Kerala

ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന വാദവുമായി പ്രതി നൗഷാദ്, താൻ പോലീസിൽ കീഴടങ്ങുമെന്നും സൗദിയിൽ നിന്ന് വീഡിയോ

Published by

കോഴിക്കോട്: സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മുഖ്യപ്രതി നൗഷാദ്. സൗദി അറേബ്യയിൽനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നൗഷാദിന്റെ പ്രതികരണം. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയപ്പോൾ മറവ് ചെയ്യുകയല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നുവെന്നും താൻ ഒളിച്ചോടിയതല്ലെന്നും പ്രതി വീഡിയോയിലൂടെ പറഞ്ഞു. രണ്ടുമാസത്തെ വിസിറ്റിംഗ് വിസക്ക് സൗദിയിൽ എത്തിയതാണെന്നും വിദേശത്തേക്ക് പോകുന്നത് പൊലീസിന് അറിയാമെന്നും, തിരിച്ചുവന്നാൽ ഉടൻ പൊലീസിനു മുന്നിൽ ഹാജരാകുമെന്നും നൗഷാദ് വ്യക്തമാക്കി.

തനിക്കും തന്റെ സുഹൃത്തുക്കൾക്കും ഉൾപ്പെടെ ഹേമചന്ദ്രൻ പണം നൽകാൻ ഉണ്ടെന്നും, മുപ്പതോളം പേർക്ക് പണം കൊടുക്കാനുണ്ട് എന്ന് ഹേമചന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും പ്രതി നൗഷാദ് പറയുന്നു. ആത്മഹത്യ ചെയ്തതിനാൽ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നും പ്രതി ആവശ്യപ്പെട്ടു.

ഒന്നാം പ്രതി നൗഷാദ് വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. രണ്ടും മൂന്നും പ്രതികളായ സുല്‍ത്താന്‍ബത്തേരി സ്വദേശികളായ ജ്യോതിഷ് കുമാര്‍, ബി എസ് അജേഷ് എന്നിവര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. നൗഷാദിന് വേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. 2024 മാര്‍ച്ചില്‍ കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ ചേരമ്പാടി വനത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.

അതേ സമയം, 2024 മാര്‍ച്ച് 20-നാണ് പ്രേമചന്ദ്രനെ കാണാതാകുന്നത്. കാണാതാകുന്ന സമയത്ത് ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മായനാട് നടപ്പാലത്ത് എന്ന സ്ഥലത്ത് വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. തിഹേമചന്ദ്ര​ന്റെ കൊലപാതകത്തിൽ വഴിത്തിരിവായത് മകളുടെ ഫോണ്‍ കോൾ ആണ്. പിതാവിന്റെ ശബ്ദത്തില്‍ സംശയം തോന്നിയതോടെ മകള്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹേമചന്ദ്ര​ന്റേത് കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയത്. ഹേമചന്ദ്രനുമായി സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്ന പ്രതികള്‍ ജോലിക്ക് ആളെ വേണമെന്ന് ദിന പത്രത്തില്‍ പരസ്യം നല്‍കി. പരസ്യം കണ്ട് വന്ന സ്ത്രീയെ ഉപയോഗിച്ച് ഹേമചന്ദ്രനെ ട്രാപ്പില്‍ വീഴ്‌ത്തുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഈ സ്ത്രീയാണ് ഹേമചന്ദ്രനെ വയനാട്ടിലേക്ക് വിളിച്ചു വരുത്തിയത്. അവിടെ വെച്ചായിരുന്നു കൊലപാതകം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by