കൊച്ചി: ആലുവയില്‍ നാല് വയസുകാരിയെ പുഴയിലെറിഞ്ഞുകൊന്ന അമ്മയെ പോക്സോ കേസിൽ പ്രതിയായ പിതൃ സഹോദരനൊപ്പം ഇരുത്തി ഇന്ന് ചോദ്യം ചെയ്യും. കേരള മനസാക്ഷിയെ ഞെട്ടിച്ച എറണാകുളം നാല് വയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണം തുടരുന്നു. ഭർതൃവീട്ടിലെ ഒറ്റപ്പെടലിനെത്തുടർന്നാണ് മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. ഭർത്താവിന്റെ വീട്ടിൽ വെച്ച് കുട്ടി ലൈംഗിക പീഡനത്തിനിരയയായ വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും യുവതി പൊലീസിന് മൊഴി നൽകി.
ഇന്നലെ എറണാകുളം ചെങ്ങമനാട് പൊലീസ് യുവതിയുമായി തെളിവെടുപ്പ് നടത്തി. കൊലപ്പെടുത്തും മുമ്പ് കഴിഞ്ഞ ഒരു വർഷമായി പിതാവിന്റെ സഹോദരൻ, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നാണ് കണ്ടെത്തൽ. ഇക്കാര്യം കുട്ടിയുടെ അമ്മ അറിഞ്ഞിരുന്നോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. തനിക്ക് അറിയില്ലെന്ന് അമ്മയും കുട്ടിയുടെ അമ്മ അറിഞ്ഞിട്ടില്ലെന്ന് പ്രതിയായ പിതൃ സഹോദരനും മൊഴി നൽകിയിട്ടുണ്ട്.
പോക്സോ കേസിൽ പ്രതിയായ പിതൃ സഹോദരൻ നിലവിൽ റിമാൻഡിലാണ്. ഇയാളെ ഇന്ന് ഉച്ചയോടെ കസ്റ്റഡിയിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കുട്ടി പീഡിപ്പിക്കപ്പെട്ടത് മരണത്തിന് 20 മണിക്കൂര്‍ മുന്‍പ്. ഫോറന്‍സിക് സര്‍ജന്‍ ആണ് വിവരം പൊലീസിനെ അറിയിച്ചത്. കുട്ടിയുടെ സംസ്‌കാരത്തിനുശേഷം പൊലീസ് ഇയാളെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
പീഡനം നടന്ന സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത് ഇയാള്‍ മാത്രം എന്ന് പൊലീസ് കണ്ടെത്തി.ഇയാളുടെ മുറിയില്‍ ഉണ്ടായിരുന്ന ബെഡ്ഷീറ്റും ധരിച്ച വസ്ത്രങ്ങളും അടക്കം ഫോറന്‍സിക് പരിശോധയ്‌ക്ക് അയച്ചു. പ്രതിയെ നിരീക്ഷിക്കാനായി മാത്രം 20ലേറെ പോലീസുകാരെയാണ് നിയോഗിച്ചത്. കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെയാണ് ഇയാളെ പൊലീസ് നിരീക്ഷിക്കാന്‍ തുടങ്ങിയത്.
പിന്നീട് പുത്തന്‍കുരിശ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.ഇയാളുടെ പിതാവ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എല്ലാവരും ആശുപത്രിയിലേക്ക് പോയിരുന്നു. ഈ സമയത്ത് വീട്ടില്‍ പ്രതി മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ആദ്യം വീട്ടില്‍ വെച്ച് ചോദ്യം ചെയ്ത ശേഷം പ്രതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് നിരീക്ഷണത്തിനായി 20 പൊലീസുകാരെ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക