തിരുവനന്തപുരം: സ്‌കൂളില്‍ വീണ്ടും മണിമുഴങ്ങാറാകവെ വാഹനങ്ങളുടെ തകരാറുകള്‍ പരിഹരിക്കാനും സ്‌കൂളുകളുടെ അറ്റകുറ്റപ്പണി നടത്താനും നെട്ടോട്ടം. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ക്ലാസ് മോട്ടോര്‍വാഹന വകുപ്പ് നല്‍കിവരുന്നുണ്ട്. വര്‍ക് ഷോപ്പുകളില്‍ അറ്റകുറ്റപണികള്‍ നടത്താന്‍ സ്‌കൂള്‍ ബസുകളുടെ തിരക്കാണിപ്പോള്‍.
പാര്‍ട്‌സുകളും ടയറും മാറ്റാനും മുഴുവന്‍ പെയിന്റ് ചെയ്ത് നന്നാക്കാനുമാണ് തിരക്ക്. ഫിറ്റ്‌നസില്ലാത്ത സ്‌കൂള്‍ ബസുകള്‍ നിരത്തിലിറക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ എത്രയും വേഗം കുറവുകള്‍ പരിഹരിച്ച് ഓട്ടത്തിന് സജ്ജമാവുകയാണ്. സ്‌കൂള്‍ ബസുകള്‍ക്ക് മാത്രമായി നിശ്ചിത ദിവസങ്ങളിലേയ്‌ക്ക് ഫിറ്റ്‌നസ് പരിശോധന നടത്താനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
നിര്‍ദേശങ്ങള്‍
ജിപിഎസ് സുരക്ഷാമിത്ര സൈറ്റുമായി ബന്ധിപ്പിച്ചിരിക്കണം.
പരമാവധി വേഗത 50 കിലോമീറ്റര്‍ ആയി നിജപ്പെടുത്തണം.
വാഹനത്തില്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ എഴുതിയിരിക്കണം.
ഡ്രൈവര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയം.
വലിയ വാഹനം ഓടിക്കുന്നവര്‍ക്ക് 5 വര്‍ഷത്തെ പരിചയം.
ഡ്രൈവര്‍മാര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാകരുത്.
സ്‌കൂള്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ സര്‍വീസ് നടത്താവൂ.
വാഹനത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ വേണം.
കുട്ടികളെ വാഹനത്തില്‍ നിറുത്തി യാത്ര ചെയ്യിക്കരുത്.
അറ്റകുറ്റപ്പണി നടത്തി സ്‌കൂളുകള്‍
സ്‌കൂളുകളുടെ അറ്റകുറ്റപ്പണി നടത്തി ഫിറ്റ്‌നസ് നേടാനുള്ള ഒരുക്കങ്ങള്‍ തിരക്കിട്ടു നടത്തുകയാണ് സ്‌കൂള്‍ അധികൃതര്‍. ബെഞ്ചുകളുടേയും ഡെസ്‌കുകളുടേയും അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്. പലയിടത്തും സ്‌കൂള്‍ കെട്ടിടങ്ങള്‍ പെയിന്റ് ചെയ്യാനും ആരംഭിച്ചു. സ്‌കൂള്‍ പരിസരം വൃത്തിയാക്കുകയും, അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നതിന് പിടിഎയുടെ സഹകരണത്തോടെയാണ് സ്‌കൂളുകളില്‍ പ്രവൃത്തികള്‍ നടക്കുന്നത്. സ്‌കൂളിനടുത്തെ വെള്ളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയ്‌ക്ക് സുരക്ഷാ ഭിത്തികള്‍ നിര്‍മ്മിക്കുകയും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അപകട സാധ്യതാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിവ ശുചിയാക്കി അണുവിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളും തകൃതിയായി നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക