Kerala

ഈ വിദ്യാലയം തുറക്കുന്നു, എഴുത്തച്ഛനിലൂടെ

Published by

കോഴിക്കോട്: പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ വടകരയിലെ ഡയറ്റില്‍ (ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷണല്‍ ട്രെയിനിങ്) നിന്നൊരു നല്ലവാര്‍ത്ത. അവിടെ ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചു. തുഞ്ചത്ത് എഴുത്തച്ഛന്‍ പഠന കേന്ദ്രവും തുടങ്ങി. കേരളത്തില്‍ സംസ്‌കൃത അദ്ധ്യാപകരാകാന്‍ പഠിപ്പിക്കുന്ന ഏക ഡയറ്റ് വടകരയിലെ കോഴിക്കോട് ജില്ലാ ഡയറ്റാണ്.

ഡയറ്റ് മുറ്റത്ത് എഴുത്തച്ഛന്റെ അര്‍ധകായ പ്രതിമ സ്ഥാപിച്ചതു സര്‍ക്കാരല്ല. 1982-84 ബാച്ചിലെ ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തിനായി എന്തെങ്കിലും ചെയ്യാന്‍ സന്നദ്ധരായി പ്രിന്‍സിപ്പല്‍ ഡോ. യു.കെ. അബ്ദുനാസറിനെ സമീപിച്ചു. സംസ്‌കൃത അദ്ധ്യാപക പഠന വിഭാഗത്തിനായി സംസ്‌കൃത പുസ്തകങ്ങള്‍ സമ്പാദിച്ചു തരിക, അല്ലെങ്കില്‍ ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുക എന്നീ നിര്‍ദേശങ്ങളാണ് അബ്ദുനാസര്‍ മുന്നോട്ടുവച്ചത്.

-->

ഇവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥിയും ശില്‍പ്പിയുമായ ഹംസത്ത് പാലക്കീഴ് എഴുത്തച്ഛന്റെ ശില്‍പ്പമൊരുക്കി. ഏപ്രില്‍ ആദ്യവാരം ശില്‍പ്പം ഡയറ്റ് മുറ്റത്തു സ്ഥാപിച്ചു.

പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമ പരിപാടിയായ സ്മൃതിമധുരത്തോടനുബന്ധിച്ച്, ഡയറ്റില്‍ 1982ലെ മുതിര്‍ന്ന അധ്യാപകരായിരുന്ന ശ്രീധരന്‍, ദാമോദരന്‍ എന്നിവരെ ആദരിച്ചു.
ഒരു ബാച്ചിലൂടെ 50 സംസ്‌കൃത അധ്യാപകരെ പരിശീലിപ്പിക്കുന്ന വടകര ഡയറ്റില്‍ സംസ്‌കൃത പഠനത്തിനു വിപുലമായ സൗകര്യമൊരുക്കാനുള്ള ആസൂത്രണങ്ങള്‍ നടക്കുന്നു.

ആകുന്നത്ര സംസ്‌കൃത ഗ്രന്ഥങ്ങളും പഠന സാമഗ്രികളും സമാഹരിക്കുക, എഴുത്തച്ഛന്‍ ചത്വരം സാംസ്‌കാരിക പരിപാടികള്‍ക്കു വേദിയാക്കുക, മികവുറ്റ സംസ്‌കൃത പഠന കേന്ദ്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ എല്ലാവരുടെയും സഹകരണം ഉറപ്പാക്കാനുള്ള നടപടികള്‍ ആവിഷ്‌കരിക്കുകയാണെന്നു പ്രിന്‍സിപ്പല്‍ അബ്ദുനാസര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക