മട്ടാഞ്ചേരി: റീഫിറ്റ് പുര്‍ത്തിയാക്കി വര്‍ധിതവീര്യത്തോടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്ക്. കൊച്ചി കപ്പല്‍ശാലയില്‍ ഷോര്‍ട്ട് റീഫിറ്റ് ഡ്രൈഡോക്ക് നടത്തിയ ശേഷം അത്യാധുനിക സംവിധാനങ്ങളുമായാണ് ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്കിറങ്ങുന്നത്. 2013 നവംബറില്‍ കമ്മിഷന്‍ ചെയ്ത് ഭാരത നാവിക സേനയുടെ ഭാഗമായി കാര്‍വാര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
2024 ആഗസ്തില്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകരിച്ച റീഫിറ്റ് നിര്‍ദേശത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയമാണ് 1207 കോടി രൂപ ചെലവില്‍ കൊച്ചി കപ്പല്‍ശാലയുമായി നവംബറില്‍ അറ്റകുറ്റപ്പണി കരാര്‍ ഒപ്പിട്ടത്. ഡിസംബറില്‍ കൊച്ചി കപ്പല്‍ശാല ഡോക്കിലേറ്റിയ വിക്രമാദിത്യ അഞ്ച് മാസം നീണ്ട അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയാണ് പടക്കളത്തിലിറങ്ങുന്നത്.
50 ഓളം ചെറുകിട ഇടത്തരം സംരംഭക പങ്കാളിത്തവും 3500 ഓളം തൊഴിലവസരങ്ങളും സൃഷ്ടിച്ച റീഫിറ്റ് കൊച്ചി കപ്പല്‍ശാലയ്‌ക്ക് വന്‍ നേട്ടവുമാണ്. കൊച്ചി കപ്പല്‍ശാലയില്‍ സാങ്കേതിക നവീകരണവും അണ്ടര്‍വാട്ടര്‍ പാക്കേജ്, ഹാള്‍ സ്‌ക്രാപ്പിങ് തുടങ്ങിയവ നടത്തി. റഷ്യയില്‍ നിന്ന് വാങ്ങിയ അഡ്മിറല്‍ ഗോര്‍ഷ്‌കോവ് വിമാനവാഹിനിയാണ് 2013ല്‍ ഭാരത നാവികസേനയുടെ വിക്രമാദിത്യയായത്. ഇതിനകം ഒട്ടേറെ സംയുക്ത നാവികാഭ്യാസങ്ങളില്‍ പങ്കെടുത്ത വിക്രമാദിത്യയില്‍ 26 മിഗ,് 29 കെ വിമാനങ്ങളും 10 കമോഷ് ഹെലികോപ്റ്ററുകളുമടങ്ങുന്ന സന്നാഹമുണ്ട്. 100 ഓഫീസര്‍മാരടക്കം 1600 നാവികരുമുണ്ട്. 44,570 ടണ്‍ കേവു ഭാരമുള്ള വിക്രമാദിത്യക്ക് 60 മീറ്റര്‍ ഉയരവും 284 മീറ്റര്‍ നീളവുമുണ്ട്. ഭാരത- ഇസ്രയേല്‍ പങ്കാളിത്തമുള്ള ദീര്‍ഘദൂര ഉപരിതല- വായു മിസൈല്‍ സംവിധാന വുമൊരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: