1991 മെയ് 21, രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവുമായ രാജീവ് ഗാന്ധി Liberation Tigers of Tamil Eelam (LTTE) ഭീകരവാദികളുടെ ചാവേർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യൻ രാഷ്‌ട്രീയ ചരിത്രത്തിലെ ഒരു കറുത്ത ദിനമായിരുന്നു അത്. ഇതൊരു സാധാരണ സംഭവമായിരുന്നില്ല. വർഷങ്ങളായി രാജ്യം തുടർന്നുപോയ തെറ്റായ വിദേശ നയത്തിന്റെയും പ്രീണന രാഷ്‌ട്രീയത്തിന്റെയും പരിണിത ഫലമായിരുന്നു അത്. മറ്റൊരു രാജ്യത്തിന്റെ അഭ്യന്തര കാര്യത്തിൽ പക്വതയില്ലാത്ത നിലപാടുകൾ എടുത്തത് കൊണ്ടും പ്രീണന രാഷ്‌ട്രീയത്തിന്റെ പേരിൽ ഭീകരവാദ കൂട്ടങ്ങൾക്ക് സഹായങ്ങൾ നൽകിയത് കൊണ്ടും നമ്മുടെ രാജ്യത്തിനും സർക്കാരിനും നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു. പ്രാദേശികമായ വികാരങ്ങൾ രാഷ്‌ട്രത്തിന്റെ താൽപ്പര്യങ്ങൾക്ക് മീതെ വെക്കുമ്പോൾ രാജ്യത്തിന് സംഭവിക്കുന്നത് എന്താണെന്നതിന്റെ ഉദാഹരണം കൂടിയാണ് അത്.
ശ്രീലങ്കയുടെ കാര്യത്തിൽ സംഭവിച്ച അബദ്ധങ്ങൾ:
1980 കളിൽ ശ്രീലങ്കയിലെ ഹിന്ദുക്കൾക്ക് നേരെ അവിടുത്തെ ബുദ്ധമതക്കാർ വ്യാപകമായി ആക്രമണങ്ങൾ അഴിച്ചുവിട്ടു. ശ്രീലങ്കൻ ഹിന്ദുക്കൾ ഭൂരിഭാഗവും തമിഴ് ഭാഷ സംസാരിക്കുന്നവരാണ്. തേരവാദ ബുദ്ധമതം ശ്രീലങ്കയിലെ ഭൂരിപക്ഷ മത വിശ്വാസമാണ്. അവർ സിൻഹള ഭാഷ സംസാരിക്കുന്നവർ ആയിരുന്നു. അതുകൊണ്ടാണ് സിൻഹള-തമിഴ് കലാപങ്ങളായി ഈ സംഭവങ്ങൾ അറിയപ്പെട്ടത്. വാസ്തവത്തിൽ ന്യൂനപക്ഷമായ ഹിന്ദു ജനവിഭാത്തിന് നേരെ ഭൂരിപക്ഷമായ ബുദ്ധമതക്കാർ നടത്തിയ അക്രമ പരമ്പരകളായിരുന്നു ശ്രീലങ്കയിൽ നടന്നത്. ശ്രീലങ്കൻ ഹിന്ദുക്കൾ ഭൂരിപക്ഷവും തമിഴർ ആയത് കൊണ്ട് തന്നെ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിൽ പ്രതിഷേധങ്ങളും ബുദ്ധമതക്കാരുടെ ആക്രമണങ്ങൾക്ക് എതിരെ ജനവികാരങ്ങളും ഉയർന്നു വന്നു. സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നതിന് പകരം പ്രീണന രാഷ്‌ട്രീയത്തിന്റെ സാധ്യതകളെ മുൻനിർത്തികൊണ്ട് ഇന്ത്യൻ സർക്കാർ ചെയ്തത് LTTE പോലെയുള്ള ശ്രീലങ്കൻ തമിഴ് തീവ്രവാദ ഗ്രൂപ്പുകൾക്ക് പരിശീലനവും ആയുധങ്ങളും പിന്തുണയായി നൽകുകയാണ് ചെയ്തത്. LTTE എന്ന തീവ്രവാദ സംഘത്തിന്റെ വളർച്ചയാണ് പിന്നീട് കണ്ടത്. തമിഴ്നാട് കേന്ദ്രീകരിച്ച് അവർ പ്രവർത്തനം ശക്തമാക്കി , ക്യാംപുകൾ രൂപീകരിച്ചു ആയുധ പരിശീലനം നൽകി. ഒരു ഉത്തരവാദിത്വപ്പെട്ട രാഷ്‌ട്രം ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നു അത്.
അബദ്ധങ്ങൾക്ക് പുറകെ അബദ്ധങ്ങൾ എന്നോണം 1987-ൽ രാജീവ് ഗാന്ധി Indian Peace Keeping Force (IPKF)- നെ സ്ഥിതിഗതികൾ ശാന്തമാക്കാൻ എന്നോണം ശ്രീലങ്കയിലേക്ക് അയച്ചു. Indo-Srilanka Accord ന്റെ ഭാഗമായി ഇന്ത്യൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയും ശ്രീലങ്കൻ പ്രസിഡൻ്റ് J.R. ജയവർധനെയും കരാർ ഒപ്പു വെച്ചതിന്റെ ഭാഗമായാണ് ഇന്ത്യൻ സേനയെ ശ്രീലങ്കയിലേക്ക് സമാധാനം പുനസ്ഥാപിക്കാൻ വേണ്ടി അയക്കുന്നത്. ആയുധം താഴെ വെക്കാൻ LTTE തീവ്രവാദികൾ തയ്യാറല്ലായിരുന്നു. സമാധാന ശ്രമങ്ങൾ വിഫലമായി. ഇന്ത്യൻ പിന്തുണയിൽ വളർന്ന LTTE ഇന്ത്യൻ സേനക്ക് (IPKF) നേരെ തിരിഞ്ഞു. 1990 വരെ സംഘർഷം തുടർന്നു. ഒളിപ്പൊരിൽ പ്രാവിണ്യം നേടിയ LTTE തീവ്രവാദികളെ നേരിടുന്നതിന് ഇടയിൽ രാജ്യത്തിന് നഷ്ടമായത് 1400 ഓളം പട്ടാളക്കാരെയാണ്. 2000-ത്തോളം ഇന്ത്യൻ സൈനികർക്ക് പരിക്ക് പറ്റി. രാജ്യത്തിന് കോടികളുടെ നഷ്ടം സംഭവിച്ചു. രാജീവ് ഗാന്ധി സർക്കാറിന്റെ IPKF നേ ഉപയോഗിച്ച് കൊണ്ടുള്ള നടപടി ഒരു പൂർണ്ണ പരാജയമായി തീരുകയയിരുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിന് ഒരു ശത്രു കൂടെ ജനിച്ചു.
രാജീവ് ഗാന്ധി വധിക്കപ്പെട്ടത് എങ്ങനെ :
ഇന്ത്യൻ പിന്തുണയിൽ വളർന്ന LTTE തീവ്രവാദികളോട് ആയുധം താഴേവെച്ച് കീഴടങ്ങാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടപ്പോൾ തങ്ങൾ ചതിക്കപ്പെട്ടു എന്ന് LTTE വിശ്വസിച്ചു. ഇന്ത്യൻ സേനകളെ ശ്രീലങ്കയിലേക്ക് അയച്ചു തങ്ങൾക്ക് നേരെ യുദ്ധം നടത്തിയതിനും നാശനഷ്ടങ്ങൾ വരുത്തിയതിനും മുഖ്യ കാരണം രാജീവ് ഗാന്ധി മാത്രമാണെന്ന് അവർ വിശ്വസിച്ചു. അതിന് പ്രതികാരം ചെയ്യാൻ അവർ തീരുമാനിച്ചു. 1991 മെയ് 21-ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ തിരഞ്ഞെടുപ്പ് റാലിയിൽ വെച്ച് ഒരു ചാവേർ ബോംബ് ആക്രമണത്തിൽ LTTE തീവ്രവാദികൾ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തി. 15 ഓളം പേർ അന്നത്തെ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ധനു എന്ന് പേരുള്ള ഒരു യുവതിയാണ് ഈ കൊടും കൃത്യം നടത്തിയത്. അതൊരു രാഷ്‌ട്രീയ കൊലപാതകം മാത്രമായിരുന്നില്ല , ഇന്ത്യയുടെ ജനാധിപത്യത്തിനും അഖണ്ഡതക്കും നേരെയുള്ള തീവ്രവാദ ആക്രമണമായിരുന്നു. LTTE എന്ന തീവ്രവാദ ശക്തികൾക്ക് രാജ്യം പിന്തുണ നൽകിയില്ലായിരുന്നു എങ്കിൽ ഒരിക്കലും നടക്കാത്ത ഒരു സംഭവം. ഇന്ത്യൻ വിദേശ കാര്യ നയത്തിലെ പാളിച്ചകളും പ്രാദേശിക പ്രീണന രാഷ്‌ട്രീയവും കൊണ്ടെത്തിച്ച നിഷ്ഠൂരമായ ഒരു കൊലപാതകം.
തമിഴ്നാട് രാഷ്‌ട്രീയ നേതൃത്വം വിമർശിക്കപ്പെടുമ്പോൾ :
അധികാരം നിലനിർത്താൻ വേണ്ടിയും വോട്ടുകൾ ലക്ഷ്യമിട്ടും തമിഴ് നാട്ടിലെ രാഷ്‌ട്രീയ നേതൃത്വം മുന്നോട്ട് വെച്ച നാണംകെട്ട കളികളാണ് രാജ്യം പിന്നീട് കണ്ടത്. തമിഴ്നാട്ടിലെ മുഖ്യ രാഷ്‌ട്രീയ കക്ഷിയായി DMK തീവ്രവാദികൾക്ക് നേരെ മൃദുസമീപനം സ്വീകരിച്ചു. LTTE തീവ്രവാദികളെ സ്വാതന്ത്ര സമര പോരാളികളായി വാഴ്‌ത്തി കൊണ്ടുള്ള പ്രസ്താവനകൾ അവരുടെ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായി. AIADMK ആദ്യകാലങ്ങളിൽ LTTE തീവ്രവാദികൾക്ക് നേരെ J. ജയലളിതയുടെ നേതൃത്വത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചു എങ്കിലും പിന്നീട് നിലപാടിൽ മയം വരുത്തുന്നതാണ് കണ്ടത്. ഒരു സംസ്ഥാന സർക്കാരോ തദ്ദേശീയ രാഷ്‌ട്രീയ പാർട്ടിയോട് എന്ത് വികാരത്തിന്റെ പേരിലാണെങ്കിലും ഒരു തീവ്രവാദ സംഘടനക്ക് നേരെ മൃദു സമീപനം സ്വീകരിക്കുമ്പോൾ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതാണ്. സ്വന്തം രാജ്യത്തിന്റെ മുൻ പ്രധാന മന്ത്രിയെയും ആയിരത്തിൽ അധികം ഇന്ത്യൻ സൈനികരെയും വധിച്ച തീവ്രവാദ ശക്തിയാണ് LTTE എന്ന് പ്രചരിപ്പിക്കുന്നതിന് പകരം അവരോട് മൃദുസമീപനം സ്വീകരിച്ചത് വെറും രാഷ്‌ട്രീയ പക്വതയില്ലാത്ത സമീപനം മാത്രമായിരുന്നില്ല , മറിച്ച് രാജ്യവിരുദ്ധ പ്രവർത്തനം കൂടെ ആയിരുന്നു.
അതിന് ശേഷം തമിഴ്നാട് രാഷ്‌ട്രീയത്തിൽ നടന്നത് കൂടുതൽ ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. AIADMK-DMK നേതാക്കൾ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിൽ ഇന്ത്യൻ കോടതികൾ ശിക്ഷക്ക് വിധിച്ചവരെ വിട്ടയക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ടു. കുറ്റവാളികൾ ഒരുപാട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു എന്നും മാനുഷിക പരിഗണന കണക്കിലെടുത്ത് അവരെ തുറന്നു വിടണമെന്നും ആയിരുന്നു അവരുടെ ന്യായം. അവർ നിരപരാധികൾ ആണെന്ന് വരെ ചില രാഷ്‌ട്രീയ നേതാക്കൾ പ്രസ്താവനകൾ നടത്തി. എത്ര ലജ്ജാകരം , മറ്റൊരു രാജ്യത്തായിരുന്നു ഇതെങ്കിൽ ഇങ്ങനെയൊക്കെ നടക്കുമായിരുന്നോ എന്ന് നമ്മൾ ചിന്തിച്ചു പോകും. സ്വന്തം രാജ്യത്തിന്റെ ഒരു മുൻ പ്രധാന മന്ത്രിയെ വധിച്ച തീവ്രവാദികളെ ജയിലിൽ നിന്നും വിട്ടയക്കാൻ വേണ്ടി പരസ്യമായി രംഗത്ത് വരുന്ന രാഷ്‌ട്രീയ നേതാക്കൾ, പ്രാദേശികവാദത്തിന്റെയും പ്രീണന രാഷ്‌ട്രീയത്തിന്റെയും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെയും അന്തിമ ഫലങ്ങളാണ്. വിശാലമായ ഇന്ത്യൻ ജനാധിപത്യത്തിന്റെ ന്യൂനതകളെ കൂടിയാണ് ഇത് തുറന്നു കാണിക്കുന്നത്.
രാജീവ് ഗാന്ധി വധത്തിൽ ഇന്ത്യ പഠിച്ച പാഠം:
ശ്രീലങ്കൻ സംഭവങ്ങളിൽ നിന്നും രാജീവ് ഗാന്ധി വധത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ നമ്മൾ പഠിക്കേണ്ടതുണ്ട്. ഒരു കാര്യത്തിലും തീവ്രവാദ ശക്തികളെ നമ്മൾ പിന്തുണക്കരുത്. അവർ നമ്മുടെ ഭാഷ സംസാരിക്കുന്നവർ ആകട്ടെ നമ്മുടെ മതവിശ്വാസം പിന്തുടരുന്നവർ ആകട്ടെ എന്തുതന്നെ ആയിരുന്നാലും തീവ്രവാദ സംഘങ്ങൾ നമ്മുടെ രാജ്യത്തിന്റെ പിന്തുണ അർഹിക്കുന്നവർ ആകുന്നില്ല. LTTE തീവ്രവാദികൾക്ക് പിന്തുണ നൽകിയപ്പോൾ രാജ്യത്തിന് നൽകേണ്ടി വന്നത് കനത്ത നാശനഷ്ടങ്ങളാണ്. ആയിരത്തിലധികം സൈനികരെയയാണ് നമുക്ക് നഷ്ടമായത്. ഒരു മുൻ പ്രധാന മന്ത്രിയുടെ ജീവനാണ് നൽകേണ്ടി വന്നത്. നയതന്ത്ര ബന്ധങ്ങളിൽ തീവ്രവാദ സംഘത്തെ പിന്തുണച്ചത് മൂലം തിരിച്ചടികൾ ഉണ്ടായി. കശ്മീരിലെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും വിഘടന വാദികൾക്ക് ഇതൊരു ഊർജമായി. വിഘടനവാദ ശക്തികളുടെ വളർച്ച രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയായി. ഇനിയൊരിക്കലും ഇതുപോലുള്ള പിഴവുകൾ നമ്മുടെ രാജ്യം വരുത്താതെ ഇരിക്കട്ടെ. പ്രാദേശികവാദികളുടെ വികാരങ്ങളെ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് മീതെ വെക്കാതെ ഇരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക