Environment

ഈ ഉണ്ടകള്‍ക്ക് ഒരു ലക്ഷ്യമുണ്ട് ! മൃഗങ്ങള്‍ കാടിറങ്ങുന്നതു തടയും, വാഴൂരിനാവുന്നത് ഇതാണ്

Published by

കോട്ടയം: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരണത്തിനായി വനം വകുപ്പ് നടപ്പാക്കുന്ന വിത്തൂണ് പദ്ധതിയുടെ ഭാഗമായി വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മിച്ച വിത്തുണ്ടകള്‍ വനംവകുപ്പിന് കൈമാറി. സംസ്ഥാനത്ത് ഒരു ബ്ലോക്ക് പഞ്ചായത്തിനുകീഴില്‍ വിത്തൂണ് പദ്ധതി നടപ്പാക്കുന്നത് ഇതാദ്യമാണ്.
വന്യമൃഗങ്ങള്‍ക്ക് ഇഷ്ടമുള്ള ഫലങ്ങളുടെ വിത്തുകള്‍ ജൂണ്‍,ജൂലൈ മാസങ്ങളില്‍ വനത്തിനുള്ളില്‍ വിതറുന്ന വനംവകുപ്പിന്റെ നൂതനപദ്ധതിയാണ് വിത്തൂണ്.
ചക്കക്കുരു ,കശുവണ്ടി, മാങ്ങാണ്ടി തുടങ്ങിയ വിത്തുകള്‍ ശേഖരിച്ച് മണ്ണ് അരിച്ചെടുത്ത് രണ്ടുചട്ടിക്ക് ഒരു ചട്ടി പച്ചച്ചാണകം എന്ന അനുപാതത്തില്‍ കുഴച്ചെടുത്ത് അതിനുള്ളില്‍ വിത്ത് നിക്ഷേപിച്ച് ഉണക്കി എടുക്കുന്നതാണ് വിത്തുണ്ട. വെയിലുകൊണ്ട് ഉണങ്ങാത്തതിനാല്‍ ഇത് വിത്തിനെ മുളപ്പിക്കും.
കാടിറങ്ങാതെ വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ ഫലങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
പതിനായിരം വിത്തുണ്ടകളാണ് ബ്ലോക്ക് പഞ്ചായത്ത് വനം വകുപ്പിന് കൈമാറിയത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് വിത്തുണ്ടകള്‍ വനം വകുപ്പ് മണിമല പ്ലാച്ചേരി റേഞ്ച് ഓഫീസര്‍ സുരേഷ് കുമാറിന് കൈമാറി .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by