ഫ്‌ളോറിഡ: ഭാരതീയനായ ശുഭാംശു ശുക്ല പങ്കാളിയാകുന്ന ആക്‌സിയം 4 ദൗത്യം ജൂണ്‍ എട്ടിന് തന്നെയെന്ന് റിപ്പോര്‍ട്ട്. ഭാരത സമയം വൈകിട്ട് 6.41ന് ഫ്‌ളോറിഡയിലെ കേപ്പ് കനാവറലിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 ഡ്രാഗണ്‍ പേടകത്തിലാകും വിക്ഷേപണം. ആക്‌സിയം സ്‌പെയ്‌സിന്റെ ആഭ്യന്തര ഫ്‌ലൈറ്റ് റെഡിനസ് റിവ്യൂ പൂര്‍ത്തിയായി.
ഈ ദൗത്യത്തോടെ രാകേഷ് ശര്‍മയ്‌ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ഭാരതീയനാകും ശുഭാംശു ശുക്ല. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഒരു ഭാരതീയന്‍ ആദ്യമായി പോകുന്നു എന്ന പ്രത്യേകതയും ആക്സിയം 4 യാത്രയ്‌ക്കുണ്ട്. മെയ് 29നായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. പിന്നീടത് എട്ടിലേക്ക് മാറ്റുകയായിരുന്നു. വിക്ഷേപണത്തിനുള്ള അനുമതി സ്‌പേസ് എക്‌സിനും ആക്‌സിയത്തിനും ലഭിച്ചിട്ടുണ്ട്. ആക്‌സിയം 4ലെ യാത്രികര്‍ 14 ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങി വിവിധ പരീക്ഷണങ്ങള്‍ നടത്തും.
ശുഭാംശു ശുക്ലയ്‌ക്ക് പുറമെ നാസയുടെ മുതിര്‍ന്ന ബഹിരാകാശ യാത്രികരായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍. ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലംഗ വ്യോമസേനാ സംഘത്തിലെ ഒരാളാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല. നാസയും, അമേരിക്കന്‍ സ്വകാര്യ കമ്പനികളായ ആക്‌സിയം സ്‌പേസും സ്‌പേസ് എക്‌സും ആയി സഹകരിച്ചാണ് ഐഎസ്ആര്‍ഒ ശുഭാംശുവിനെ ബഹിരാകാശത്തേക്ക് അയക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക