തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുഹൃത്ത് സുകാന്ത് സുരേഷിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. സുകാന്ത് ഒളിവില്‍ പോയി രണ്ട് മാസമായിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു.
ഇക്കാലത്ത് ഒരു വ്യക്തിക്കെങ്ങിനെ ഇത്രയധികം കാലം ഒളിവില്‍ കഴിയാനാകുമെന്നും കോടതി ചോദിച്ചു.സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
ഐ ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ട് രണ്ട് മാസം കഴിഞ്ഞു. സുകാന്തിനെ സംരക്ഷിക്കുകയാണ് പൊലീസ് എന്നാരോപിച്ച് ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
സുകാന്തിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി.മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ് ഇറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകനും സുഹൃത്തുമായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് ഉദ്യോഗസ്ഥയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക