Kerala

വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ചു ; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

Published by

കാസർകോട്: അഹമ്മദാബാദ് എയർ ഇന്ത്യാ വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ച കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജനരോഷം ശക്തമായതിനു പിന്നാലെയാണ് നടപടി . പലരും ഇയാളെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

രഞ്ജിതയെയും നായർ സമുദായത്തെയും അപമാനിച്ച് ‘Pavi Anandashram’ എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് ഇയാൾ പോസ്റ്റ് പങ്ക് വച്ചത്. രജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റിട്ടത് . സംഭവം വിവാദമായതോടെ ഡിലീറ്റ് ചെയ്യുകയും ചെയ്തു .

ഇത് മാത്രമല്ല ആദരാഞ്ജലി അർപ്പിച്ച് പങ്ക് വച്ച പോസ്റ്റിലും ഇയാൾ രഞ്ജിതയെ ആക്ഷേപിച്ചിരുന്നു . ‘ കേരളത്തിലെ ഒരു നായർ സ്ത്രീ മരിച്ചു. കേരളത്തിലെ സർക്കാർ ജോലിയിൽ നിന്നും ലീവ് എടുത്ത് ഒരാളുടെ അവസരം കളഞ്ഞു. യുകെയിലേക്ക് പോയതാണ് …ഒന്നും തോന്നുന്നില്ല’ എന്നായിരുന്നു പവിത്രന്റെ പോസ്റ്റ്.

നേരത്തെ ആർഡിഒ നവീൻ ബാബു മരിച്ച സമയത്ത് പി പി ദിവ്യയെ പിന്തുണച്ചും കോടതിയെ വെല്ലുവിളിച്ചും ഇയാൾ പോസ്റ്റിട്ടിരുന്നു. ‘ ദിവ്യയ്‌ക്ക് ജാമ്യം നിഷേധിച്ച നടപടി തീർത്തും തെറ്റായ നടപടി ആണ് . നവീൻ ബാബു സാർ കൈക്കൂലി വാങ്ങിച്ചു എന്നതിൽ ഒരു കാര്യവും അറിയാനില്ല. ഒരു ജില്ലാ നേതാവിന് യാത്രയയപ്പിൽ പങ്കെടുക്കാൻ പാടില്ലാ എന്നുണ്ടോ . ഇതെന്താ വെള്ളരിക്കാ പട്ടണം ആണോ . ദിവ്യ ഇനിയും പങ്കെടുക്കും . ആരാണ് ചോദിക്കാൻ . കോടതി ഞങ്ങൾക്ക് പുല്ലാണ് . ദിവ്യയെ അറസ്റ്റ് ചെയ്യാൻ വരുന്നവരെ കാണിച്ചുതരും’, എന്നായിരുന്നു ഇയാളുടെ പോസ്റ്റ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by