എറണാകുളത്തെ ശ്രീലക്ഷ്മി ബായ് ധര്‍മ പ്രകാശന്‍ എന്ന സ്ഥാപനം നമുക്കെല്ലാം വഴികാട്ടിയും, ഭാരതീയ വിദ്യാനികേതന്‍ കേരളത്തില്‍ കെട്ടിപ്പടുക്കുന്നതിന്റെ അഗ്രഗാമിയുമായ എ.വി.ഭാസ്‌കര്‍ജിയുടെ മറ്റൊരാഗ്രഹമായിരുന്ന സങ്കല്‍പനമാണ്. പ്രസ്തുത സ്ഥാപനത്തിന്റെ മാനേജിങ് ട്രസ്റ്റി എം. മോഹനന്‍ ഭാരതവര്‍ഷ ചരിത്ര കോശം എന്ന നിഘണ്ടുവിന്റെ മലയാള പരിഭാഷ പുറത്തിറക്കുകയും അതിന്റെ ഒരു പതിപ്പ് എനിക്കയച്ചുതരികയുമുണ്ടായി. കെ.എസ്. അരുണ്‍കുമാര്‍ എന്ന അധ്യാപക ശ്രേഷ്ഠനാണ് പരിഭാഷ നടത്തിയത്. മലയാളത്തിലെ ആചാര്യവൃന്ദത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന പ്രൊഫ. എം.കെ. സാനുമാസ്റ്റര്‍ മലയാളികളുടെ സമക്ഷത്തിലേക്കു അത് അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ഈ ഗ്രന്ഥത്തെ മലയാളത്തിലാക്കണമെന്ന മോഹത്തെ തന്നിലുണര്‍ത്തിയത് പ്രാതസ്മരണീയനായ നമ്മുടെ ഹരിയേട്ടനാണെന്ന് മോഹനന്‍ പറയുന്നു. ധരംപാല്‍ സാഹിത്യം മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ ധര്‍മ്മപ്രകാശനെ പ്രേരിപ്പിച്ചതും ഹരിയേട്ടനായിരുന്നു. അതിലെ ഏതാനും പ്രസിദ്ധഗ്രന്ഥങ്ങള്‍ മലയാളത്തിലാക്കാന്‍ മോഹനന്‍ എനിക്കും അവസരം നല്‍കിയിരുന്നു. പുസ്തകം നോക്കേണ്ടതെങ്ങനെ, അതിലെ വിവരങ്ങളുടെ വിന്യാസക്രമങ്ങള്‍ എന്തെല്ലാം, തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ നല്‍കിയതും മലയാള പുസ്തക പ്രകാശനത്തില്‍ പുതുമയായി തോന്നി. അങ്ങനെ ആദ്യത്തെ 20 പുറങ്ങള്‍ അതുപയോഗിക്കുന്നതെപ്രകാരമാണ് എന്നതിന്റെ നിര്‍ദ്ദേശങ്ങളാണുതാനും. 6000/- രൂപയാണ് ഈ ബൃഹദ് ഗ്രന്ഥത്തിന് വില നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും; ഗ്രന്ഥാലയങ്ങള്‍ക്കും അതു പ്രയോജനപ്പെടുത്താമെങ്കിലും സാധാരണ ഭാഷാ പ്രേമികള്‍ക്ക് അപ്രാപ്യമായി അനുഭവപ്പെടും.
മലയാളത്തില്‍ ഇത്തരത്തിലുള്ള ഒരു ഗ്രന്ഥം വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയിരുന്നു. വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയ എന്നായിരുന്നു അതിന്റെ പേര്‍. 30 വര്‍ഷത്തിലേറെക്കാലത്തെ തപസ്യ ശ്രീ മാണി അനുഷ്ഠിച്ചാണതു തയാറാക്കിയത്. അന്നത്തെ ഗ്രന്ഥാലയങ്ങള്‍, സാഹിത്യകാരരുടെ ഭവനങ്ങള്‍ പ്രശസ്തങ്ങളായ പുരാതന കവികളുടേയും മറ്റും വീടുകള്‍, ഇല്ലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശ്രീ മാണി അതിനായി പാടുകിടന്നിരുന്നു. കോട്ടയത്തു പ്രചാരകനായിരുന്ന 1960 കളില്‍ അദ്ദേഹത്തെ കാണാനും ആ ജ്ഞാനതപസ്സിനെ അഭിനന്ദിക്കാനും എനിക്കവസരമുണ്ടായി. അന്ന് അദ്ദേഹത്തെ അതിനായി സഹായിച്ച തൊടുപുഴക്കാരന്‍ എം.എസ്. ചന്ദ്രശേഖര വാര്യര്‍ മാണിയുടേത് ശരിക്കും തപസ് തന്നെയാണെന്ന് പറയുമായിരുന്നു.
മലയാളത്തില്‍ ഇത്തരം മഹാഗ്രന്ഥങ്ങള്‍ തയാറാക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും മിനക്കെട്ടത് മുഖ്യമായും ക്രൈസ്തവ പണ്ഡിതന്മാരായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവ് റാവു സാഹിബ് ബഹുമതി നല്‍കിയ ഒ.എം. ചെറിയാന്‍ തന്റെ ജീവിതകാലം മുഴുവന്‍ ഹിന്ദുധര്‍മത്തെക്കുറിച്ച് പഠിക്കാനും ക്രിസ്തുധര്‍മ്മവുമായി തുലനം ചെയ്യാനും ചെലവഴിച്ചു. ‘ഹൈന്ദവ ധര്‍മ്മ സുധാകരം’ എന്ന അദ്ദേഹത്തിന്റെ പുസ്തകം 1000 പേജു വീതമുള്ള 8 വാല്യങ്ങളായി പ്രസിദ്ധം ചെയ്തിരുന്നു. അന്നതിന് സര്‍ക്കാര്‍ സഹായവും ലഭിച്ചു. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് അതു പുനഃപ്രസിദ്ധീകരിക്കാന്‍ ഡി.സി. ഒരു ശ്രമം നടത്തി. പുസ്തകത്തിന് ഏകദേശം 8000 രൂപ വിലയാകുമെന്നും, നൂറു രൂപയുടെ തവണകളായി അടച്ചാല്‍ ഓരോന്നായി പുറത്തിറക്കാമെന്നും അദ്ദേഹം പറയുകയുണ്ടായി. അതു ഫലം കണ്ടില്ല. പിന്നീട് തൃശ്ശിവപേരൂരിനടുത്ത് തിരൂര്‍ എന്ന സ്ഥലത്തുള്ള ഒരു കൂട്ടര്‍ അതു പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചു. ജന്മഭൂമിക്കു വേണ്ടി അതിനു പണമടച്ചു. ഒരു വാല്യം കിട്ടയതോര്‍ക്കുന്നു. ജന്മഭൂമിയില്‍നിന്നു ഞാന്‍ വിരമിച്ചതിനുശേഷം എന്തെങ്കിലും നടപടിയുണ്ടായോ എന്നു വ്യക്തമല്ല.
ജന്മഭൂമിയില്‍ ഏതാനും വര്‍ഷങ്ങള്‍ നമ്മെ സഹായിക്കാനെത്തിയിരുന്ന പെരുന്ന കെ.എന്‍. നായരായിരുന്ന ഡി.സിയുടെ ബൃഹദ് ഗ്രന്ഥങ്ങളുടെ പലതിന്റെയും പ്രൂഫ് നോക്കിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഡി.സിയെ സന്ദര്‍ശിക്കാന്‍ ഞാന്‍ കോട്ടയത്തു പോയിരുന്നു. അദ്ദേഹം അന്നു രോഗശയ്യയിലാണ്. അദ്ദേഹവും ശ്രീമതിയും ജന്മഭൂമിയുമായുണ്ടായിരുന്ന ഏതാനും വര്‍ഷത്തെ സഹകരണത്തെ വളരെ നന്നായി അനുസ്മരിച്ചു.
ഡി.സി തന്നെ പ്രസിദ്ധീകരിച്ച പതിനെട്ടു പുരാണങ്ങളും ഞാന്‍ വാങ്ങി. അതു മുഖവിലയുടെ പകുതിവിലയ്‌ക്കാണ് മുന്‍കൂര്‍ പണമടച്ച് സ്വന്തമാക്കാന്‍ ശ്രമിച്ചത്. മകന്‍ അനു അന്ന് അമൃത ടിവിയിലായിരുന്നു. അയാളോടു സൂചിപ്പിച്ചപ്പോള്‍ അതു സമ്പാദിക്കാന്‍ വഴിതെളിഞ്ഞു. പുസ്തകങ്ങള്‍ വീട്ടിലെത്തിച്ചു തരുന്ന പദ്ധതിയായിരുന്നു ഡി.സിയുടേത്. 18000 ഓളം പുറങ്ങള്‍ വരുന്ന 18 പുസ്തകങ്ങള്‍ മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതില്‍ മാര്‍ക്കണ്ഡേയ പുരാണം മഹാകവി വള്ളത്തോള്‍ ശ്ലോകങ്ങളായിത്തന്നെ വിവര്‍ത്തനം ചെയ്തതാണ്. അക്കാലത്ത് അതു മാസികയായി ഖണ്ഡശഃ പ്രസിദ്ധീകരിച്ചത് കണ്ടിട്ടുണ്ട്. അച്ഛന്റെ സുഹൃത്തായിരുന്ന രാമന്‍ നായര്‍ സാര്‍ വീട്ടില്‍ വരുമ്പോള്‍ അത് വായിച്ച് ചര്‍ച്ച ചെയ്തത് കേട്ടിരുന്നു. വ്യാസ ഭാരതവും വള്ളത്തോള്‍ ബുക്ക് സ്റ്റാള്‍ മാസികയായി പ്രസിദ്ധീകരിച്ചിരുന്നു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ വിവര്‍ത്തനം ചെയ്ത ആ ഭാരതവും വായിച്ചിരുന്നു. അതിലെ കൗതുകകരമായ ഒരു സംഗതിയും പരാമര്‍ശിക്കാം.
സംഘത്തിന്റെ ശാരീരിക വിഭാഗത്തിലെ ആജ്ഞകള്‍ ആദ്യം മിലിറ്ററിയിലേതുപോലെ ആയിരുന്നു. 1940 ലാണ് അവയ്‌ക്കു സംസ്‌കൃത രൂപം നല്‍കിയത്. അതിന് ആധാരമായി മഹാഭാരതത്തെയാണ് അവലംബിച്ചതെന്നു ദത്താജി ഡിഡോള്‍ക്കര്‍ എന്ന പ്രചാരകന്‍ പറയുമായിരുന്നു. മഹാഭാരത വിവര്‍ത്തനം വായിച്ചപ്പോള്‍ യുദ്ധത്തില്‍ സൈനികര്‍ പ്രയോഗിച്ച അടവുകളില്‍ ഉധ്യാണം, പ്രഡീനം, സണ്ടീനം, ഷഡ്പദി തുടങ്ങിയവയുണ്ടായിരുന്നു. അതുപോലെ തതി, വാഹിനി, അക്ഷൗഹിണി മുതലായ സൈനിക ഘടകങ്ങളും. അതിലെ അംഗങ്ങളുടെ എണ്ണത്തിലും അനുപാതത്തിലും വ്യത്യാസമുണ്ടായി എന്നേയുള്ളൂ. ദ്വാപരയുഗത്തിലെ ക്രമം തന്നെ കലിയുഗത്തിലും വേണമെന്നില്ലല്ലൊ.
ജന്മഭൂമിയുടെ തുടക്കക്കാലത്ത് അതിനെ കയ്യും മെയ്യും മറന്നു സഹായിച്ച കെ.ജി. വാധ്യാര്‍ ഞാന്‍ എഴുതി വന്ന ഈ പംക്തി അപ്പൂപ്പന്‍ താടിപോലെ പറന്നു നടക്കുന്നുവെന്നു ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത്തവണയും അപ്പൂപ്പന്‍ താടിയായി ഭാരതവര്‍ഷ ചരിത്രകോശത്തില്‍ തുടങ്ങി ഒടുവില്‍ മഹാഭാരതത്തില്‍ എത്തി, അപ്പൂപ്പന്‍താടി പറന്നു പറന്നു നിലത്തിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: