എടക്കര: പാലേമാട് ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയത്തിന്റെ സ്ഥാപകനും സമസ്ത നായര്‍ സമാജം പ്രസിഡന്റും ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കെ.ആര്‍. ഭാസ്‌കരന്‍ പിള്ള (87) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിരുവല്ലക്കടുത്ത പുല്ലാട്ട് 1938 ജൂണ്‍ 16ന് എ.കെ. രാമന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനായി ജനിച്ച കെ.ആര്‍. ഭാസ്‌കരന്‍ പിള്ള സാമൂഹിക പരിഷ്‌കര്‍ത്താവും, വാഗ്മിയും മതപ്രഭാഷകനും, സംഘാടകനുമാണ്. എന്‍എസ്എസ് ഏറനാട് താലൂക്ക് സെക്രട്ടറി, എന്‍എസ്എസ് പ്രതിനിധിസഭാംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയുടെ നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹം നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി.) പ്രസിഡന്റായിരുന്നു.
അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സാമൂഹിക- സാംസ്‌കാരിക-സേവന രംഗങ്ങളില്‍ ഏര്‍പ്പെട്ടു. വിമോചന സമരത്തില്‍ മന്നത്ത് പത്മനാഭന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം ഉണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരണ ഘട്ടത്തില്‍ മന്നത്തിനൊപ്പം ചേര്‍ന്ന് അതിന്റെ പ്രചാരണത്തിലും പങ്കാളിയായിരുന്നു. സാക്ഷരതാ ദൗത്യം നാട്ടില്‍ പ്രചരിപ്പിക്കുന്നതിലും മുന്‍നിരയിലുണ്ടായിരുന്നു. മലപ്പുറം ജില്ല കാന്‍ഫെഡ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട്, ഇംഗ്ലീഷ് സ്കൂള്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ കോഴ്സ് എന്നിവയടങ്ങുന്ന വിപുലമായ വിദ്യാഭ്യാസ സമുച്ചയമായ വിവേകാനന്ദ പഠന കേന്ദ്രത്തിന്റെ സ്ഥാപകനാണ്.
വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിലെ സംഭാവനകള്‍ക്ക് 2003ല്‍ ബാരിസ്റ്റര്‍ ജി.പി. പി
ള്ള ഫൗണ്ടേഷന്‍ അവാര്‍ഡും, കെ.ആര്‍. ഇളങ്കത്ത് സ്മാരക ട്രസ്റ്റ് സ്ഥാപിച്ച 2005 ലെ കര്‍മ്മശേഷി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിയിരുന്നു. നൂറോളം നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കിയിട്ടുണ്ട്. ആത്മവിദ്യാലയം എന്ന പുസ്തകം അദ്ദേഹത്തിന്റെ ജീവിത കഥയാണ്. ഭാര്യ: സുമതിക്കുട്ടിഅമ്മ. മക്കള്‍: അനില്‍, പരേതനായ വേണു. മരുമക്കള്‍: സിന്ധു (ക്ലര്‍ക്ക്, വിവേകാനന്ദ വിദ്യാകേന്ദ്രം), ശ്രീലേഖ (അദ്ധ്യാപിക, വിവേകാനന്ദ വിദ്യാകേന്ദ്രം) സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍.
മറഞ്ഞത് ഭാസ്‌കരജ്യോതി
മലപ്പുറം: അക്ഷീണപ്രയത്‌നത്തിലൂടെ വിദ്യാഭ്യാസരംഗത്ത് മികവുറ്റ പഠനകേന്ദ്രങ്ങള്‍ ആരംഭിച്ച ദീര്‍ഘദര്‍ശിയാണ് മഞ്ചേരി കെ.ആര്‍. ഭാസ്‌കരപിള്ള.
പ്രൈമറി അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി പ്രൈമറി മുതല്‍ ബുരുദാനന്തര ബിരുദം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയായി. മലപ്പുറത്തിന്റെ മലയോരമേഖലകളിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
പുല്ലാട് സര്‍ക്കാര്‍ സ്‌കൂള്‍, കുറിയന്നൂര്‍ എംടിഎല്‍പി സ്‌കൂള്‍, പുല്ലാട് ശ്രീ വിവേകാനന്ദ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മാരാമണ്‍ എഎംഎം ടീച്ചേഴ്‌സ് ട്രെയിനിങ് സ്‌കൂളില്‍ ടിടിസി പാസായ അദ്ദേഹം കൃഷിയോടുള്ള താത്പര്യത്താല്‍ അഗ്രിക്കള്‍ച്ചര്‍ ഹയര്‍ കോഴ്‌സും പഠിച്ച് പാസായി. തൃക്കൊടിത്താനം വി.ബി. യുപി
സ്‌കൂളില്‍ അണ്‍ ട്രെയിന്‍ഡ് അദ്ധ്യാപകനായി മൂന്ന് മാസം ജോലി ചെയ്തു.
1964 ല്‍ മലപ്പുറം പാലേമാട് പ്രൈമറി സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചു. 1967ല്‍ ഹെഡ്മാസ്റ്ററായി അദ്ദേഹം നിയമിതനായി. സാമ്പത്തിക പ്രതിസന്ധിമൂലം ഉടമസ്ഥന്‍ സ്‌കൂള്‍ വിറ്റപ്പോള്‍ അദ്ദേഹം അത് ഏറ്റെടുത്തു. പ്രതിസന്ധികളെ അതിജീവിച്ച് ഇന്നത്തെ നിലയിലുള്ള വിദ്യാഭ്യാസ സമുച്ചയമായി അതിനെ മാറ്റിയെടുത്തു. ബിഎഡ്, ടിടിസി, ഹയര്‍ സെക്കന്‍ഡറി, തുടങ്ങിയ വിപുലമായ വിവേകാനന്ദ പഠനകേന്ദ്രമായി അത് മാറി. നായര്‍ സമുദായത്തിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. ജാതി മത വിവചനമില്ലാതെ അദ്ദേഹം വിദ്യാലയവും സേവന പ്രവര്‍ത്തനവും എല്ലാവര്‍ക്കുമായി തുറന്നിട്ടു. അങ്ങാടിപ്പുറം തളിക്ഷേത്ര വിമോചനത്തിനുള്ള പോരാട്ടത്തില്‍ കേളപ്പജിയോടൊപ്പം അദ്ദേഹം അണിചേര്‍ന്നു..
1968 നവംബര്‍ 17ന് കേളപ്പജിയുടെ നേതൃത്വത്തില്‍ നിയമലംഘനം ആരംഭിച്ചപ്പോള്‍ പ്രക്ഷോഭ പരിപാടികളുടെ മുന്‍നിരയില്‍ ഭാസ്‌കരപിള്ള ഉണ്ടായിരുന്നു. പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ജോലി ചെയ്ത പാലേമാട് പ്രൈമറി സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് നോട്ടീസ് ലഭിച്ചെങ്കിലും അദ്ദേഹം അതിനെ കൂസിയില്ല. എഇഒയുടെ മധ്യസ്ഥതയില്‍ പ്രശ്‌നം ഒത്തു തീര്‍പ്പാവുകയായിരുന്നു. ആധ്യാത്മിക സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം ഹിന്ദുസമൂഹത്തിന്റെ ഐക്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തി. വിട്ടുവീഴ്ചകളില്ലാതെ ആദര്‍ശത്തില്‍ അടിയുറച്ചു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക