Vicharam

അമ്പാനെ, നമുക്ക് ഒരു ചായ കുടിച്ചാലോ; മെയ് 21അന്താരാഷ്‌ട്ര ചായ ദിനം

ചായയും - ന്യായമായ വ്യാപാരവും എന്നതാണ് ഈ വർഷത്തെ പ്രമേയം. ആഗോള തേയില വിപണിയിൽ സുസ്ഥിരത, സുതാര്യത, നീതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ പ്രമേയം കൊണ്ടുദ്ദേശിക്കുന്നത്.

Published by

മഴ, ചായ, ജോൺസൻ മാഷ് … മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോംബോ ആണിത്.

നമുക്ക് ഓരോ ചായ കുടിച്ച് സംസാരിച്ചാലോ ? – എന്ന ചോദ്യത്തിൽ തീരുന്ന പ്രശ്നങ്ങളെ മലയാളിക്കുള്ളൂ.

കടുപ്പം കൂട്ടി, കടുപ്പം കുറച്ച്, മധുരം കൂട്ടി, മധുരം കുറച്ച്, പതപ്പിച്ച് , പതപ്പിക്കാതെ – അങ്ങനെ ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ചായകളുണ്ട്.

ചൂട് ചായ ഊതി കുടിക്കാൻ ഇഷ്ടമുള്ള ഗുപ്തനെ പോലെയാണ് ഓരോ മലയാളിയും. ഒരു ചായ കുടിക്കാതെ ഒരു ദിവസം തുടങ്ങാൻ പറ്റാത്തവർ,

2019 ഡിസംബറിലാണ് ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭ മെയ് 21 അന്താരാഷ്‌ട്ര ചായ ദിനമായി പ്രഖ്യാപിച്ചത്. ചായയുടെ ഉത്ഭവം ബി.സി.ഇ. 2737-ലാണ്. ഒരു കമെലിയ മരത്തിന്റെ തണലിൽ വെള്ളം തിളപ്പിക്കുമ്പോൾ, കുറച്ച് ചായ ഇലകൾ പാത്രത്തിലേക്ക് പറന്നു വീണു. മനോഹരമായ ഒരു സുഗന്ധം പുറപ്പെടുവിച്ചു. ചക്രവർത്തി ഷെൻ നോങ് ആ പാനീയം രുചിച്ചുനോക്കിയപ്പോൾ ഉന്മേഷദായകവും ഊർജ്ജസ്വലവുമാണെന്ന് തോന്നി. ഈ നിമിഷമാണ് ചായ ജനിക്കുന്നത്.

ചൈന, ഇന്ത്യ, കെനിയ, ശ്രീലങ്ക, തുർക്കി എന്നിവയാണ് ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ. ഇന്ത്യയിലെയും മ്യാൻമറിലെയും വനങ്ങളിൽ തേയിലച്ചെടികൾ ധാരാളം വളരും. ആഗോള പാനീയമായി മാറുന്നതിന് മുൻപ് തന്നെ, തദ്ദേശിയാ സമൂഹം ആരോഗ്യത്തിനും ഉന്മേഷത്തിനും വേണ്ടി തേയില ഉപയോഗിച്ചിരുന്നു. പിന്നീട് ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ, യൂറോപ്പിൽ തേയിലയുടെ ഉപയോഗം വർദ്ധിക്കുകയും, അതിനായി ഇന്ത്യയിൽ തേയില കൃഷി കൂട്ടുകയും ചെയ്തു.

ചായയും – ന്യായമായ വ്യാപാരവും എന്നതാണ് ഈ വർഷത്തെ പ്രമേയം. ആഗോള തേയില വിപണിയിൽ സുസ്ഥിരത, സുതാര്യത, നീതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ പ്രമേയം കൊണ്ടുദ്ദേശിക്കുന്നത്. തേയില വ്യവസായത്തിലെ സ്ത്രീകളുടെ സുപ്രധാന പങ്കിനെക്കുറിച്ചും, അവരുടെ സംഭാവനകളെ തിരിച്ചറിയുന്നതിനെക്കുറിച്ചും, ചൂഷണത്തിൽ നിന്ന് അവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആഗോള തേയില വ്യവസായത്തിൽ 13 ദശലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്നു, അവരിൽ പലരും ചെറുകിട കർഷകരാണ്. ലോകത്തിലെ ഏറ്റവും വലിയ തേയില ഉപഭോക്താവ് എന്ന പദവി ഇന്ത്യയ്‌ക്കുണ്ട്, തേയില നമ്മുടെ സംസ്കാരത്തിലും ദൈനംദിന ജീവിതത്തിലും ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നു.

ഇന്ത്യയിൽ പ്രധാനമായും തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ അസം , പശ്ചിമ ബംഗാൾ , തമിഴ്നാട് , കേരളം, കർണാടക എന്നിവയാണ്. ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ആസ്സാമും, തൊട്ടു പിന്നിൽ പശ്ചിമ ബംഗാളും.

കേരളത്തിലെ ജനങ്ങൾക്ക് പ്രിയപ്പെട്ടത് കടുപ്പം കൂട്ടി ഒരു കട്ടൻ ചായ ആണെങ്കിൽ. തമിഴ്നാട്ടിൽ നീലഗിരി ചായയാണ്. പാല് കുറുക്കി എടുത്തുണ്ടാക്കുന്ന ഇറാനി ചായയും, ഒസ്മാനിയ ബിസ്കറ്റുമാണ് ഹൈദരബാദുകാർക്ക് ഇഷ്ടം. ദൽഹിയിലും, ഉത്തർപ്രദേശിലുമൊക്കെ ചെന്നാൽ ഖുലാടിൽ പകർന്നു തരുന്ന മസാല ചായയും, തന്തൂരി ചായയുമൊക്കെയാണ്. കശ്മീരിലെ ഖാവയും നൂൺ ചായയും, പശ്ചിമ ബംഗാളിലെ ലെബു ചായ , രാജസ്ഥാനിലെ നാഗോരി ചായ, ഹിമാചലിലെ കാൺഗ്ര ചായ, അങ്ങനെ എത്ര തരം ചായകൾ.

സൗഹൃദമാവട്ടെ, പ്രണയമാവട്ടെ – അങ്ങനെ മനുഷ്യന്റെ ഏത് വികാരങ്ങൾക്കും കൂട്ട് പിടിക്കാൻ കഴിയുന്നതാണ് ചായ. കിലോമീറ്ററുകൾ വണ്ടി ഓടിച്ച് ഒരു ചായക്ക് വേണ്ടി നമ്മൾ പോകും. ചില ചേർത്തുപിടിക്കലുകളുടെ, ചില തുറന്നുപറച്ചിലുകളുടെ, മനുഷ്യനെ കേൾക്കാൻ കഴിയുന്ന ഇടങ്ങൾ ഒരുക്കാൻ ചായക്ക് മാത്രമേ കഴിയൂ.

സിഡ്നി സ്മിത്ത് പറഞ്ഞത് പോലെ – ദൈവമേ , ചായയ്‌ക്ക് നന്ദി! ചായ ഇല്ലായിരുന്നെങ്കിൽ ഈ ലോകം എങ്ങനെയായിരിക്കും! ഞാൻ എങ്ങനെ ഇവിടെ ജീവിച്ചേനെ? ചായയ്‌ക്ക് മുമ്പ് ജനിക്കാത്തതിൽ ഞാൻ കൃതാർത്ഥനാണ്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക