”ഇത് ഭാരതത്തിന്റെ ദശകം മാത്രമല്ല, ഇത് ഭാരതത്തിന്റെ നൂറ്റാണ്ട് കൂടിയായിരിക്കും,” എന്നാണ് അന്താരാഷ്‌ട്ര മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ ‘മക്കിന്‍സീ’ മൂന്ന് വര്‍ഷം മുമ്പേ തന്നെ പ്രവചിച്ചിരുന്നത്. കൊവിഡിന് ശേഷം ഭാരതം കൈക്കൊണ്ട നടപടികളും അതേ തുടര്‍ന്ന് രാജ്യം ആര്‍ജിച്ച സാമ്പത്തിക വളര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് ഈ പ്രവചനം മക്കിന്‍സിയുടെ തലവന്‍ ബോബ് സ്റ്റെര്‍ന്‍ഫെല്‍സ് 2022 ല്‍ നടത്തിയത്.
അതുകൊണ്ട് തന്നെ ഭാരതം, ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായി ഉയര്‍ന്നിരിക്കുന്നു എന്നുള്ള വാര്‍ത്ത ഈ മേഖലയെ നിരീക്ഷിക്കുന്നവര്‍ പ്രതീക്ഷിച്ചതായിരുന്നു. നിതി ആയോഗിന്റെ തലവന്‍ ബി.വി. സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം ഇതൊരു പ്രസ്താവനയില്‍ പറയുകയുണ്ടായി. നിതി ആയോഗിലെ അംഗമായ അരവിന്ദ് വേര്‍മാനി പറയുന്നത് ഈ വര്‍ഷാവസാനത്തോടെ ഇത് സംഭവിക്കും എന്നാണ്. വീക്ഷണത്തില്‍ വന്ന ഒരു പൊരുത്തക്കേട് മാത്രം.
അഞ്ചാം സ്ഥാനത്താണോ നാലാം സ്ഥാനത്തെത്തിയോ എന്നുള്ളത് ശരിക്കും പറഞ്ഞാല്‍ ഒരു പ്രശ്‌നമേ അല്ല. കാരണം 2027/ 28ഓടു കൂടി ഭാരതം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവും എന്നുള്ളത് അന്താരാഷ്‌ട്ര നാണയ നിധി അടക്കമുള്ള ഏജന്‍സികള്‍ അംഗീകരിച്ചുകഴിഞ്ഞു. ജര്‍മനിയും ജപ്പാനും ആയിട്ടുള്ള അന്തരം നാമമാത്രം എന്നുള്ളതിലുപരി ഈ രണ്ടു രാജ്യങ്ങളുടെയും വളര്‍ച്ച 0-1 ശതമാനം എന്ന തോതിലാണ്. ഇന്ന് ലോകത്തെ ഏറ്റവും വലുപ്പമുള്ള സമ്പദ്ഘടനകളില്‍ വച്ചേറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ഭാരതത്തിനാണുള്ളത്.
ഈ വര്‍ഷത്തെ വളര്‍ച്ച അനുമാനങ്ങള്‍ താഴെയുള്ള പട്ടികയില്‍ ഒന്ന് നോക്കുക
U.S 1.18%.
China 4%. Germany (-) 0.1%.
Japan 0.6%.
India 6.2%
എങ്ങനെയാണ് ഭാരതത്തിന് താരതമ്യേന ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നേടാന്‍ സാധിച്ചത്? ഇനിയുള്ള വര്‍ഷങ്ങളിലും ഇതേ നിരക്ക് നിലനിര്‍ത്താന്‍ സാധിക്കുമോ? കൂടാതെ വികസ്വര രാഷ്‌ട്രത്തില്‍ നിന്ന് ”വികസിത ഭാരത്” എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര എങ്ങനെ നാം ഉറപ്പാക്കും? ഈ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയേറുന്നു. വസ്തുതകളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 10 കാരണങ്ങള്‍ ഭാരത സമ്പദ്ഘടനയുടെ വളര്‍ച്ചക്ക് ആധാരമാണ്.
കൊവിഡിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ എടുത്ത നടപടികളാണ് പ്രധാനമായും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ഭാരതത്തിന് പെട്ടന്നുതന്നെ കൈവരിക്കുവാന്‍ ആ കാലഘട്ടത്തില്‍
ഉതകിയത്. 20 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു എന്ന് മാത്രമല്ല ദ്രുതഗതിയില്‍ ആ പാക്കേജ് നടപ്പിലാക്കി എന്നുള്ളതും ഓര്‍ക്കേണ്ടതുണ്ട്. ഇതേ തുടര്‍ന്നാണ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നമുക്ക് 9 ശതമാനത്തിലധികമായ വളര്‍ച്ച നേടാന്‍ സാധിച്ചത്.
ഈ വളര്‍ച്ച തിരിച്ചുപിടിക്കല്‍ മൊത്തത്തില്‍ സമ്പദ് ഘടനയുടെ എല്ലാ വിഭാഗങ്ങളുടെയും മനോവീര്യം (മൊറേല്‍) ഉയര്‍ത്തുവാന്‍ സഹായിച്ചു. രാഷ്‌ട്രീയ നേതൃത്വത്തില്‍ സാധാരണ ജനങ്ങളുടെയും സംരംഭകരുടെയും വിശ്വാസം (ട്രസ്റ്റ്) ഊട്ടിയുറപ്പിക്കുകയും ചെയ്തു. സാമ്പത്തിക ശാസ്ത്രം ഈ രണ്ടു ഘടകങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ഒരു പക്ഷെ മറ്റെല്ലാ സൗകര്യങ്ങളുണ്ടെകിലും മനോവീര്യവും വിശ്വാസവുമില്ലെങ്കില്‍ ഒരു സമ്പദ്ഘടനയ്‌ക്കും വളര്‍ച്ച തുടര്‍ന്ന് നേടാന്‍ സാധ്യമല്ല. നോബല്‍ സമ്മാന ജേതാവായ എഡ്മണ്ട് ഫെല്‍പ്സ് (അമേരിക്ക) പോലെയുള്ളവര്‍ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് കൂടാതെ തുടര്‍ച്ചയായി അന്നുതൊട്ടുള്ള എല്ലാ കേന്ദ്ര ബജറ്റുകളിലും അടിസ്ഥാന സൗകര്യ വികാസത്തിനായി അഭൂതപൂര്‍വമായ നീക്കിയിരുപ്പ് വരുത്തുകയുണ്ടായി. നീക്കിയിരുത്തി എന്ന് മാത്രമല്ല പറഞ്ഞ തുകകള്‍ മിക്കവാറും എല്ലാ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ചിലവാക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കഴിഞ്ഞ നാലു വര്‍ഷത്തെ ബജറ്റ് നീക്കിയിരുപ്പിന്റെ കണക്കു നോക്കുക.
2022 5.54 ലക്ഷം കോടി രൂപ
2023 7.5 ലക്ഷം കോടി രൂപ
2024 10 ലക്ഷം കോടി രൂപ
2025 11.11 ലക്ഷം കോടി രൂപ
അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ഭാരതത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ചിലവാണ്. പക്ഷെ റഷ്യ, ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് സമര്‍ത്ഥമായ വിദേശനയ ആഖ്യാനത്തിലൂടെ അന്താരാഷ്‌ട്ര വിപണിയിലെ വിലയിലും താഴ്ന്ന നിരക്കില്‍ റഷ്യന്‍ എണ്ണ ഭാരതം ഇറക്കുമതി ചെയ്തു എന്നുള്ളത് സര്‍ക്കാരിന്റെ ചിലവ് കുറയ്‌ക്കാന്‍ ഗുണം ചെയ്തു വിദേശ നയം ലോകമെമ്പാടും ആദര്‍ശ പരിവേഷങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് പ്രായോഗിക തലത്തിലേക്ക് മാറിയപ്പോള്‍ വരട്ടു ന്യായങ്ങള്‍ പറയാതെ രാഷ്‌ട്രത്തിനെന്താണോ ഗുണം അത് ചെയ്തു എന്നുള്ളതില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ഇതിന്റെയെല്ലാം ഇടയില്‍ സാധാരണക്കാരുടെ ദൈനംദിന പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി കൊവിഡ് സമയത്ത് തുടങ്ങിയ സൗജന്യ അരി വിതരണം എല്ലാ വിഭാഗക്കാര്‍ക്കും ലഭ്യമാക്കി എന്നുള്ളത് ജനകീയ നടപടിയായി. ഏകദേശം 82 കോടി ആള്‍ക്കാര്‍ക്കു ഇന്നും സൗജന്യമായി റേഷന്‍ അരി നല്‍കുന്നു . (ഇത് ഏറ്റവും പാവപ്പെട്ടവര്‍ക്ക് (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക്) മാത്രമാക്കി പരിമിതപ്പെടുത്തിക്കൂടേ എന്നത് ന്യായമായ ചോദ്യമായി ബാക്കി നില്‍ക്കുന്നു).
രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം (ഉല്‍പാദനാനുബന്ധ പ്രോത്സാഹന പദ്ധതി) ചില മേഖലകളിലെങ്കിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. ഉദാഹരണമായി അമേരിക്കയിലേക്ക് ആപ്പിള്‍ ഐ ഫോണ്‍ കയറ്റുമതി ഇന്ത്യയില്‍ നിന്നും തുടങ്ങി. കൂടാതെ ഈ പദ്ധതി മരുന്നുല്‍പാദന രംഗത്തും വലിയ മാറ്റം കൊണ്ടുവന്നു. (13 മേഖലകളില്‍ ഉത്പാദകര്‍ക്ക് 2 ലക്ഷം കോടിയോളം നല്‍കാനുള്ള പദ്ധതിയാണ് പി എല്‍ ഐ പദ്ധതി).
സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ വിപ്ലവകരം എന്ന് പറയാം. ഇതുമൂലം ഇന്ന് 500 കോടി രൂപ വരെ വിറ്റുവരവുള്ള യൂണിറ്റുകള്‍ എംഎസ്എംഇ വിഭാഗത്തില്‍പ്പെടുന്നു, അവയുടെ മെഷിനറി മുതലായവയില്‍ ഉള്ള നിക്ഷേപം 125 കോടി രൂപയ്‌ക്കാകാത്തതാണെങ്കില്‍ . വമ്പന്‍ കമ്പനികള്‍ അല്ലാത്ത ഒട്ടുമുക്കാല്‍ സംരംഭങ്ങളും അങ്ങനെ ”മുന്‍ഗണന വായ്പ” പരിധിയില്‍ വന്നിട്ടുണ്ട് ഇപ്പോള്‍.
നികുതി പിരിവിലാകട്ടെ വളരെയധികം കാര്യക്ഷമത സര്‍ക്കാരിന് കൊണ്ടുവരാന്‍ സാധിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബജറ്റില്‍ എത്ര തുകയാണോ പ്രതീക്ഷിച്ചത് അത്രയും തന്നെ തുക നികുതി വഴി പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചു എന്നുള്ളത് ബജറ്റിന്റെ തന്നെ വിശ്വാസ്യത വര്‍ധിപ്പിച്ചു. സംരംഭകരുടെ സര്‍ക്കാര്‍ നടപടികളിലുള്ള വിശ്വാസം വര്‍ധിച്ചു.
പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തതയ്‌ക്കുള്ള ഊന്നല്‍ രാജ്യത്തിന്റെ അകത്തുള്ള ഉത്പാദനം വര്‍ധിപ്പിച്ചു എന്ന് മാത്രമല്ല ഭാരതം പ്രതിരോധ രംഗത്ത് കയറ്റുമതി ചെയ്യാനും തുടങ്ങി. ഏകദേശം 25000 കോടി രൂപയുടെ കയറ്റുമതി ഇപ്പോള്‍ ഈ രംഗത്തുണ്ട്. കഴിഞ്ഞ ദശകത്തില്‍ പോലും നാമമാത്രമായിരുന്നു ഈ മേഖലയിലെ കയറ്റുമതി.
കാര്‍ഷിക മേഖലയില്‍ ഒരു പ്രധാനപ്പെട്ട മാറ്റം അരി, ഗോതമ്പ് എന്നിവ കൂടാതെയുള്ള വിളകളുടെ സംഭരണം കാര്യക്ഷമമായി നടത്തുവാനുള്ള നടപടികള്‍ ഫലം കണ്ടു. ഫുഡ് കോര്‍പറേഷന്‍ നേരത്തെ നടത്തിയിരുന്ന അരി, ഗോതമ്പ് സംഭരണം കൂടാതെ ഇപ്പോള്‍ നാഫെഡ് പോലെയുള്ള ഏജന്‍സികള്‍ വഴി സവാള, ഉരുളക്കിഴങ്ങ് മുതലായ കാര്‍ഷിക ഉല്‍പ്പന്നങ്ങളും കാര്യക്ഷമമായി സംഭരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് മൂലം കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പ് വരുത്തി എന്ന് മാത്രമല്ല സംഭരിച്ച വിളകളുപയോഗിച്ച് വിപണിയിലെ വില ഉപഭോക്താക്കള്‍ക്കനുകൂലമായി നിയന്ത്രിക്കുവാനും സര്‍ക്കാരിന് സാധിച്ചു. രാജ്യത്തെ വിലക്കയറ്റം പരിധിവിട്ടു പോകാത്തതിന്റെ പ്രധാന കാരണം ഈ സമീപനമാണ്.
മേല്‍പ്പറഞ്ഞ നേട്ടങ്ങളുടെ അര്‍ഥം നമ്മുടെ രാജ്യം ഉദ്ദേശിക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങളെല്ലാം നിറവേറ്റി എന്നല്ല. വസ്തുതകള്‍ തെളിയിക്കുന്നത് സര്‍ക്കാര്‍ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്നു എന്നാണ്. വ്യക്തമായിട്ടും ഇനിയും എത്രയോ കാതം മുന്നോട്ടു പോകാനുണ്ട് ”വികസിത ഭാരതം” എന്ന ലക്ഷ്യത്തില്‍ എത്താന്‍. മൂന്നാം സ്ഥാനത്തെത്തുമ്പോഴും നമ്മുടെ ആളോഹരി വരുമാനം (പെര്‍ക്യാപിറ്റ ജിഡിപി) വികസിത നിലവാരത്തിലേക്കെത്തും എന്ന് പറയാന്‍ കഴിയില്ല. ഇനി 20 വര്‍ഷത്തേയ്‌ക്കെങ്കിലും 7/8 ശതമാനം തുടര്‍ച്ചയായി വളര്‍ച്ച കൈവരിക്കേണ്ട ആവശ്യം രാജ്യത്തിനുണ്ട്.
ഒരു കാര്യം സര്‍ക്കാരിനുള്ള നിര്‍ദേശമായി ഇവിടെ സൂചിപ്പിച്ചു കൊള്ളട്ടെ. അന്ത്യോദയയിലൂന്നി (ഏറ്റവും പാവപ്പെട്ടവരുടെ ക്ഷേമം ലാക്കാക്കി) പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ മുന്നോട്ടു വച്ച സാമ്പത്തിക സിദ്ധാന്തം ഇതുവരെ അവതരിപ്പിക്കപ്പെട്ട ബജറ്റുകളിലോ സര്‍ക്കാരിന്റെ പരസ്യ പ്രസ്താവനകളിലോ അവ അര്‍ഹിക്കുന്ന പ്രാധാന്യം നേടി എന്ന് പറയാനാവുന്നില്ല. ദേശീയതയില്‍ ഊന്നി മുന്നേറുന്ന സര്‍ക്കാര്‍ കുറേക്കൂടി വിപുലമായി ഈ കാഴ്ചപ്പാട് വെളിവാക്കുകയും ആവര്‍ത്തിച്ചു പറയേണ്ട ആവശ്യകതയും ഉണ്ടെന്നാണ് എന്റെ അഭിപ്രായം. പക്ഷെ,രാജ്യത്തെ സമ്പദ്ഘടനയെ സംബന്ധിച്ച ഏറ്റവും ഗുണപരമായ കാര്യം രാഷ്‌ട്രീയ സ്ഥിരതയും, നടപടികളിലെ ദൃഢതയും, ”രാഷ്‌ട്രം ആദ്യം” എന്ന കാഴ്ചപ്പാടും, തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തിയുമാണ്. ഇവയുള്ളിടത്തോളം ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച നാം ഉറ്റുനോക്കുന്ന ലക്ഷ്യസ്ഥാനത്തേക്ക് തന്നെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: