശരി ദിനത്തില്‍ ഒമ്പത് കോടിയിലധികം ആധാര്‍ പ്രാമാണീകരണങ്ങള്‍ നടക്കുന്നു. അവശ്യ സേവനങ്ങളില്‍ വേഗതയും വിശ്വാസ്യതയും ഉറപ്പാക്കുന്നു.
ഡിജിലോക്കര്‍ ഭരണനിര്‍വ്വഹണം ലളിതമാക്കുകയും പൗരന്മാരുടെ പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തു. ഒരു ക്ലിക്ക് അകലെ മാത്രമാണ് നിങ്ങളുടെ രേഖകള്‍. ഡ്രൈവിംഗ് ലൈസന്‍സുകളോ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോ മറ്റ് അവശ്യ രേഖകളോ ആകട്ടെ – ദശലക്ഷക്കണക്കിനാളുകള്‍ ഇപ്പോള്‍ അവ സുരക്ഷിതമായും സൗകര്യപ്രദമായും കൊണ്ടു നടക്കുന്നു.
മൊബൈല്‍ ഫോണുകളുടെ വ്യാപകമായ ഉപയോഗമില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. ഇന്ന്, രാജ്യത്തെ ഏകദേശം 90 ശതമാനം പേരും മൊബൈല്‍ ഉപയോഗിക്കുന്നു. ഇത് സാങ്കേതികവിദ്യയുടെ ശക്തി നേരിട്ട് ജനങ്ങളിലെത്തിക്കുന്നു.
ഇന്ത്യ സ്റ്റാക്ക് ഒരു ആഗോള മാതൃകയായി നിലകൊള്ളുന്നു. ജി20-യില്‍, ഇന്ത്യ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യ (ഉശഴശമേഹ ജൗയഹശര കിളൃമേെൃൗരൗേൃല ഉജക) അജണ്ടയെ പിന്തുണയ്‌ക്കുകയും ഒരു ഗ്ലോബല്‍ ഡിപിഐ റിപ്പോസിറ്ററി നിര്‍ദ്ദേശിക്കുകയും ചെയ്തു. യുപിഐ ഇതിനോടകം 7 രാജ്യങ്ങളില്‍ പ്രാബല്യത്തിലുണ്ട്. ഓരോ ഭാരതീയനേയും ശാക്തീകരിക്കുന്നതിനായി ആരംഭിച്ച ദൗത്യം ഇപ്പോള്‍ ലോകത്തെ പ്രചോദിപ്പിക്കുന്നു.
സമഗ്ര വളര്‍ച്ച
55 കോടിയിലധികം ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറക്കുകയും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം മുഖേന 44 ലക്ഷം കോടി വിതരണം ചെയ്യുകയും ചെയ്തു. 10 കോടിയിലധികം പാചകവാതക കണക്ഷനുകളും ആരോഗ്യ ആനുകൂല്യങ്ങളും നേരിട്ട് വിതരണം ചെയ്തു. ഡിജിറ്റല്‍ ഇന്ത്യയുടെ ജന്‍ ധന്‍-ആധാര്‍-മൊബൈല്‍ (ജാം) ത്രിത്വത്തിലൂടെ ഇതെല്ലാം സാധ്യമായി.
ഭരണനിര്‍വ്വഹണത്തിലെ മനുഷ്യ സ്പര്‍ശം
MyGov, UMANG പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ പൗരന്മാരെ 2,000-ത്തിലധികം സര്‍ക്കാര്‍ സേവനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ഇന്ത്യയുടെ ദേശീയ ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമായ ഇ-സഞ്ജീവനി 38 കോടി ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍ സാധ്യമാക്കി.
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ ഓരോ പൗരനും ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. 79 കോടിയിലധികം ഹെല്‍ത്ത് ഐഡികള്‍, 6 ലക്ഷം ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകള്‍, 60 കോടി ആരോഗ്യ രേഖകള്‍ എന്നിവ ഇപ്പോള്‍ സമന്വയിപ്പിച്ചിരിക്കുന്നു.
ആരോഗ്യ സംരക്ഷണം പോലുള്ള അവശ്യ സേവനങ്ങള്‍ സാധാരണ പൗരന്റെ പടിവാതിലില്‍ എത്തിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തിയാണിത്. ഒരു തദ്ദേശീയ നൂതനാശയമായ യുപിഐ – ഭാരതത്തിലുടനീളം സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന രീതിയെ മാറ്റിമറിച്ചു. ചെറുകിട തെരുവ് കച്ചവടക്കാര്‍ മുതല്‍ വലിയ ബിസിനസ് സ്ഥാപനങ്ങള്‍ വരെ ഇതുപയോഗിക്കുന്നു. ഇപ്പോള്‍ ഒരു ദിവസം ശരാശരി 60 കോടിയിലധികം യുപിഐ ഇടപാടുകള്‍ നടക്കുന്നു.
യുവജനങ്ങളും കര്‍ഷകരും
DIKSHA, SWAYAM, PM eVidya തുടങ്ങിയ ഡിജിറ്റല്‍ വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകള്‍ ഇപ്പോള്‍ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ അവരുടെ പ്രാദേശിക ഭാഷകളില്‍ സമീപിക്കുന്നു. സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ ഹബ്, ഫ്യൂച്ചര്‍ സ്‌കില്‍സ് പ്രൈം എന്നിവ നമ്മുടെ യുവജനങ്ങളെ നിര്‍മ്മിതബുദ്ധി, സൈബര്‍ സുരക്ഷ, ബ്ലോക്ക്ചെയിന്‍ എന്നീ നൈപുണ്യങ്ങളാല്‍ സജ്ജരാക്കുന്നു.
തത്സമയ കാലാവസ്ഥാ വിവരങ്ങള്‍, മണ്ണിന്റെ ആരോഗ്യ കാര്‍ഡുകള്‍, വിപണി വിലകള്‍ എന്നിവ കര്‍ഷകര്‍ക്ക് ഡിജിറ്റലായി ലഭിക്കുന്നു. 11 കോടിയിലധികം കര്‍ഷകര്‍ക്ക് ഇപ്പോള്‍ പിഎം-കിസാന്‍ മുഖേനയുള്ള ആനുകൂല്യം ലഭിക്കുന്നു. ഇത് തടസ്സരഹിതമായി നേരിട്ട് നല്‍കി വരുന്നു.
വിശ്വാസ്യതയുടെ അടിത്തറ
വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍വത്കരണത്തോടൊപ്പം രാജ്യത്തെ സൈബര്‍ സുരക്ഷാ ചട്ടക്കൂടും ശക്തിപ്പെടുത്തിയിട്ടുണ്ട്. സിഇആര്‍ടി-ഇന്‍ പോലുള്ള സ്ഥാപനങ്ങളും 1930 സൈബര്‍ കുറ്റകൃത്യ ഹെല്‍പ് ലൈനും 2023-ലെ ഡിജിറ്റല്‍ വ്യക്തിഗത വിവര സുരക്ഷാ നിയമവും ഉപയോക്താക്കളുടെ സ്വകാര്യതയ്‌ക്കും വിവര സുരക്ഷയ്‌ക്കും ഭാരതം കൈക്കൊള്ളുന്ന പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. പൗരന്മാര്‍ക്ക് വിശ്വാസ്യതയോടെയും ആത്മവിശ്വാസത്തോടെയും ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാനാവുമെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.
ഇതിന്റെ ശക്തമായ ഉദാഹരണത്തിനാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നാം സാക്ഷ്യം വഹിച്ചത്. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളെ ഉന്നമിട്ട നിരവധി ഏകോപിത സൈബര്‍ ആക്രമണങ്ങളെ രാജ്യത്തെ ഏജന്‍സികള്‍ വിജയകരമായി നേരിട്ടു.
നൂതനാശയങ്ങളും സ്റ്റാര്‍ട്ടപ്പുകളും
1.8 ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകളും 100-ലേറെ യൂണികോണുകളുമായി ഭാരതം ലോകത്തെ മൂന്നാമത് വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ കേന്ദ്രമാണ്. ഡിജിറ്റല്‍ ഇന്ത്യയിലെ പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ പിന്തുണയോടെയാണ് ഈ സ്റ്റാര്‍ട്ടപ്പുകളില്‍ പലതും വളര്‍ന്നുവന്നത്.
നിലവില്‍ പൊതു ഡിജിറ്റല്‍ സംവിധാനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഭാരതത്തിന്റെ സാങ്കേതിക മാതൃകകള്‍ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങള്‍ പിന്തുടരുന്നു.
രാജ്യത്തെ എഐ ദൗത്യം ഉന്നത നിലവാര കംപ്യൂട്ടിങ് താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുന്നു. ആഗോള നിരക്കിനെ അപേക്ഷിച്ച് തീരെ കുറഞ്ഞ ചെലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നിലവില്‍ ലഭ്യമായ 34,000-ത്തിലധികം ജിപിയുകള്‍ക്ക് പുറമെ 6000-ത്തിലേറെ ജിപിയുകള്‍കൂടി ലഭ്യമാക്കിവരുന്നു.
ടെലികോം മുതല്‍ അര്‍ധചാലകങ്ങള്‍ വരെ
‘ഇന്ത്യയില്‍ നിര്‍മിക്കാം, ഇന്ത്യയ്‌ക്കായി, ലോകത്തിനായി’ എന്ന ആശയത്തില്‍ പ്രധാനമന്ത്രി മോദി ശ്രദ്ധ കേന്ദ്രീകരിച്ചത് രാജ്യത്തെ ഇലക്ട്രോണിക്‌സ്, മൊബൈല്‍ നിര്‍മാണത്തില്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. ഭാരതത്തിലെ ഇലക്ട്രോണിക്‌സ് നിര്‍മാണം 12 ലക്ഷം കോടി രൂപ പിന്നിട്ടിരിക്കുന്നു. രാജ്യത്തിന്ന് ഇറക്കുമതിയെക്കാളേറെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നു.
ടെലികോം അടിസ്ഥാന സൗകര്യങ്ങളിലെ ശക്തമായ വികാസം ഈ വളര്‍ച്ചയെ സമാന്തരമായി പിന്തുണച്ചു. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം ബിഎസ്എന്‍എല്‍ വീണ്ടും ലാഭകരമായി മാറിയത് പൊതു ടെലികോം രംഗത്ത് സുപ്രധാന വഴിത്തിരിവായി. സ്വന്തമായി തദ്ദേശീയ ടെലികോം സാങ്കേതികതയും ഭാരതം വികസിപ്പിച്ചെടുത്തു.
ഇന്ത്യ അര്‍ധചാലക ദൗത്യം ഇന്ത്യന്‍ നിര്‍മിത ചിപ്പ് എന്ന കാഴ്ചപ്പാടിനെ സാക്ഷാത്കരിക്കുന്നു. ആറ് അര്‍ധചാലക നിലയങ്ങളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ആദ്യ ഇന്ത്യന്‍ നിര്‍മിത ചിപ്പ് ഉടന്‍ പുറത്തിറക്കാന്‍ അവര്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം നടക്കുന്നു. അത്തരം മത്സരങ്ങളെയാണ് നാം സ്വാഗതം ചെയ്യുന്നത്.
മുന്നോട്ടുള്ള പാത
ഡിജിറ്റല്‍ ഇന്ത്യ പരിപാടി അതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ്. ശക്തമായ ഡിജിറ്റല്‍ അടിത്തറയിലൂന്നി വികസിത ഭാരതമെന്ന സൗധം നാം കെട്ടിപ്പടുക്കുകയാണ്.
നമ്മുടെ ലക്ഷ്യം വ്യക്തമാണ്. – അവസാനതല ഡിജിറ്റല്‍ വിടവ് നികത്താനും ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കാനും എല്ലാവര്‍ക്കും സൈബര്‍ സുരക്ഷ ഉറപ്പാക്കാനും അത് നിലകൊള്ളുന്നു. ആത്യന്തികമായി ഓരോ പൗരന്റെയും ജീവിതത്തില്‍ സാങ്കേതികവിദ്യയെ യഥാര്‍ത്ഥ പങ്കാളിയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: