Kerala

എ. ശ്രീനിവാസന്റെ മകള്‍ നവനീതയ്‌ക്ക് മികച്ച വിജയം

Published by

പാലക്കാട്: തീരാനഷ്ടത്തിനിടയിലും ഉജ്ജ്വല വിജയം കരസ്ഥമാക്കി നവനീത ശ്രീനിവാസന്‍. പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് മുന്‍ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസന്റെ ഏകമകള്‍ നവനീതയ്‌ക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ വണ്‍.

പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. 2022 ഏപ്രില്‍ 16നാണ് മേലാമുറിയിലെ സ്വന്തം സ്ഥാപനത്തിലിരിക്കുകയായിരുന്ന ശ്രീനിവാസനെ മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ പിഎഫ്ഐ ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയത്. അച്ഛന്റെ ആഗ്രഹം സഫലമാക്കുകയെന്ന ലക്ഷ്യമാണ് തനിക്ക് മുന്നിലുള്ളതെന്നും അതിലൊന്ന് പൂര്‍ത്തിയായതില്‍ അതിയായ സന്തോഷമുണ്ടെന്നും നവനീത പറഞ്ഞു. ഡോക്ടറാവണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഇനി
അതിനുള്ള തയാറെടുപ്പാണ്. മൂത്താന്തറ കണ്ണകി എച്ച്എസ്എസില്‍ ബയോളജി അധ്യാപികയായ അമ്മ ഗോപികയുടെയും, വീട്ടുകാരുടെയും പിന്തുണയാണ് തന്റെ വിജയത്തിന് കാരണമെന്ന് നവനീത പറഞ്ഞു.

കടുത്ത മാനസിക വിഷമത്തിലൂടെ കടന്നുപോയിരുന്ന സമയത്ത് തനിക്ക് പിന്തുണയുമായെത്തിയ എല്ലാവരോടും നന്ദിപറയുന്നു. പഠനത്തില്‍ മാത്രമല്ല, നൃത്തത്തിലും മിടുക്കിയാണ് നവനീത. ഭരതനാട്യത്തില്‍ നാലാംവര്‍ഷ ഡിപ്ലോമ ചെയ്തുകൊണ്ടിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. മാത്രമല്ല ഹിന്ദി പ്രചാരസഭയുടെ എട്ടാം ലെവലും ഇതിനകം പൂര്‍ത്തിയാക്കി. തഞ്ചാവൂര്‍ ഉള്‍പ്പെടെ വിവിധ വേദികളില്‍ നൃത്തം അവതരിപ്പിച്ചു. മൂത്താന്തറ ശിവാജി റോഡ് ദ്വാരകാനഗറിലാണ് താമസം. ലയണ്‍സ് സൂക്ളില്‍ തന്നെ ബയോളജി സയന്‍സിന് ചേരാനിരിക്കുകയാണ്. അതോടൊപ്പം തന്നെ നീറ്റ് പരീക്ഷക്കുള്ള പരിശീലനവും ആരംഭിച്ചതായി നവനീത പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by