ഇസ്ലാമാബാദ്: വെടിനിർത്തൽ ചർച്ച ചെയ്യാൻ പാകിസ്ഥാന്റെയും ഇന്ത്യയുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) പരസ്പരം സംസാരിച്ചതായി പാകിസ്ഥാൻ ഉപ പ്രധാനമന്ത്രി ഇഷാഖ് ദാർ വ്യാഴാഴ്ച പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ തമ്മിൽ മെയ് 18 ന് ചർച്ച നടക്കുമെന്നും അദ്ദേഹം ജിയോ ന്യൂസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് പാകിസ്ഥാൻ ഡിജിഎംഒ മേജർ ജനറൽ കാഷിഫ് അബ്ദുള്ളയും ഇന്ത്യൻ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായിയും ഹോട്ട്‌ലൈനിൽ സംസാരിച്ചതായി ദാർ, പാകിസ്ഥാൻ പാർലമെന്റിനെ അറിയിച്ചു. മെയ് 18 ന് രണ്ട് ഡിജിഎംഒമാരും വീണ്ടും ചർച്ച നടത്തുമെന്ന് പാർലമെന്റിൽ ദാർ പറഞ്ഞു. വെടിനിർത്തൽ പാലിക്കാൻ ഇരുപക്ഷവും സമ്മതിച്ചു എന്നതൊഴിച്ചാൽ ചർച്ചയുടെ വിശദാംശങ്ങൾ പങ്കുവെച്ചിട്ടില്ല.
ജിയോ ന്യൂസ് റിപ്പോർട്ട് അനുസരിച്ച് ഡിജിഎംഒ ചർച്ചകൾക്കിടയിൽ വെടിനിർത്തൽ മെയ് 12 വരെ നീട്ടി. മെയ് 12 ന് ഡിജിഎംഒ വീണ്ടും സംസാരിച്ചപ്പോൾ വെടിനിർത്തൽ മെയ് 14 വരെ നീട്ടി, മെയ് 14 ന് നടന്ന ചർച്ചകൾക്ക് ശേഷം, വെടിനിർത്തൽ മെയ് 18 വരെ നീട്ടുകയായിരുന്നു.
അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീജല കരാറിന്റെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വെടിനിർത്തൽ അപകടത്തിലാകുമെന്ന് ഇഷാഖ് ദാർ അടുത്തിടെ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ വിഷയം പരിഹരിക്കപ്പെട്ടില്ലെങ്കിൽ അത് ഒരു യുദ്ധപ്രവൃത്തിയായി കണക്കാക്കപ്പെടുമെന്നാണ് ദാർ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: