Kerala

‘അടിയന്തര ശസ്ത്രക്രിയക്ക് അല്ലല്ലോ പോയത്, സൗന്ദര്യം വർദ്ധിപ്പിക്കാനല്ലേ’; കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പിഴവിൽ രോഗിയെ അപമാനിച്ച് കെബി ഗണേഷ് കുമാർ

Published by

തിരുവനന്തപുരം: കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. യുവതി നടത്തിയത് അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ എന്നും സൗന്ദര്യം വർദ്ധിപ്പിക്കാനുള്ളതല്ലേ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം ശസ്ത്രക്രിയക്ക് വിധേയയാകുമ്പോൾ വിദഗ്ധരായ ഡോക്ട്ടറുടെ അടുത്ത് തന്നെയാണോ പോകുന്നതെന്ന് അന്വേഷിച്ചിട്ട് ഇറങ്ങണമെന്നും മന്ത്രി കെബി ഗണേഷ് കുമാർ കുറ്റപ്പെടുത്തി. ഈ സംഭവത്തിൽ യുവതിയുടെ ഭാഗത്തും തെറ്റുണ്ടെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ എളുപ്പത്തിൽ വണ്ണം കുറയ്‌ക്കാനുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്തെ കഴക്കൂട്ടത്താണ് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്‌ക്കിടെ ഗുരുതര പിഴവ് സംഭവിച്ചത്. ചികിത്സാ പിഴവിനെ തുടർന്ന് യുവതിയുടെ ഒമ്പത് വിരലുകളാണ് മുറിച്ചുമാറ്റേണ്ടി വന്നത്. കഴക്കൂട്ടം കുളത്തൂരിലെ കോസ്മറ്റിക് ആശുപത്രിയിൽ ചികിത്സ തേടിയ 31കാരി നീതുവിനാണ് ചികിത്സാപ്പിഴവിനെത്തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നത്.

പ്രസവത്തിന് ശേഷമുള്ള വയറിലെ കുറയ്‌ക്കാനായാണ് 31 വയസുകാരിയായ നീതു കഴക്കൂട്ടം കുളത്തൂരുലെ കോസ്മറ്റിക് ആശുപത്രി ആശുപത്രിയുമായി ബന്ധപ്പെടുന്നത്. പരസ്യം കണ്ടാണ് ഇവരെ വിളിച്ചത്. എന്നാൽ 5 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കായി ആശുപത്രി ആവശ്യപ്പെട്ടത്. ഇതോടെ ആദ്യം യുവതി പിൻമാറിയെങ്കിലും മൂന്ന് ലക്ഷം രൂപയ്‌ക്ക് ചെയ്തുതാരാമെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും തിരികെ നീതുവിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ സർജറിയിലാണ് പിഴവുണ്ടായത്. ഇതേ ആശുപത്രിക്കെതിരെ മറ്റൊരു ഗുരുതര പിഴവ് ആരോപണവും ഉണ്ടെന്നാണ് നീതുവിന്റെ ഭർത്താവ് പത്മജിത് പറയുന്നത്. 2024ൽ ഇതേ ആശുപത്രിയിൽവെച്ച് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ നടത്തിയ ഒരാൾ മരിച്ചിരുന്നു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by