Kerala

എനിക്ക് നിന്നെ വേണ്ട, നീ എന്ന് ചാകും; ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിൽ നിര്‍ണായ തെളിവുകളായി ഐഫോണിലെ ചാറ്റുകള്‍

Published by

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിൽ പ്രതി സുകാന്തിനെതിരെ നിര്‍ണായ തെളിവുകളായി ഐഫോണിലെ ചാറ്റുകള്‍. നീ എപ്പോള്‍ മരിക്കുമെന്ന് സുകാന്ത് യുവതിയോട് ആവര്‍ത്തിച്ചു ചോദിക്കുന്നതും അതിന് ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്കുന്നതും ചാറ്റിലുണ്ട്. ഈ വിവരങ്ങള്‍ തെളിവുകള്‍ സഹിതം അന്വേഷണ സംഘം മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.

സുകാന്തിന്റെ ബന്ധുവിന്റെ മുറിയില്‍ നിന്നാണ് പോലീസിന് ഐഫോണ്‍ ലഭിച്ചത്. ഒളിവില്‍ പോകുന്നതിന് തലേന്ന് ഈ മുറിയില്‍ സുകാന്ത് എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഫെബ്രുവരി ഒമ്പതിന് നടത്തിയ ചാറ്റിന്റെ വിശദാംശങ്ങളാണ് പോലീസിന് ലഭിച്ചത്.

സുകാന്തിന്റെ ഐഫോണില്‍ ടെലഗ്രാം വഴി നടത്തിയ ചാറ്റുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. എനിക്ക് നിന്നെ വേണ്ടെന്ന് സുകാന്ത് യുവതിയോട് ചാറ്റില്‍ പറയുന്നു. എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താത്പര്യമില്ലെന്ന് യുവതി മറുപടി നല്‍കുന്നു. നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാന്‍ പറ്റൂവെന്ന് സുകാന്ത് പറയുന്നു. അതിന് ഞാനെന്ത് ചെയ്യണമെന്ന യുവതിയുടെ ചോദ്യത്തിന് നീ പോയി ചാകണം എന്നായിരുന്നു സുകാന്തിന്റെ മറുപടി.

നീ എന്ന് ചാകുമെന്നും ഇയാള്‍ ചോദിക്കുന്നു. അതിന് തുടക്കത്തില്‍ മറുപടി ലഭിക്കുന്നില്ല. സുകാന്ത് ആവര്‍ത്തിച്ച് ഇക്കാര്യം ചോദിച്ചതോടെയാണ് ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്കിയത്. മാർച്ച് 24നാണ് തിരുവനന്തപുരം ചാക്കയ്‌ക്ക് സമീപം റെയിൽവേ പാളത്തിൽ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്ന് സുകാന്ത് പിൻമാറിയതിന്റെ മാനസിക വിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കേസ്. സുകാന്തിന്റെ പങ്ക് പുറത്തുവന്നശേഷം ഇയാൾ ഒളിവിലാണ്. ഇയാളെ നേരത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കോടതി ഇന്നലെ സുകാന്തിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. തിങ്കളാഴ്‌ചവരെയാണ് സുകാന്തിന്റെ അറസ്റ്റ് തടഞ്ഞത്. തിങ്കളാഴ്‌ചയാണ് സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഉത്തരവ് പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക