ഭരണഘടനയോടുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ, കാഴ്ചപ്പാടിനെ വിശകലനം ചെയ്യുമ്പോള്‍ ഒഴിവാക്കാന്‍ കഴിയാത്ത നിരവധി വ്യക്തികളും രേഖകളുമുണ്ട്. അതില്‍ പ്രധാനപ്പെട്ട വ്യക്തികളില്‍ ഇഎംഎസ് നമ്പൂതിരിപ്പാട്, ബി.ടി. രണദിവെ, പി. ഗോവിന്ദപ്പിള്ള എന്നീ പ്രമുഖര്‍ ഉള്‍പ്പെടും. സിപിഎമ്മിന്റെ ഔദ്യോഗിക പ്രസാധകരായ ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ‘ഇന്ത്യന്‍ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാര്‍ക്സിസ്റ്റ് അന്വേഷണം’ (2005) എന്ന പുസ്തകത്തില്‍, പ്രസ്തുത വിഷയത്തില്‍ മേല്‍പ്പറഞ്ഞ പാര്‍ട്ടി നേതാക്കളുടെ ദീര്‍ഘലേഖനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാരതമെന്ന റിപ്പബ്ലിക്കിന്റെ അടിസ്ഥാന ഘടകങ്ങളായ ജനാധിപത്യം, പരമാധികാരം, ഭരണഘടന, നീതിന്യായ വ്യവസ്ഥ മുതലായവയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുക വഴി സി പി എം എന്ന ദേശീയ-ഭരണഘടനാ വിരുദ്ധ പ്രസ്ഥാനത്തെ സമൂഹമധ്യത്തില്‍ തുറന്നു കാണിക്കുകയാണ് ചിന്ത പബ്ലിഷേഴ്സ് ചെയ്തത്.
ഏതൊരു നിരോധിത മാവോയിസ്റ്റ് സാഹിത്യത്തെയും നാണിപ്പിക്കുന്ന തരത്തില്‍ ഭരണഘടനാ വിരുദ്ധത കുത്തിനിറച്ച ഈ പുസ്തകത്തിലെ ലേഖനങ്ങള്‍ ഒന്നൊന്നായി വായനയ്ക്കും വിലയിരുത്തലിനും വിധേയമാക്കേണ്ട കാലമാണിത്. കാരണം, തങ്ങള്‍ കേന്ദ്ര ഭരണത്തില്‍ വിഹിതവും അവിഹിതവുമായി പങ്കുപറ്റിയിരുന്ന ഒരു കാലഘട്ടത്തിലും, അവിടെ നിന്ന് ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞ്, ഒരു ദേശീയപാര്‍ട്ടി എന്ന സ്ഥാനത്തിനുള്ള അര്‍ഹതപോലും നഷ്ടപ്പെട്ടു നില്ക്കുന്ന വര്‍ത്തമാനകാലത്തിലും ഈ രാജ്യത്തെ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും സിപിഎം എങ്ങനെ നോക്കിക്കാണുന്നു എന്നത് പ്രധാനമാണ്. ഈ താരതമ്യത്തിലൂടെ സിപിഎമ്മിന്റെ പൊയ്മുഖം തകര്‍ന്നു വീഴുമ്പോള്‍, ശരിവയ്ക്കപ്പെടുന്നത് അംബേദ്കര്‍ എന്ന മഹാമനീഷിയുടെ പ്രവചന സ്വഭാവവുള്ള ഒരു പ്രഖ്യാപനം കൂടിയാണ്- കമ്യൂണിസ്റ്റുകളാണ് ഭാരത ഭരണഘടനയുടെ ശത്രുക്കള്‍!
ഭാരതത്തിന്റെ ഭരണഘടനയെ ‘ചൂഷക വര്‍ഗ്ഗത്തിന്റെ ഉപകരണം’ എന്ന് സ്ഥാപിച്ചെടുക്കാന്‍ 2005 ല്‍ പുനഃപ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ ആമുഖത്തില്‍ പി. ഗോവിന്ദപ്പിള്ള നടത്തുന്ന ഭാരത വിരുദ്ധ പരാമര്‍ശങ്ങള്‍, ഉള്ളടക്കത്തില്‍ വരാനിരിക്കുന്ന ഭരണഘടന-രാഷ്ട്ര വിരുദ്ധതയുടെ ആഗോള രാഷ്ട്രീയ പ്രസക്തിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചൈനയാണ് യഥാര്‍ത്ഥത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നും, ഏറിപ്പോയാല്‍ ഭാരതത്തെ ഏറ്റവും വലിയ ബൂര്‍ഷ്വ ജനാധിപത്യ രാജ്യം എന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയൂ എന്നും ഗോവിന്ദപ്പിള്ള ആമുഖത്തില്‍ എഴുതുന്നു. ചൈനീസ് സോഷ്യലിസ്റ്റ് വ്യവസ്ഥയെ ജനാധിപത്യമായി അംഗീകരിക്കാത്തവര്‍ മാത്രമാണ് ഭാരതത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി വിശേഷിപ്പിക്കുന്നതെന്ന് പറയാനുള്ള രാഷ്ട്രീയ ഔദ്ധത്യം മോദിയുടെ കാലത്തെ സിപിഎമ്മിന് ഇല്ലെങ്കിലും, അന്നത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ ഒപ്പം ചേര്‍ന്ന് രാഷ്ട്രീയ-വിദ്യാഭ്യാസ-വിദേശകാര്യ മേഖലകളെ പിന്നില്‍ നിന്ന് നിയന്ത്രിച്ചിരുന്ന കമ്യൂണിസ്റ്റുകള്‍ക്ക് ഉണ്ടായിരുന്നു.
‘ചൈന കഴിഞ്ഞാല്‍ ജനസംഖ്യ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രമാണ് ഇന്ത്യ. അതുകൊണ്ട് ചൈനീസ് സോഷ്യലിസ്റ്റ് വ്യവസ്ഥയെ ജനാധിപത്യമായി അംഗീകരിക്കാത്തവര്‍ ഇന്ത്യയെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി വിശേഷിപ്പിക്കുന്നു. ചൈനയെ ഏറ്റവും വലിയ ജനകീയ ജനാധിപത്യ രാഷ്ട്രമെന്നോ തൊഴിലാളിവര്‍ഗ്ഗ ജനാധിപത്യ രാഷ്ട്രമെന്നോ വിശേഷിപ്പിക്കുന്ന പക്ഷം ഇന്ത്യയെ ഏറ്റവും വലിയ ബൂര്‍ഷ്വാ ജനാധിപത്യ രാഷ്ട്രം എന്ന് വിശേഷിപ്പിക്കാവുന്നതാണ്,’ ഗോവിന്ദപ്പിള്ള തന്റെ പാര്‍ട്ടിയുടെ അഭിപ്രായം തുറന്ന് എഴുതുന്നു.
എന്താണ് ഇന്ത്യന്‍ ഭരണഘടനയുടെ വര്‍ഗ്ഗസ്വഭാവം? സിപിഎമ്മിന്റെ പരിപാടിയില്‍ നി
ര്‍വചിക്കുന്നത് ഇങ്ങനെ: ‘മുതലാളിത്ത വികസന പാത പിന്തുടരുന്നതിനായി വിദേശ ഫിനാന്‍സ് മൂലധനവുമായി കൂടുതല്‍ കൂടുതല്‍ സഹകരിക്കുന്നതും വന്‍കിട ബൂര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്നതുമായ ബൂര്‍ഷ്വാ- ഭൂപ്രഭു ഭരണത്തിന്റെ ഉപകരണമാണ് ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടം. നാടിന്റെ ജീവിതത്തില്‍ ഭരണകൂടം നിര്‍വഹിക്കുന്ന പങ്കിന്റെയും നടത്തുന്ന പ്രവര്‍ത്തനത്തിന്റെയും സത്ത അടിസ്ഥാനപരമായി നിര്‍ണയിക്കുന്നത് ഈ വര്‍ഗ സ്വഭാവമാണ്.’ ഈ ലേഖനങ്ങളിലെ ഭരണഘടനാ വിരുദ്ധത പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതും ഈ വിഷയത്തില്‍ സിപിഎമ്മിനെ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടതുമാണ്. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ നാം വിലയിരുത്തുന്നത് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ പാസ്സാക്കിയ വിവാദമായ ഭരണഘടനാ ഭേദഗതികളെക്കുറിച്ചുള്ള സിപിഎമ്മിന്റെ നിലപാടും, വര്‍ത്തമാനകാലത്ത് അതില്‍നിന്ന് പാര്‍ട്ടി നടത്തിയ നയ വ്യതിയാനത്തെക്കുറിച്ചുമാണ്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ ഒരു പ്രസംഗത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥക്കാലത്തെ ഭരണഘടനാ ഭേദഗതികള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നു. ന്യൂദല്‍ഹിയില്‍ ഡോ. അംബേദ്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററും ഹിന്ദുസ്ഥാന്‍ സമാചാറും ഇന്ദിരാഗാന്ധി കലാകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ദത്താത്രേയ ഹൊസബാളെ നടത്തിയ പ്രഭാഷണമാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ‘അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയുടെ ആമുഖത്തില്‍ രണ്ട് വാക്കുകള്‍ പുതുതായി ചേര്‍ക്കപ്പെട്ടു. സോഷ്യലിസവും സെക്കുലറിസവും. ഈ വാക്കുകള്‍ മുമ്പ് ആമുഖത്തില്‍ ഉണ്ടായിരുന്നില്ല. സോഷ്യലിസം എന്ന ആശയം ഭാരതത്തില്‍ എന്നന്നേക്കുമായി സ്വീക രിക്കപ്പെടേണ്ടതാണോ? മതേതരത്വം എന്ന വാക്കും ആമുഖത്തില്‍ ഉണ്ടായിരുന്നില്ല. അത് രാജ്യത്തിന്റെ നയം എന്ന നിലയ്ക്ക് സ്വീകരിക്കപ്പെട്ടതാണ് എന്നതു ശരിതന്നെ. എന്നാല്‍ ആമുഖത്തില്‍ പിന്നീട് ചേര്‍ക്കപ്പെട്ടതാണ്. പിന്നീട് ഇവയെ നീക്കാനു
ള്ള ഒരു ഉദ്യമവും ഉണ്ടായില്ല. ചര്‍ച്ചകള്‍ നടന്നു, വാദ വിവാദങ്ങളുണ്ടായി. എന്നാല്‍ ഈ വാക്ക് ആവശ്യമാണോ എന്ന് നാം പുനഃപരിശോധിക്കേണ്ടതുണ്ട്.’ അദ്ദേഹത്തിന്റെ ഈ നിരീക്ഷണത്തെ ഭരണഘടനയ്ക്കെതിരായ കടന്നുകയറ്റമായാണ് ഇടത് മാധ്യമങ്ങളും ഇടത് രാഷ്ട്രീയ പാര്‍ട്ടികളും വിശേഷിപ്പിച്ചത്.
ഇതേ ഭരണഘടനാ ഭേദഗതികളെപ്പറ്റി സിപിഎമ്മിന്റെ അഭിപ്രായം മുമ്പ് എന്തായിരുന്നെന്ന് പരിശോധിക്കാം. അടിയന്തരാവസ്ഥക്കാലത്തെ സോഷ്യലിസം-സെക്കുലറിസം ഭരണഘടനാ ഭേദഗതിക്കെതിരെ 1976 ജൂണില്‍ സിപിഎം ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയുണ്ട്. അതിന്റെ മലയാളം പതിപ്പ് 2005ല്‍ സിപിഎമ്മിന്റെ ഔദ്യോഗിക പ്രസാധകര് ഒരു ലേഖന സമാഹാരത്തില്‍ ഉള്‍പ്പെടുത്തി പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ ലേഖനത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെപ്പറ്റി സിപിഎമ്മിന്റെ നേതാവും ബുദ്ധിജീവിയുമായിരുന്ന പി. ഗോവിന്ദപ്പിള്ള ആമുഖത്തില്‍ പ്രസ്താവിച്ചിരിക്കുന്നത് എന്തെന്ന് നോക്കാം. ‘ഈ സമാഹാരത്തിലെ ആറാമത്തെ ലേഖനം വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്.
1975 മുതല്‍ 1977 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയില്‍ കുറേയേറെ മാറ്റങ്ങള്‍ വരുത്താന്‍ അടിയന്തരാവസ്ഥയുടെ ഉപജ്ഞാതാവും ഗുണഭോക്താവുമായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തീരുമാനിച്ചു. ഇന്ദിരാഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിയേയും അതിനെ മിക്കവാറും സ്ഥിരീകരിച്ചുകൊണ്ട് സുപ്രീംകോടതി ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ പുറപ്പെടുവിച്ച വിധിന്യാ
യത്തെയും അസ്ഥിരപ്പെടുത്തുന്നതുള്‍പ്പെടെ അടിയന്തരാവസ്ഥയ്ക്കും പൗരസ്വാതന്ത്ര്യനി
ഷേധങ്ങള്‍ക്കും നിയമപരമായ അടിത്തറ നല്കാന് ഉതകുന്ന ഭേദഗതികള്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു ഇന്ദിരാഗാന്ധിയുടെ ലക്ഷ്യം. അതേസമയം അടിയന്തരാവസ്ഥ പ്രഖ്യാപനവും ഭരണഘടനാഭേദഗതിയും മറ്റും തന്റെ ഫാസിസ്റ്റ് പ്രവണതയല്ല നേരെമറിച്ച് ഫാസിസ്റ്റ് പ്രവണതക്കാരെ പരാജയപ്പെടുത്തി ജനാധിപത്യവും സോഷ്യലിസവും നടപ്പാക്കാനുള്ള ശ്രമമാണെന്നും വരുത്തി തീര്‍ക്കാനുള്ള ചില ഭേദഗതികളും ഭരണഘടനക്കായി അവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഉദാഹരണത്തിന് ഭരണഘടനയുടെ ആമുഖത്തില്‍ ആദ്യം ഇന്ത്യ ഒരു സോവറിന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അടിയന്തരാവസ്ഥ കാലത്തെ ഭേദഗതികളില്‍ ഒന്ന് ഇന്ത്യ മതനിരപേക്ഷവും സോഷ്യലിസ്റ്റും ആണെന്നുകൂടി എഴുതിച്ചേര്‍ത്തു. ഇതുപോലെ മറ്റു പലതും പൊതുജനാഭിപ്രായത്തെ അടിയന്തരാവസ്ഥയ്ക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യത്തില്‍ എഴുതി ചേര്‍ത്തതാണ്. ഈ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ മുന്‍കൂറായി വിവിധ പാര്‍ട്ടികള്‍ക്ക് അയച്ചുകൊടുക്കുകയും അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുകയും ചെയ്തിരുന്നു ഈ ക്ഷണപ്രകാരം സിപിഐഎം ഭരണഘടനയ്ക്ക് നിര്‍ദ്ദേശിച്ച ഭേദഗതികളും അടിയന്തരാവസ്ഥയെ ന്യായീകരിക്കുന്നതുള്‍പ്പെടെയുള്ള ഇന്ദിരയുടെ നടപടികളെ തുറന്നു കാട്ടുന്നതുമായ പഠനാര്‍ഹവും പ്രസക്തവുമായ വിലപ്പെട്ട രേഖയാണ് ആറാമത്തെ അധ്യായം.
നാളെ: സോഷ്യലിസം മതേതരത്വം : സിപിഎം വിലയിരുത്തല്‍
(മാധ്യമപ്രവര്‍ത്തകനും സെന്റര്‍ ഫോര്‍ സൗത്ത് ഇന്ത്യന്‍ സ്റ്റഡീസില്‍ ഫെല്ലോയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: