main

ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം ; 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് : നിരവധി പേർ ആശുപത്രിയിൽ

സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Published by

ഹൈദരാബാദ് : ഹൈദരാബാദിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപം ഉണ്ടായ തീപിടിത്തത്തില്‍ 17 പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചു എന്നാണ് വിവരം.

കാരണം വ്യക്തമല്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാകാം തീപിടുത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് അടിയന്തര സേനാ സംഘങ്ങൾ അറിയിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് മെഡിക്കൽ അധികൃതർ അറിയിച്ചു.

പ്രദേശവാസികളുടെ വിവരമനുസരിച്ച് ഞായറാഴ്ച പുലർച്ചെയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ കുടുങ്ങിയ പതിനാറ് പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഒസ്മാനിയ ആശുപത്രി, യശോദ ആശുപത്രി (മലക്പേട്ട്), ഡിആർഡിഒ ആശുപത്രി, അപ്പോളോ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. 20 പേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.

വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. പതിനൊന്നോളം ഫയര്‍ഫോഴ്‌സ് സംഘം തീ അണയ്‌ക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts