Kerala

സ്മാര്‍ട്ട് സിറ്റി പദ്ധതി: പണം നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍; സ്വന്തം ഭരണ നേട്ടമാക്കി പിണറായി വിജയന്‍

നിര്‍മാണ ഉദ്ഘാടനം 2015 ജൂണ്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷ്യം ഭാരതത്തിലെ 100 നഗരങ്ങളുടെ വികസനം. 48,000 കോടി രൂപയുടെ സാമ്പത്തിക സഹായം. കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയും

Published by

തിരുവനന്തപുരം: കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശത്തിലും സാമ്പത്തിക സഹായത്തോടെയും നടപ്പാക്കിയ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും.

സംസ്ഥാനത്തെ വികസന മുരടിപ്പ് പുറത്തറിയാതിരിക്കാന്‍ കേന്ദ്രപദ്ധതികള്‍ സ്വന്തംപേരിലാക്കി അവതരിപ്പിക്കുന്ന ഇടതു സര്‍ക്കാര്‍ നീക്കത്തിന് പ്രതിപക്ഷത്തിന്റെ മൗനാനുവാദവും. സ്മാര്‍ട്ട് സിറ്റിയിലുള്‍പ്പെടുത്തി തലസ്ഥാനത്തെ 12 റോഡുകളുടെ ഉദ്ഘാടനമാണ് സ്വന്തം അക്കൗണ്ടില്‍ മുഖ്യമന്ത്രി എഴുതിച്ചേര്‍ത്തത്. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിലെ നേട്ടമായാണ് അവകാശവാദം.

വിഴിഞ്ഞം തുറമുഖ നിര്‍മാണവും കേന്ദ്രസര്‍ക്കാര്‍ 1,33,000 കോടി ചെലവില്‍ പണിയുന്ന 1931 കിലോമീറ്റര്‍ ദേശീയപാത നിര്‍മാണവുമെല്ലാം പിണറായി വിജയന്‍ സര്‍ക്കാരിന്റെയും മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും നേട്ടമെന്ന് വരുത്താനാണ് ശ്രമം. മന്ത്രി മുഹമ്മദ് റിയാസിന്റെ സോഷ്യല്‍മീഡിയ പേജുകളിലെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി ദേശീയപാത നിര്‍മാണമാണ് ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ പാക്കേജ് ആയ ദേശീയപാത നിര്‍മാണത്തിന് കേന്ദ്രം അനുവദിച്ച തുകയെക്കുറിച്ച് പറയുന്നുമില്ല. പകരം മൂന്ന് പതിറ്റാണ്ടുകാലം കാലം ദേശീയപാത വികസനത്തിന് ആവശ്യമായ വസ്തു ഏറ്റെടുത്ത് നല്‍കാതെ പദ്ധതി വൈകിപ്പിച്ചതിന് പിഴ ഒടുക്കേണ്ടിവന്നത് നേട്ടമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്.

അനന്തമായി നീളുന്നു

അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതിയുടെ കാലാവധി 2023 ജൂണ്‍വരെ ആയിരുന്നു. വിഭാവനം ചെയ്തതില്‍ നിരവധി പദ്ധതികള്‍ ഇനിയും ബാക്കിയാണ്. രാജാജിനഗര്‍ (ചെങ്കല്‍ച്ചൂള) വികസനവും ചാല പൈതൃക പദ്ധതിയുമെല്ലാം ഉപേക്ഷിച്ച മട്ടാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക