World

പാകിസ്ഥാന് നിബന്ധനകളുമായി ഐഎംഎഫ്; വായ്പയുടെ അടുത്ത ഗഡു അനുവദിക്കും മുന്‍പ് 11 നിബന്ധനകള്‍ പാലിക്കണം

Published by

വാഷിങ്ടണ്‍: ഓപ്പറേഷന്‍ സിന്ദൂറിലേറ്റ വന്‍ തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാന് അനുവദിച്ച വായ്പയില്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തി അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്). വായ്പയുടെ അടുത്ത ഗഡു അനുവദിക്കും മുന്‍പ് 11 നിബന്ധനകള്‍ പാലിക്കണം എന്നാണ് ഐഎംഎഫിന്റെ നിര്‍ദേശം.

പാകിസ്ഥാന്റെ വാര്‍ഷിക ബജറ്റ് 17.6 ട്രില്യണ്‍ ഡോളര്‍ രൂപയായി ഉയര്‍ത്തണമെന്നതുള്‍പ്പെടെയാണ് ഐഎംഎഫ് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍. ഇതിന് പുറമെ വികസനത്തിനായി 1.07 ട്രില്യണ്‍ തുക വകയിരുത്തണം, വൈദ്യുതി ബില്ലിനത്തിലെ ബാധ്യത തീര്‍ക്കുന്നതിനായി സര്‍ചാര്‍ജ് വര്‍ധന, മൂന്ന് വര്‍ഷം പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കുക, പാകിസ്ഥാനിലെ എല്ലാ സംസ്ഥാനങ്ങളിലും കൃഷി വരുമാന നികുതി ജൂണിന് മുന്‍പ് നടപ്പാക്കുക, ഭരണപരമായ നയരൂപീകരണത്തിന് ഗവേണന്‍സ് ആക്ഷന്‍ പ്ലാന്‍ തയാറാക്കുക, ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട ദീര്‍ഘകാല പദ്ധതികളുടെ രൂപരേഖ തയാറാക്കുക, ചെലവിന് അനുസൃതമായി ഇന്ധന നിരക്ക് ക്രമീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഐഎംഎഫ് മുന്നോട്ടുവയ്‌ക്കുന്നുണ്ട്.

ഭാരതവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന സാഹചര്യമുണ്ടായാല്‍ വായ്പയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ലക്ഷ്യം കാണുന്നതില്‍ താമസം നേരിടുമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി. പാകിസ്ഥാന് വായ്പ അനുവദിക്കുന്നതിനെതിരെ നേരത്തെ ഭാരതം രംഗത്തെത്തിയിരുന്നു. പാകിസ്ഥാന് ഫണ്ട് നല്കുന്നതുവഴി ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണ് ഐഎംഎഫ് ചെയ്യുന്നതെന്നും ഭാരതം സ്ഥാപിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by