ബ്രിട്ടീഷുകാരുടെ സ്വപ്‌നങ്ങളില്‍ പോലും ഭയം നിറച്ച നേതാജി സുഭാഷ് ചന്ദ്രബോസ്, ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി അനുഭവിച്ച ത്യാഗം എന്തെന്ന് മനസിലാക്കാന്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലയുള്ള റുസാസോ എന്ന നാഗാ ഗ്രാമത്തിലേക്കും അവിടെ നിന്ന് മോറിയാങ്, കൊഹിമ, ഇംഫാല്‍ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യണം. കടുത്ത പോരാട്ടത്തിനൊടുവില്‍ അന്ന് ബര്‍മ്മ എന്ന് അറിയപ്പെട്ട മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ബ്രിട്ടീഷ് സേനയെ പരാജയപ്പെടുത്തി. തുടര്‍ന്നുള്ള 100 കിലോമീറ്റര്‍ വനപാതയില്‍ ബ്രിട്ടീഷ് സഖ്യകക്ഷികളുടെ വ്യോമാക്രമണം അതിജീവിച്ച് വഴിയിലുണ്ടായിരുന്ന എല്ലാ ബ്രിട്ടീഷ് താവളങ്ങളും തകര്‍ത്ത് നേതാജിയും ഐഎന്‍എയും ജപ്പാന്‍ സേനയ്‌ക്കൊപ്പം രാത്രിയുടെ മറവില്‍ 20 മൈലിലേറെ മുന്നേറി. മൂന്ന് ദിവസം കൊണ്ട് നാഗാ അതിര്‍ത്തിയിലെ മോലേ, അക്കിന്‍, മത്തിക്രു, പേക് എന്നീ കുറ്റന്‍ നാഗാ മലനിരകള്‍ താണ്ടി ഖുസാ മലനിരയില്‍ എത്തി. ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ ഒരു അദ്ധ്യായം എഴുതി ചേര്‍ത്ത് 1944 ഏപ്രില്‍ 7-ന് നേതാജിയും ഐഎന്‍എയും റുസാസോ ഗ്രാമത്തിന്റെ വടക്കന്‍ കവാടം വഴി ചരിത്രം ഉറങ്ങുന്ന ഈ ഗ്രാമത്തില്‍ പ്രവേശിച്ചു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ പോരാട്ടത്തിന് അവസരം കാത്തിരുന്ന ആ നാഗാഗ്രാമം ഒന്നടങ്കം നേതാജിയെ വരവേറ്റു.
പോരാട്ടവീഥിയില്‍ സ്വൂറോ സഹോദരങ്ങളും
നേതാജി റുസാസോ ഗ്രാമീണരുടെ ഒരു യോഗം വിളിച്ചു. പോസ്വായ് സ്വൂറോ എന്ന 27 കാരനായ ഗ്രാമവാസിയുടെ കുടുംബ വീട്ടിലായിരുന്നു യോഗം ചേര്‍ന്നത്. നേതാജി ഗ്രാമവാസികളോട് ചോദിച്ചു, ”നിങ്ങളില്‍ ആര്‍ക്കെങ്കിലും എന്റെ ഹിന്ദിയിലുള്ള പ്രസംഗം നിങ്ങളുടെ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാനാകുമോ”. പോസ്വായി സ്വൂറോയുടെ മുത്ത സഹോദരന്‍ വിസ്വായി സ്വൂറോ പറഞ്ഞു ”ഞാന്‍ അസം റൈഫിള്‍സില്‍ ആയിരുന്നു. എനിക്ക് നന്നായി ഹിന്ദി അറിയാം. ഞാന്‍ പരിഭാഷപ്പെടുത്താം”. തുടര്‍ന്ന് നേതാജി തനിക്കു മുന്നില്‍ തടിച്ചു കൂടിയ ഗ്രാമവാസികളോട് അരമണിക്കൂര്‍ സംസാരിച്ചു. ബ്രിട്ടീഷുകാര്‍ ഭാരതത്തില്‍ നടത്തുന്ന ചൂഷണം, കൊള്ള, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയെക്കുറിച്ച് വിവരിച്ചു. സായുധ സമരം വഴി മാത്രമേ ബ്രിട്ടീഷുകാരെ ഈ മണ്ണില്‍ നിന്ന് തുരത്താനാകൂവെന്ന് നേതാജി പറഞ്ഞു. ”ആയുധമെടുക്കാന്‍ ശേഷിയുള്ളവര്‍ എനിക്കും ഐഎന്‍എയ്‌ക്കും ഒപ്പം അണിചേരാന്‍ തയ്യാറാണോ” അദ്ദേഹം ചോദിച്ചു? റുസാസോ ഗ്രാമവാസികള്‍ ഒന്നടങ്കം പറഞ്ഞു തയ്യാറാണ് എന്ന്. അവര്‍ പറഞ്ഞു, ”ഞങ്ങളുടെ കൈയ്യില്‍ തോക്കുകളില്ല. പക്ഷേ നേതാജിക്കും ഐഎന്‍എയ്‌ക്കും ഒപ്പം ഞങ്ങള്‍ ഉണ്ട്. കാട്ടില്‍ പതിയിരുന്നുകൊണ്ട് അമ്പും വില്ലും കുന്തവുമായി ഞങ്ങള്‍ ബ്രിട്ടീഷുകാരെ അക്രമിച്ച് ഐഎന്‍എയ്‌ക്ക് പിന്തുണ നല്‍കാം”. ഗ്രാമവാസികളുടെ രാജ്യസ്‌നേഹം തുടിക്കുന്ന വാക്കുകള്‍ നേതാജിയെ സന്തോഷിപ്പിച്ചു, അദ്ദേഹം പറഞ്ഞു, 1857 നു ശേഷം ബ്രിട്ടീഷുകാരില്‍നിന്ന് ഭാരതീയര്‍ സായുധ പോരാട്ടം വഴി മോചിപ്പിച്ച ആദ്യ ഗ്രാമമാണിത്. ഇവിടെയാകും ഐഎന്‍എയുടെ കമാന്‍ഡ് പ്രവര്‍ത്തിക്കുക. ഞാന്‍ ഇവിടെയിരുന്ന് യുദ്ധം നിയന്ത്രിക്കും. തുടര്‍ന്ന് നേതാജി ചോദിച്ചു, ”നിങ്ങളില്‍ ആര്‍ക്കാണ് ഐഎന്‍എയ്‌ക്ക് വഴികാട്ടിയായി യുദ്ധമുഖത്തേക്ക് വരാന്‍ കഴിയുക”. ഉടന്‍ തന്നെ പോസ്വായി സ്വൂറോ പറഞ്ഞു”ഞാന്‍ വരാം. എനിക്ക് ഈ നാഗാ കുന്നുകളും കൊടുംകാടുകളും പരിചിതമാണ്. എന്റെ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനും ഞാന്‍ തയ്യാറാണ്”. അദ്ദേഹത്തിന്റെ മുത്ത സഹോദരനും പരിഭാഷകനുമായ വിസ്വായി സ്വൂറോയും എഴുന്നേറ്റ് സമ്മതം അറിയിച്ചു.
”അസം റൈഫിള്‍സില്‍ പ്രവര്‍ത്തിച്ച എനിക്ക് ബ്രിട്ടീഷ് താവളങ്ങള്‍ അറിയാം. ഞാനും ഉണ്ട്” അദ്ദേഹം പറഞ്ഞു. ഇവരുടെ ദേശസ്നേഹത്തില്‍ ആകൃഷ്ടനായ നേതാജി ഐഎന്‍എ കീഴടക്കിയ പ്രദേശങ്ങളുടെ ഗവര്‍ണര്‍മാരായി ഈ സഹോദരങ്ങളെ നിയമിച്ചു. തുടര്‍ന്ന് ഐഎന്‍എയ്‌ക്കും ജാപ്പനീസ് സേനയ്‌ക്കും വഴികാട്ടികളായി ഈ സഹോദരങ്ങള്‍ ഇംഫാലും കോഹിമയും ലക്ഷ്യമാക്കി യുദ്ധമുഖത്തേക്ക് പോയി. വിവിധ ഏറ്റുമുട്ടലുകളില്‍ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി ഐഎന്‍എ മോറിയാങ്ങിലേക്ക് മുന്നേറി. ഇതിനിടെ രണ്ടു തവണ വനത്തില്‍ ഒളിച്ച് ഐഎന്‍എയെ കാത്തിരുന്ന ബ്രിട്ടീഷ് സൈനികരെ പോസ്വായി കണ്ടെത്തി മുന്നറിയിപ്പു നല്‍കിയതിനാല്‍ ഐഎന്‍എയ്‌ക്ക് അവരെ വളഞ്ഞ് ഇല്ലായ്മ ചെയ്യാന്‍ സാധിച്ചു.
വീരേതിഹാസം അവഗണിച്ച് നെഹ്‌റു
1944 എപ്രില്‍ 14ന് മോറിയാങ്ങിലുണ്ടായിരുന്ന ബ്രിട്ടീഷ് റെജിമെന്റിനെ ഐഎന്‍എ പൂര്‍ണ്ണമായി തകര്‍ത്തു, തുടര്‍ന്ന് റുസാസോ ഗ്രാമത്തിലെ ഐഎന്‍എ കേന്ദ്രത്തിലിരുന്ന് നേതാജി നല്‍കിയ ആജ്ഞപ്രകാരം ലഫ്റ്റനന്റ് കേണല്‍ ഷൗക്കത്ത് അലി അവിടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. തുടര്‍ന്ന് കൊഹിമയും ഇംഫാലും വരെ ഐഎന്‍എ മുന്നേറി. ഈ അവസരത്തിലെല്ലാം ഐഎന്‍എയ്‌ക്കും ജപ്പാന്‍ സേനയ്‌ക്കും വഴികാട്ടിയായി പോസ്വായിയും സഹോദരനും യുദ്ധമുഖത്തുണ്ടായിരുന്നു. ഇംഫാല്‍ ഐഎന്‍എ കീഴടക്കി എന്ന വാര്‍ത്ത എത്തിയതോടെ റുസാസോ ഗ്രാമത്തില്‍ നിന്ന് നേതാജി ഇംഫാലിലെത്തി. റുസാസോ ഗ്രാമത്തില്‍ 9 ദിവസമായിരുന്നു നേതാജി താമസിച്ചത്. ഇംഫാലില്‍ എത്തിയ നേതാജിയെ അവേശത്തോടെ ഐഎന്‍എ ഭടന്മാരും പോസ്വായി സഹോദരങ്ങളും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു.
എന്നാല്‍ മിഡ്‌വേ യുദ്ധത്തില്‍ ജപ്പാന് തങ്ങളുടെ 4 എയര്‍ക്രാഫ്റ്റ് ക്യാരിയറുകളും നഷ്ടപ്പെട്ടു. സമുദ്രത്തില്‍ ജപ്പാന്റെ ആധിപത്യം നഷ്ടപ്പെട്ടതോടെ യുദ്ധത്തിന്റെ ഗതി മാറി. നേതാജി ഇംഫാലിലുണ്ട് എന്നറിഞ്ഞതോടെ വ്യോമസേനയുടെ സഹായത്തോടെ ബ്രിട്ടീഷ് സേന ഐഎന്‍എയ്‌ക്കു നേരെ ആക്രമണം ശക്തമാക്കി. ദിവസങ്ങളോളം ഐഎന്‍എ ഭടന്മാര്‍ ചെറുത്തു നിന്നു. എന്നാല്‍ സപ്ലേകള്‍ ഇല്ലാതായതും കാലം തെറ്റിയെത്തിയ മണ്‍സൂണും കോണ്‍ഗ്രസ് നേതൃത്വം ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നതും, ബ്രിട്ടീഷ് സേനയിലെ ഇന്ത്യന്‍ കൂലിപ്പടയാളികള്‍ തങ്ങള്‍ നേതാജിയുടെ സേനക്കെതിരെയാണ് പൊരുതുന്നതെന്ന് അറിയാതിരുന്നതും എല്ലാം ഐഎന്‍എയുടെ പരാജയത്തിന് ആക്കം കൂട്ടി. ഒടുവില്‍ ബര്‍മീസ് അതിര്‍ത്തിയിലേക്ക് പിന്മാറാന്‍ തീരുമാനിച്ചതോടെ നേതാജി പോസ്വായിയോട് പറഞ്ഞു, ”നമ്മള്‍ തത്കാലത്തേക്ക് പിന്മാറുകയാണ്. വീണ്ടും ഞാന്‍ വരും, ‘അന്ന് ഞാന്‍ റുസാസോ ഗ്രാമത്തെ ഭാരതത്തിലെ മാതൃകാ ഗ്രാമമാക്കി മാറ്റും”. തുടര്‍ന്ന് ഐഎന്‍എ സംഘം രണ്ടായി പിരിഞ്ഞു. കുറച്ചു പേര്‍ പോസ്വായിക്കൊപ്പം റുസാസോ ഗ്രാമം വഴി ബര്‍മീസ് അതിര്‍ത്തിയിലേക്കും ബാക്കി ഭാഗം നേതാജിക്കൊപ്പം തെക്കുഭാഗത്തെ വനപാതയിലൂടെ ബര്‍മീസ് അതിര്‍ത്തിയിലേക്കും തിരിച്ചു. സേനാ പിന്‍മാറ്റത്തിനിടെ ബ്രിട്ടീഷ് കൂലിപ്പട്ടാളം പല തവണ ഐഎന്‍എയ്‌ക്കു നേരെ ഒളിയാക്രമണങ്ങളും വ്യോമാക്രമണങ്ങളും നടത്തിയെങ്കിലും നാഗാ കുന്നുകളിലെ കാട്ടുവഴികള്‍ നന്നായി അറിയാമായിരുന്ന പോസ്വായി, ഐഎന്‍എ സംഘത്തെ ഗ്രാമാതിര്‍ത്തി വഴി ബര്‍മീസ് അതിര്‍ത്തിയിലെക്കുള്ള വഴികാട്ടി കൊടുത്തശേഷം തന്റെ ഗ്രാമത്തിലെക്കു തിരിച്ചു.
അവിടെയെത്തിയ പോസ്വായി ബ്രിട്ടീഷ് പടയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഉള്‍വനത്തിലേക്ക് കയറി. അവിടെയെത്തിയ അദ്ദേഹം കണ്ടത് തന്റെ ഗ്രാമം ഒന്നടങ്കം ബ്രിട്ടീഷുകാരെ ഭയന്ന് കാട്ടില്‍ അഭയം തേടിയ കാഴ്‌ച്ചയാണ്. 1947 ആഗസ്ത് 15 വരെ വനവിഭവങ്ങളെ ആശ്രയിച്ചും രാത്രി മറ്റ് വനഗ്രാമങ്ങളില്‍ നിന്നു ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചും ആ ഗ്രാമം ഒന്നടങ്കം വനത്തില്‍ കഴിഞ്ഞു. ഇതിനിടെ ഐ എന്‍എ പടയാളികള്‍ നല്‍കിയ റേഡിയോ വഴി രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു എന്നും നേതാജി വിമാനാപകടത്തില്‍ മരിച്ചു എന്ന വാര്‍ത്തയും അവരെ തേടിയെത്തി. ഗ്രാമവാസികള്‍ക്ക് ആശ്വാസമേകി ഐഎന്‍എ ഭടന്മാരുടെ വിചാരണയ്‌ക്കെതിരെ വ്യോമ, നാവിക, കരസേനകളിലെ ബ്രിട്ടീഷ് കുലിപ്പടയാളികളായ ഭാരത സൈനികര്‍ സായുധ കലാപത്തിനിറങ്ങിയ വാര്‍ത്തയും ബ്രിട്ടീഷുകാര്‍ ഭാരതം വിടാന്‍ തീരുമാനിച്ച വാര്‍ത്തയും വന്നു. സ്വാതന്ത്ര്യ സമരചരിത്രത്തില്‍ വീരേതിഹാസം രചിച്ച് ഗ്രാമത്തില്‍ തിരിച്ചത്തിയ പോസ്വായി സ്വൂറോയുടേയും റുസാസോ ഗ്രാമവാസികളുടെയും എല്ലാ പ്രതീക്ഷകളും തകര്‍ക്കുന്നതായിരുന്നു സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിന്റെ നടപടികള്‍.
ഐഎന്‍എ ഭടന്മാരേയും അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച നാഗന്മാരേയും ഭാരതസേനയില്‍ നിന്നൊഴിവാക്കാനുള്ള നെഹ്‌റുവിന്റെ തീരുമാനവും വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ജനതയെ നെഹ്‌റു, പീപ്പിള്‍ ഹൂ ആര്‍ നോട്ട് ഇന്ത്യന്‍ ഓര്‍ ബര്‍മീസ് എന്ന് ആക്ഷേപിച്ചതും നാഗന്മാരെ വേദനിപ്പിക്കുകയും മുഖ്യധാരയില്‍ നിന്നകറ്റുകയും ചെയ്തു. തുടര്‍ന്ന് നാഗാലാന്റില്‍ നടന്ന മിഷനറി പ്രവര്‍ത്തനങ്ങളില്‍ പോസ്വായിയടക്കമുള്ള ഗ്രാമവാസികള്‍ ഒന്നടങ്കം മതപരിവര്‍ത്തനത്തിന് വിധേയരായി. എന്നാലവര്‍ ദേശീയതയില്‍ നിന്ന് വ്യതിചലിച്ചില്ല. അശാന്തിയുടെ നാളുകളിലും നേതാജി താമസിച്ച തന്റെ കുടുംബ വീട് ഒരു സ്മാരകമായി നിലനിര്‍ത്തി കൊണ്ട് അടുത്തു തന്നെ മറ്റൊരു വീടു നിര്‍മിച്ച് പോസ്വായി കൃഷിയിലേക്ക് തിരിഞ്ഞു. കുവേസലുവിനെ വിവാഹം ചെയ്തു. ഈ വിവാഹത്തില്‍ അദ്ദേഹത്തിന് വിബോട് സൊലൂ (മകള്‍), ഡോ. വൈക്കോ സ്വൂറോ, ജപ്രാ സ്വൂറോ, പരേതനായ അവേക് സ്വൂറോ, വസായിലെ (മകള്‍), പരേതനായ ക്രുക്കുസോ സ്വൂറോ, നെസാര്‍ഹിലേ (മകള്‍), പുന്നസായി സ്വൂറോ എന്നിങ്ങനെ 8 മക്കളുണ്ട്. ആദ്യ ഭാര്യ കുവേസലു മരിച്ചപ്പോള്‍ അദ്ദേഹം കവ്‌സലയെ വിവാഹം ചെയ്തു, അതില്‍ 6 മക്കളുണ്ട് നുസ്താലന്‍ (മകള്‍) കവ്‌സിവോ സ്വൂറോ, ലുസായി സ്വൂറോ, വിവോ സാലന്‍ (മകള്‍), വെന്റ്‌റിറ്റ്‌സോ സ്വൂറോ, ഡെസി സോട്ടോ സ്വൂറോ എന്നിവര്‍. പതിറ്റാണ്ടുകളോളം നാഗാലാന്റില്‍ നീണ്ടുനിന്ന അശാന്തിയുടെ കാലത്ത് ചരിത്രകാരന്മാരാലും കോണ്‍ഗ്രസ് സര്‍ക്കാരുകളാലും മാധ്യമ പ്രവര്‍ത്തകരാലും അവഗണിക്കപ്പെട്ട പോസ്വായി സ്വൂറോ നേതാജിയോടൊപ്പം നടത്തിയ പോരാട്ടത്തിന്റെ സ്മരണകള്‍ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം പങ്കിട്ടുകൊണ്ട് തന്റേയും കുടുംബത്തിന്റേയും ഉപജീവനമാര്‍ഗം കൃഷിയിലൂടെ കണ്ടെത്തി ജീവിച്ചു. ഇതിനിടെ തന്റെ ഗ്രാമത്തിനടുത്തു പോലും ഇടയ്‌ക്കിടെ മുഴങ്ങുന്ന വെടിയൊച്ചകള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കി.
ഒടുവില്‍ ആദരം
ജീവിതത്തിന്റെ സായാഹ്നത്തില്‍ നിയോഗം പോലെ അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തെ തേടിയെത്തി. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ നാഗാലാന്റില്‍ ശാശ്വത സമാധാനത്തിന് ശ്രമങ്ങള്‍ ആരംഭിച്ചു. കേരളാ കേഡര്‍ ഡിജിപിയായി വിരമിച്ച ആര്‍.എന്‍. രവിയെ 2019 ല്‍ നാഗാലാന്റ് ഗവര്‍ണറായി നിയമിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ നേതാജിക്കൊപ്പം നിന്ന് ശക്തമായി പൊരുതിയ ഒരു ജനത എങ്ങനെ മുഖ്യധാരയിയില്‍ നിന്നകന്നു എന്ന് അദ്ദേഹം പഠിച്ചു. തുടര്‍ന്ന് നാഗാലാന്റില്‍ സമാധാന ശ്രമങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുന്ന വ്യക്തികളെ തിരഞ്ഞ ഗവര്‍ണര്‍ നാഗാലാന്റില്‍ 100 ശതമാനം ഐഎന്‍എ പോരാളികളുണ്ടായിരുന്ന റുസാസോ ഗ്രാമത്തെ കുറിച്ചും അവിടെ നേതാജി താമസിച്ച, ഐഎന്‍എ ഹെഡ് ക്വാര്‍ട്ടേഴ്‌സായി പ്രവര്‍ത്തിച്ച വീടിനെ പറ്റിയും ആ വീട് സംരക്ഷിച്ച് അവിടെ ജീവിച്ച നേതാജിയുടെ പ്രിയപ്പെട്ട പോരാളിയെ കുറിച്ചും അറിഞ്ഞു.
അദ്ദേഹം പോസ്വായി സ്വൂറോയുടെ രണ്ടാമത്തെ മകന്‍ ഡോ. വൈക്കോ സ്വൂറോയുടെ നമ്പര്‍ കണ്ടെത്തി വിളിച്ചു. പോസ്വായിയെ കാണാന്‍ ആഗ്രഹം ഉണ്ടെന്ന് അറിയിച്ചു, തുടര്‍ന്ന് റുസാസോ ഗ്രാമത്തിലെ അദ്ദേഹത്തിന്റെ കുടുംബ വീട്ടിലെത്തിയ ഗവര്‍ണര്‍ പോസ്വായിയെയും നേതാജി താമസിച്ച വീടും സന്ദര്‍ശിച്ചു. പിന്നീട് നേതാജിയുടെ 125-ാം ജയന്തി പ്രമാണിച്ച് അസം റൈഫിള്‍സ് ലഫ്. ജനറല്‍ വികാസ് ലഖ്‌റയും അവിടം സന്ദര്‍ശിച്ചു. നേതാജി സ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു ഇത്. തുടര്‍ന്ന് ഭാരതസേന തന്നെ ഐഎന്‍എ വിജയ സ്മാരകങ്ങള്‍ ഈ ഗ്രാമത്തില്‍ നിര്‍മിച്ചു. ചെന്നൈയില്‍ നേതാജിയുടെ 126- ാം ജയന്തി പ്രമാണിച്ച് തമിഴ്നാട് ഗവര്‍ണറായി സ്ഥലം മാറിയെത്തിയ ആര്‍.എന്‍. രവി തമിഴ്‌നാട്ടില്‍ ജീവിച്ചിരിക്കുന്ന ഐഎന്‍എ ഭടന്മാരേയും മണ്‍മറഞ്ഞു പോയവരുടെ കുടുംബങ്ങളേയും നേതാജിക്കൊപ്പം ജര്‍മ്മനിയില്‍ പ്രവര്‍ത്തിച്ച റഹീമുള്ള ഷറീഫിന്റെ കുടുംബത്തേയും ആദരിക്കാന്‍ ചെന്നൈ രാജ്ഭവനില്‍ യോഗം വിളിച്ചു. അവിടെ സംസാരിക്കാന്‍ ക്ഷണം കിട്ടിയ വൈക്കോ സ്വൂറോ യോഗത്തില്‍ പോസ്വായിയുടെ സന്ദേശം വീഡിയോ റിക്കാര്‍ഡിങ് വഴി പ്രദര്‍ശിപ്പിച്ചു.
പിന്നീട് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പോസ്വായിയെയും സഹോദരനെയും സ്വാതന്ത്ര്യസമര സേനാനികളായി അംഗീകരിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. 100 വയസ് പിന്നിട്ടതോടെ അദ്ദേഹം മക്കളോടു പറഞ്ഞു, ഞാന്‍ ഭാരതമണ്ണില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ന്ന ദിവസം മരിക്കും എന്ന്. മക്കള്‍ കരുതിയത് അദ്ദേഹം സ്വാതന്ത്ര്യ ദിനമായ ആഗസ്ത് 15ന് മരിക്കും എന്ന് പറയുകയാണെന്നാണ്. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ 14ന് 106-ാം വയസില്‍ അന്തരിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹം പ്രവചിച്ചത് എന്തെന്ന് മക്കള്‍ മനസ്സിലാക്കിയത്. അന്നായിരുന്നു അദ്ദേഹം കൂടി പങ്കാളിയായ മുന്നേറ്റത്തില്‍ ബ്രിട്ടീഷ് സേനയെ പരാജയപ്പെടുത്തി ഐഎന്‍എ മോറിയാങ്ങില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയത്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ പോസ്വായി സുര്‍വോയ്‌ക്ക് രാജ്യം ആദരവ് അര്‍പ്പിച്ചു. അസം റൈഫിള്‍സ് ജവാന്‍മാര്‍ പുഷ്പ ചക്രം അര്‍പ്പിച്ച് അന്തിമ സല്യൂട്ടും നല്‍കിയാണ് അദ്ദേഹത്തിന് വിട നല്‍കിയത്. 105-ാം വയസ്സിലും കര്‍മനിരതനായിരുന്ന അദ്ദേഹം പക്ഷാഘാതത്തെസ തുടര്‍ന്നാണ് വിശ്രമ ജീവിതത്തിലേക്ക് കടന്നത്.
(നേതാജി സുഭാഷ് ചന്ദ്രബോസ് സഞ്ചരിച്ച വഴികളിലൂടെ ലേഖകന്‍ നടത്തിയ യാത്രാനുഭവങ്ങള്‍ അടുത്ത വാരാദ്യത്തില്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക