Vicharam

തൊഴില്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

എല്ലാ മേഖലകളിലുമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും തൊഴിലവസരക്ഷമതയും സാമൂഹ്യസുരക്ഷയും വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണു പദ്ധതി. ഉല്‍പ്പാദനമേഖലയില്‍ ഈ പദ്ധതി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തൊഴിലുടമകള്‍ക്ക് ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെ പ്രോത്സാഹനങ്ങള്‍ നല്‍കും.

Published by

വികസനത്തിന് നാനാ മുഖമായ സാധ്യതകള്‍ കണ്ടെത്തി സമഗ്ര പദ്ധതികളുമായി മുന്നോട്ടു പോകുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഏറ്റവും പുതിയ സംരംഭമാണ് തെഴിലവസരങ്ങള്‍ വന്‍ തോതില്‍ സൃഷ്ടിക്കാനുള്ള ബ്രഹത് പദ്ധതി. റെയില്‍ – റോഡ് – വ്യോമ ഗതാഗത മേഖലയിലും വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക, പാര്‍പ്പിട, ശുചിത്വ മേഖലകളിലും ഒരേ സമയം വികസനക്കുതിപ്പ് നടത്തുകയാണ്, ഈ സര്‍ക്കാരിന് കീഴില്‍ ഭാരതം. തൊഴില്‍ പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ തസ്തികകള്‍ വഴി ശമ്പളക്കാരെ സൃഷ്ടിക്കുക മാത്രമല്ല പരിഹാരം എന്ന നിലയ്‌ക്കാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തുടക്കം മുതല്‍ നീങ്ങുന്നത്. സ്വയം സംരംഭകത്വം വഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും നിലവിലുള്ള മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന രീതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. സംരംഭക മേഖലയിലേയ്‌ക്ക് പൗരന്മാരെ ആകര്‍ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക വഴി സ്വയം വരുമാനം കണ്ടെത്തുകയും അതുവഴി കൂടുതല്‍ പേര്‍ക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യും. ഇതിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും പ്രോത്സാഹനവും വായ്പാ പദ്ധതികളും ഉണ്ടാകും. ഇത്തരം തൊഴില്‍ ബന്ധിത പ്രോത്സാഹനം പദ്ധതിക്കാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതിനൊപ്പം സുരക്ഷാ മേഖല മെച്ചപ്പെടുത്തുന്ന പ്രക്രിയയും വിഭാവനം ചെയ്യുന്നുണ്ട്.

എല്ലാ മേഖലകളിലുമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും തൊഴിലവസരക്ഷമതയും സാമൂഹ്യസുരക്ഷയും വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണു പദ്ധതി. ഉല്‍പ്പാദനമേഖലയില്‍ ഈ പദ്ധതി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തൊഴിലുടമകള്‍ക്ക് ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെ പ്രോത്സാഹനങ്ങള്‍ നല്‍കും. കൂടാതെ, നിര്‍മാണമേഖലയ്‌ക്കു രണ്ടുവര്‍ഷത്തേക്കുകൂടി വലിയ തോതില്‍ ആനുകൂല്യങ്ങള്‍ നല്‍കും. 4.1 കോടി യുവാക്കള്‍ക്കു തൊഴിലും വൈദഗ്ധ്യവും മറ്റവസരങ്ങളും സുഗമമാക്കുന്നതിനുള്ള അഞ്ചു പദ്ധതികളുടെ പാക്കേജിന്റെ ഭാഗമായി 2024-25ലെ കേന്ദ്ര ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. മൊത്തം ബജറ്റ് വിഹിതം 2 ലക്ഷം കോടി രൂപയാണ്.

രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങളാണ് ലക്ഷ്യം. ഇതില്‍ 1.92 കോടി ഗുണഭോക്താക്കള്‍ ആദ്യമായി തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നവരായിരിക്കും.

ഈ പദ്ധതി ഉപയോഗിച്ച്, എല്ലാ മേഖലകളിലും, പ്രത്യേകിച്ച് നിര്‍മാണ മേഖലയില്‍, തൊഴില്‍ സൃഷ്ടി ഉത്തേജിപ്പിക്കാനും, ആദ്യമായി തൊഴില്‍ശക്തിയുടെ ഭാഗമാകുന്ന യുവാക്കളെ പ്രോത്സാഹിപ്പിക്കാനും കേ ന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കോടിക്കണക്കിനു യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സാമൂഹ്യസുരക്ഷ പരിരക്ഷ വ്യാപിപ്പിച്ച്, രാജ്യത്തെ തൊഴില്‍ശക്തി ഔപചാരികമാക്കാനാകും എന്നതാണു പദ്ധതിയുടെ പ്രധാന ഫലം.

എല്ലാ മേഖലകളിലും അധിക തൊഴില്‍ സൃഷ്ടിക്കുന്ന കാര്യത്തെക്കുറിച്ചാണ് പദ്ധതി ചര്‍ച്ച ചെയ്യുന്നത്. നിര്‍മാണ മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ഒരുലക്ഷം രൂപവരെ ശമ്പളമുള്ള ജീവനക്കാരുടെ കാര്യത്തില്‍ തൊഴിലുടമകള്‍ക്കു പ്രോത്സാഹനം ലഭിക്കും. കുറഞ്ഞത് ആറുമാസത്തേക്കു സ്ഥിരമായ തൊഴില്‍ ലഭിക്കുന്ന ഓരോ അധിക ജീവനക്കാരനും രണ്ടുവര്‍ഷത്തേക്കു പ്രതിമാസം 3000 രൂപ വരെ ഗവണ്മെന്റ് പ്രോത്സാഹനം നല്‍കും എന്നത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ തൊഴില്‍ ഉടമകള്‍ക്ക് ഉത്സാഹം പകരും. നിര്‍മാണമേഖലയ്‌ക്ക്, മൂന്നാമത്തെയും നാലാമത്തെയും വര്‍ഷങ്ങളിലേക്കും പ്രോത്സാഹനം വ്യാപിപ്പിക്കുകയും ചയ്യും.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഏകദേശം 2.60 കോടി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു തൊഴിലുടമകള്‍ക്കു പ്രോത്സാഹനം നല്‍കാന്‍ ഇത് സഹായിക്കുമെന്നു പ്രതീക്ഷിക്കാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക