”ഭോഗേരോഗഭയം
കുലേ ചതിഭയം
വിത്തേനൃപാലാല്‍ ഭയം
മാനേദൈന്യഭയം
ബലേരിപുഭയം
രൂപേ ജരായാഃഭയം
ശാസ്ത്ര വാദഭയം
ഗുണേഖലഭയം
കായേ കൃതാന്താല്‍ ഭയം
സര്‍വ്വം വസ്തു ഭയാ-
ന്വിതം ഭൂവിനൃണാം
വൈരാഗ്യമേവാഭയം”
പ്രാചീന ഭാരതത്തിലെ ഉജ്ജ്വല ചിന്തകനായ ഭര്‍തൃഹരിയുടെ ഈ ശ്ലോകം ഭയത്തിനു നമ്മുടെ ജീവിതത്തിലുള്ള സര്‍വ്വഗ്രാസകത്വത്തെയും സമഗ്രാധിപത്യത്തെയും സമര്‍ത്ഥമായി സംശോധനം ചെയ്യുന്നു. നമ്മുടെ എല്ലാ നന്മകളുടെയും നേട്ടങ്ങളുടെയുമൊപ്പം അവയുടെ നാശത്തെക്കുറിച്ചുള്ള ഭയവും നമ്മില്‍ സദാ ഉണര്‍ന്നു നില്‍ക്കുന്നു. സുഖഭോഗങ്ങള്‍ അനുഭവിയ്‌ക്കുന്നവന്‍ രോഗത്തെയും കുലമഹിമയുള്ളവന്‍ അതിന്റെ ക്ഷയത്തെയും ധനവാന്‍ കരം പിരിയ്‌ക്കുന്ന ഭരണാധികാരിയെയും മാനമുള്ളവന്‍ ദീനതയെയും ബലവാന്‍ ശത്രുവിനെയും സുന്ദരന്‍ ജരാനരകളെയും ശാസ്ത്രജ്ഞന്‍ താര്‍ക്കികനെയും ഗുണവാന്‍ ദുഷ്ടനെയും ശരീരബലമുള്ളവന്‍ കാലനെയും ഭയപ്പെടുന്നു. ഇങ്ങനെ ജീവിതത്തില്‍ എല്ലാം ഭയം ചേര്‍ന്നതാകയാല്‍ വൈരാഗ്യം അഥവാ ഒന്നിനോടും അമിതമായ അഭിലാഷമില്ലായ്മയാണ് ഭയമില്ലാതാക്കാനുള്ള ഉപായം എന്നത്രേ ഇതിന്റെ സാരം. ആധുനിക മനശ്ശാസ്ത്രത്തിലെ അനവധി ഫോബിയകളുടെ പ്രാചീന പ്രതിപാദനമാണിത്.
നാമെല്ലാവരും ഈ രീതിയില്‍ ഓരോ ഭയത്തിനുവിധേയരാണ്. ആരെങ്കിലും തനിക്കൊന്നിനെക്കുറിച്ചും ഭയമില്ലെന്നു വീമ്പിളക്കിയാല്‍ അയാള്‍ വിഡ്ഢിയെന്നേ കരുതേണ്ടൂ. ‘നമ്മുടെ ദുര്‍ബല വികാരങ്ങളില്‍ ഏറ്റവും ശക്തമാണു ഭയം.’ ഇന്നലെ സംഭവിച്ചതിനെക്കുറിച്ചുള്ള ദുഃഖവും ഇന്നു നടന്നു കൊണ്ടിരിക്കുന്നതിനെപ്പറ്റിയും നാളെ ഉണ്ടാകുന്നതിനെപ്പറ്റിയും ഉള്ള ഭയവും പേറിയാണല്ലോ ജീവിതം മുന്നേറുന്നത്. നാമറിയാതെയാണ് ഓരോ രീതിയില്‍ ഭയം നമ്മിലേക്കു കടന്നുവരുന്നത്. പലപ്പോഴും ഭയത്തിനടിപ്പെട്ട് വെറുതെ വിറകൊള്ളുവാനല്ലാതെ ഭയത്തില്‍നിന്നു മോചിതരാകുവാന്‍ കഴിയാതെ വരുന്നു
”പേടി എപ്പോഴും തെറ്റിന്റെ ചുവടുകളെ അനുഗമിക്കുന്നു.” ”ഭയം അലങ്കോലമുണ്ടാക്കും. അലങ്കോലം രക്ഷിക്കേണ്ടതിനെ വെട്ടിമുറിക്കും” തുടങ്ങിയ ഷേക്‌സ്പിയര്‍ വചനങ്ങള്‍ സ്മരണീയം. നാം പേടിയെ അഭിമുഖികരിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് ഭയത്തിന്റെ കാരണങ്ങളിലൊന്ന്. അതിനാല്‍ ഭയങ്ങളെപ്പോലെ അവയില്‍ നിന്നും രക്ഷപ്പെടുവാന്‍ നാം കണ്ടുപിടിക്കുന്ന മാര്‍ഗങ്ങളെയും പരിശോധിക്കേണ്ടതാണ്. ഭയത്തെ ജയിക്കാനോ അടിച്ചമര്‍ത്താനോ അടക്കി നിര്‍ത്താനോ രൂപാന്തരപ്പെടുത്തുവാനോ ശ്രമിക്കുമ്പോള്‍ ആത്മ സംഘര്‍ഷമുണ്ടാകുന്നു. അത് ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നു.
ജീവിതത്തെ പല വിധം അസ്വസ്ഥമാക്കുന്ന ഭയങ്ങള്‍ക്ക് ഇടവേളകളില്ലെങ്കില്‍ ജീവിതമാസകലം ദുരിത പൂര്‍ണ്ണമാകും, ദുരന്തവുമാകും. ഭയത്തെ അതിജീവിച്ചാല്‍ മാത്രം പോരാ അഭാവാത്മകതയില്‍ നിന്ന് ഭാവാത്മകതയിലേക്ക് നീങ്ങുകയും വേണം. അഭാവാത്മകതയെന്ന ശൂന്യത എവിടെയുണ്ടോ അവിടെ ഭയം തുടങ്ങിയ ദുഷ്ടശക്തികള്‍ കുടിയേറും. ഇതൊക്കെയാണെങ്കിലും ചില സത്യാത്മക ഭയങ്ങള്‍ നമുക്കുണ്ടായിരിക്കുന്നത് നമ്മുടെ രക്ഷയ്‌ക്കുതകും. അതു വിപത്തുകളില്‍ മുന്‍കരുതലെടുക്കാന്‍ പ്രേരിപ്പിക്കുന്നു. ഉദാഹരണമായി ഹിംസ്രജന്തുക്കളോടുള്ള ഭയം അവയില്‍ നിന്നകന്നുനില്‍ക്കാന്‍ സഹായിക്കും. എന്നാല്‍ വനത്തില്‍കഴിയുന്ന മൃഗങ്ങളെയോര്‍ത്തു അകലെ സുരക്ഷിത സ്ഥാനത്തിരുന്നു നാം ഭയപ്പെടേണ്ടതുണ്ടോ? ഡ്രൈവിങ്ങിലെ അപകടങ്ങളെപ്പറ്റി ഭയം ഉള്ളിലുണ്ടായാല്‍ നാം ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് തുടങ്ങിയ മുന്‍കരുതലെടുക്കും. എന്നാല്‍ ഭയം ഏറിയാല്‍ അത് അപകടത്തിലേക്ക് നയിച്ചെന്നും വരാം. ‘അപകടങ്ങളെക്കുറിച്ചുള്ള വിവേകമാണു ധൈര്യം’ എന്ന് പ്ലേറ്റോ പറഞ്ഞത് സ്മരണീയം. ആരേയും ഒന്നിനേയും ഭയപ്പെടാതെ ജീവിച്ച മഹാന്മാരുടെ ചരിത്രങ്ങള്‍ ധാരാളമുണ്ട്. ഛത്രപതി ശിവജി, സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി തുടങ്ങിയവര്‍ ഏതാനും ഉദാഹരണങ്ങള്‍. ധീരരായിരിക്കുവാന്‍ ഏറ്റവും ഉപദേശിച്ചയാളാണ് വിവേകാനന്ദന്‍. സ്വജീവിതത്തില്‍ അത് ഒട്ടേറെ തവണ പ്രാവര്‍ത്തികമാക്കിയ ആളുമാണദ്ദേഹം.
ഭയങ്ങളില്‍ മരണഭയമാണല്ലോ ഏറ്റവും വലുത്. മരണമാകട്ടെ, അനിവാര്യമായിരിക്കെ അതെക്കുറിച്ചുള്ള ഭയവും അങ്ങനെതന്നെയാകുന്നു. അതിനാല്‍ മരണമെത്തുവോളം അതില്‍ നിന്ന് മുക്തിയുമില്ല. എങ്കിലും നമ്മുടെ ജീവിതം കുറേയെങ്കിലും ആനന്ദകരമാകണമെങ്കില്‍ ഭയനിവാരണം അത്യാവശ്യമാണ്. അതെങ്ങനെ സാധിക്കും? ഭയത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയുണ്ടാകുമ്പോള്‍ ഭയം അവസാനിക്കും. ആ ഉള്‍കാഴ്ച എന്നത് അഭേദ ബുദ്ധിയാണ്. അത് കൈവരിക്കുവാന്‍ വേദോപനിഷത്തുകളും ഭഗവദ്ഗീതയും സഹായകമാണ്. ഈശ്വരനെ ‘അഭീ അഭീ’ എന്നാണ് ഉപനിഷത്തുകള്‍ വിശേഷിപ്പിക്കുന്നത്. ഭയമില്ലാത്തവനും ഭയത്തെ നിവാരണം ചെയ്യുന്നവനുമാണ് ഈശ്വരന്‍. ‘അഭയം വൈബ്രഹ്മ’ എന്ന മഹാവാക്യവും അതുതന്നെ വ്യക്തമാക്കുന്നു. എവിടെയും ഏകത്വം ദര്‍ശിക്കുന്നവന് ദുഃഖവും മോഹവുമില്ല എന്ന് ഭഗവദ് ഗീത ഉപദേശിക്കുന്നു. അതു പോലെ അയാള്‍ക്ക് ഭയവും ഉണ്ടാകുന്നില്ല എന്നും കൂടി നാം അറിയണം. ”വികാരത്തിനുള്ള ഹേതുവിരിക്കവെ, വികാരത്തിന് അടിപ്പെടാത്തവനാണ് ധീരന്‍” എന്നു കാളിദാസ മഹാകവിയും ‘ഭീരുക്കള്‍ പലവട്ടം മരിക്കുമ്പോള്‍ ധീരന്മാര്‍ ഒരുതവണയേ മരിക്കൂ’ എന്ന് ഷേക്‌സ്പിയറും പറഞ്ഞത് ധീരതയുടെ മഹിമയെപ്പറ്റിയാണ്.
‘ധീരന്‍’ എന്ന വാക്കിന്റെ നിരുക്തികള്‍ ‘ധിയം രാതി ദദാതി ഇതിധീര’ (ബുദ്ധി പ്രദാനം ചെയ്യുന്നതുകൊണ്ട് ധീരന്‍), ”ധിയം ഈരയതി ഇതിധീര’ (ബുദ്ധിയെ ഇളക്കുക, അഥവാ പ്രകമ്പനം കൊള്ളിക്കുന്നത് കൊണ്ട് ധീരന്‍) എന്നിങ്ങനെ രണ്ടുവിധമാണ്. ബുദ്ധിയില്‍ രമിക്കുന്നവന്‍ എന്ന അര്‍ത്ഥം കൂടികല്‍പ്പിക്കുന്നതും ഏറെ ഉചിതമാണ്. ഇവയിലെല്ലാം, ബുദ്ധിയുള്ളവനാണ് ധീരന്‍ എന്ന അര്‍ത്ഥം ലഭിക്കുന്നു. അതെ ബുദ്ധിയുള്ളവനാണ് ഭയത്തെ എന്നും ജയിക്കുന്നത്. അവന്‍തന്നെയാണ് യഥാര്‍ത്ഥ ജീവിതം നയിക്കുന്നതും. അതിനാല്‍ ഈ പ്രഭാതം മുതല്‍ സൂര്യനോടുള്ള നമ്മുടെ നിത്യപ്രാര്‍ത്ഥന ‘ധിയോ യോനഃ പ്രചോദയാല്‍’ എന്നാകട്ടെ.
(സാഹിത്യകാരനും അധ്യാപക അവാര്‍ഡ് ജേതാവും ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക