തുമ്പുകെട്ടിയ മലയാള സിനിമയുടെ ചുരുള്‍മുടിയില്‍, തുളസിതളിരില ചൂടി പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ ഉര്‍വ്വശി ശോഭയുടെ വേര്‍പ്പാടിന് നാലര പതിറ്റാണ്ട്. യുവ തലമുറയ്‌ക്ക് അത്ര പരിചിതയല്ലാത്ത ശോഭ, നറുമണത്തിന്റെ ശോഭ പരത്തിയാണ് തെന്നിന്ത്യന്‍ സിനിമയില്‍ പാറി നടന്നത്.
അപൂര്‍വ്വമായ നടനസിദ്ധിയും, അഭിനയത്തിന്റെ വരദാനവും ലഭിച്ച ഗ്രാമീണ സുന്ദരിയായിരുന്ന ശോഭ, താരുണ്യ മലര്‍വ്വാടിയായ് തുഷാരഹാരം ചാര്‍ത്തിയാണ് അഭിനയ സീമയുടെ നെറുകയില്‍ സിന്ദൂര തിലകമണിയിച്ചും, വേദനിയ്‌ക്കുന്ന ഓര്‍മ്മകള്‍ സമ്മാനിച്ചും കാലയവനികയ്‌ക്കുള്ളിലേയ്‌ക്ക് മാഞ്ഞുപോയത്. മഹാലക്ഷ്മിയെന്ന പേരില്‍ അഭ്രപാളിയിലെത്തിയ ശോഭ, മലയാള സിനിമയിലെ മുന്‍കാല ചലച്ചിത്ര നടി പ്രേമയുടേയും കെ.പി. പത്മനാഭ മേനോന്റെയും മകളായി 1962 സെപ്തംബര്‍ 23 ന് ജനിച്ചു.
തന്റെ അഭിനയ ജീവിതത്തില്‍ തനിക്ക് എത്താന്‍ കഴിയാതെ പോയ സ്ഥാനത്തേ്ക്ക് മകളെ എത്തിക്കുക എന്നതായിരുന്നു പ്രേമയുടെ ആഗ്രഹം. അതിനായി അഭിനയത്തിന്റെ ബാലപാഠങ്ങളും, നൃത്തവും മകളെ പഠിപ്പിച്ചു. എം. കൃഷ്ണമൂര്‍ത്തി 1966 ല്‍ നിര്‍മിച്ച ‘തട്ടുങ്കള്‍ തിറക്കപ്പെടും’ എന്ന തമിഴ് സിനിമയില്‍ ബേബി മഹാലക്ഷ്മിയായി അരങ്ങേറി. തുടര്‍ന്ന് ഉദ്യോഗസ്ഥ, കരകാണാക്കടല്‍, മയിലാടും കുന്ന്, ഓര്‍മകള്‍ മരിക്കുമോ, ഏണിപ്പടികള്‍, വീണ്ടും പ്രഭാതം, അവള്‍ അല്‍പ്പം വൈകിപ്പോയി, യോഗമുള്ളവര്‍ എന്നീ ചിത്രങ്ങളിലൂടെ ബാല-കൗമാര താരമായി മലയാളത്തിലും വരവറിയിച്ചു.
അഭിനയ കരിയറിന്റെ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 1971 ല്‍ സിന്ദൂരചെപ്പ്, കരകാണാക്കടല്‍ എന്നീ ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡുകളും ശോഭ സ്വന്തമാക്കി. 1977 മുതല്‍ 1980 വരെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ തിരക്കുള്ള നടിയായി. അവതരിപ്പിച്ച കഥാപാത്രങ്ങളെയെല്ലാം തനതായ ശൈലിയില്‍ ശോഭ അനശ്വരങ്ങളാക്കി. ജി.എസ്. പണിക്കരുടെ ഏകാകിനിയിലൂടെ നായികയായ ശോഭ, ബാലചന്ദ്ര മേനോന്റെ ആദ്യ ചിത്രമായ ഉത്രാടരാത്രിയിലും നായികയായി. തുടര്‍ന്ന് ഉള്‍ക്കടല്‍, രണ്ടു പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, ബന്ധനം, എന്റെ നീലാകാശം തുടങ്ങിയ ചിത്രങ്ങളില്‍ തിളക്കമാര്‍ന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മലയാള സിനിമയില്‍ സാന്നിധ്യം ഉറപ്പിച്ചു. 1977 ല്‍ ഓര്‍മകള്‍ മരിക്കുമോ എന്ന ചിത്രത്തിലൂടെ മികച്ച സഹ നടിയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡും, 1978 ല്‍ എന്റെ നീലാകാശം എന്ന ചിത്രത്തിലെ അഭിനയത്തിന്, ഏറ്റവും മികച്ച നടിയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡും സ്വന്തം പേരില്‍ ശോഭ എഴുതിചേര്‍ത്തു. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമായ് അവര്‍ പ്രേക്ഷക മനസുകളില്‍ ഇടംനേടി.
1979 ല്‍ ദുരൈ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പശി’ യെന്ന തമിഴ് ചിത്രത്തിലൂടെ ഉര്‍വ്വശിപ്പട്ടം സ്വന്തമാക്കി. ആ അംഗീകാരം ആഘോഷിക്കുന്നതിനിടയില്‍ ശോഭയുടെ ഞെട്ടിക്കുന്ന മരണവാര്‍ത്ത കേട്ട് പ്രേക്ഷക വൃന്ദം പകച്ചു നിന്നു. പശി ഇന്ത്യന്‍ സിനിമയുടെ നാഴികക്കല്ലായി. അതിലെ കുപ്പമ്മ എന്ന കുപ്പ പെറുക്കി ജീവിക്കുന്ന തെരുവോരത്തെ പെണ്‍കിടാവായി തിളക്കമാര്‍ന്ന അഭിനയം കാഴ്‌ച്ചവെച്ചാണ് ശോഭ ഉര്‍വ്വശി പട്ടം നേടിയത്. മുന്‍നിര അഭിനേത്രികളെയെല്ലാം മറികടന്ന് ‘പശി’ യില്‍ ശോഭ നിറഞ്ഞുനിന്നപ്പോള്‍, അത് സ്വന്തം പെങ്ങളും, മകളും, തൊട്ടയല്‍വക്കത്തെ പെണ്‍കുട്ടിയുമൊക്കെയായി പ്രേക്ഷകര്‍ നെഞ്ചിലേറ്റി. അഭിനയത്തിന്റെ ഉന്നതികള്‍ കീഴടക്കാന്‍ അതിര് കവിഞ്ഞ മേക്കപ്പോ, നാടകീയതയോ ആവശ്യമില്ലെന്നു ശോഭ തെളിയിച്ചു. അഭിനയത്തിന്റെ ലാവണ്യമായിരുന്നു ശോഭയുടെ സൗന്ദര്യം. ആ ശാലീന സൗന്ദര്യം പ്രേക്ഷകരെ വല്ലാതെ വശീകരിച്ചു.
മോഹന്‍ സംവിധാനം ചെയ്തത് 1980 ല്‍ പുറത്തിറങ്ങിയ ‘ശാലിനി എന്റെ കൂട്ടുകാരി’ യാണ് മലയാളത്തില്‍ ശോഭയുടെ കരിയര്‍ മാറ്റിയത്. ക്യാംപസ് വരാന്തകളില്‍ നൊമ്പരമുണര്‍ത്തിയ ഈ ചിത്രത്തിലെ ശാലിനിയെ ശോഭ അനശ്വരമാക്കി. ‘കോകില’ എന്ന തമിഴ് ചിത്രത്തില്‍ കമലഹാസന്റെ നായികയായി വേഷമിട്ട ശോഭ, അഭിനയത്തിന്റെ മായാത്ത മുദ്രകളാണ് പ്രേക്ഷക മനസുകളില്‍ ആഴത്തില്‍ പതിപ്പിച്ചത്. വിവിധ ഭാഷകളിലായി 55 ഓളം ചിത്രങ്ങള്‍ ശോഭ അവിസ്മരണീയമാക്കി. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന ബാലു മഹേന്ദ്രയെ പ്രണയിച്ച് വിവാഹം ചെയ്ത ശോഭ, 1980 മെയ് ഒന്നിന് 18-ാം വയസില്‍ ആത്മഹത്യ ചെയ്തു. ബാലു മഹേന്ദ്ര ശോഭയെ വിവാഹം കഴിക്കുകയും, ആദ്യ ഭാര്യയുമായുള്ള ബന്ധം അദ്ദേഹം തുടരുകയും ചെയ്തതാണ് ആത്മഹത്യയിലേയ്‌ക്ക് നയിച്ചതെന്നും, അതല്ല മറിച്ച് മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിനിമ ലോകം അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്തിരുന്നു. മകളുടെ മരണത്തിന് കാരണം ബാലു മഹേന്ദ്രയാണെന്ന് ആരോപിച്ച് അമ്മ പ്രേമ, നീണ്ടകാലം നിയമയുദ്ധവും നടത്തി. താമസിയാതെ അവരും മരിച്ചു.
ശോഭയുടെ വിയോഗത്തിനിടയാക്കിയ സാഹചര്യത്തെ ആസ്പദമാക്കി പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ്ജ് ‘ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്’ എന്ന സിനിമ എടുത്തതും അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. അഭിനയ മുഹൂര്‍ത്തങ്ങള്‍കൊണ്ട് മലയാള സിനിമയെ സമ്പന്നമാക്കിയ ആ അനശ്വര നക്ഷത്രം, തനി്ക്ക് പകരം വയ്‌ക്കാന്‍ താന്‍ മാത്രമാണെന്ന് കാലത്തിന്റെ കണക്കുപുസ്തകത്തില്‍ എഴുതി ചേര്‍ത്താണ് ചമയങ്ങളില്ലാത്ത ലോകത്തേ്ക്ക് അലിഞ്ഞുചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: