Kerala

വീട്ടുജോലിക്കാരിയെ20 മണിക്കൂര്‍ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജില്ലാ പൊലീസ് മേധാവി ദക്ഷിണ മേഖല ഐ.ജിയുമായി കൂടിയാലോചിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണം

Published by

തിരുവനന്തപുരം: സ്വര്‍ണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാരുടെ പരാതിയില്‍ വീട്ടുജോലിക്കാരിയായ പട്ടികജാതിയില്‍ പെട്ട സ്ത്രീയെ 20 മണിക്കൂര്‍ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതി ഡിവൈഎസ്പി/ അസി. കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത പൊലീസുദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരം ജില്ലയ്‌ക്ക് വെളിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പ്പിക്കണമെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

ജില്ലാ പൊലീസ് മേധാവി ദക്ഷിണ മേഖല ഐ.ജിയുമായി കൂടിയാലോചിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണം. പൊലീസ് മാനസിക പീഡനത്തിന് വിധേയ ആയ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലെടുക്കണമെന്നും മനുഷ്യാവകാശകമ്മീഷന്‍ ആവശ്യപ്പെട്ടു. ഇര പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന സമയത്ത് സ്റ്റേഷനിലുള്ള സിസി ടിവി ദ്യശ്യങ്ങള്‍ പരിശോധിക്കണം. ജനറല്‍ ഡയറി, എഫ്.ഐ. ആര്‍ എന്നിവ പരിശോധിച്ച് ഇര എത്ര സമയം സ്റ്റേഷനില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തത വരുത്തണം.

മോഷണ കേസിലെടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെങ്കില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിന് ഡി.വൈ. എസ്. പി / അസി. കമ്മീഷണര്‍ക്ക് കൈമാറണം. ഇര പട്ടിക ജാതി വിഭാഗത്തിലുള്ളതിനാല്‍ എസ്. സി / എസ്. ടി അതിക്രമ നിയമപ്രകാരം പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിലയിരുത്തണം.

അങ്ങനെയുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, പെന്‍ നമ്പര്‍, ഔദ്യോഗിക / താമസ സ്ഥലം മേല്‍വിലാസങ്ങള്‍ എന്നിവയും ഇരയുടെ മേല്‍വിലാസവും കമ്മീഷനെ അറിയിക്കണം.അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറണം. ജില്ലാ പൊലീസ് മേധാവിയുടെ വിലയിരുത്തല്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് ഒരു മാസത്തിനകം കമ്മീഷന് ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം.ജൂലായ് 3ന് രാവിലെ 10 ന് മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by