അനന്തപുരിയുടെ പെരുമയുമായി അനന്തഭൂമി
തിരുവനന്തപുരം: അനന്തപുരിയുടെ ചരിത്രവും പൈതൃകവും വിളിച്ചോതി അനന്തഭൂമി പ്രദര്‍ശനി ശ്രദ്ധേയമാകുന്നു. അപൂര്‍വ്വങ്ങളായ നാണയ, പുസ്തക, ഫോട്ടോ ശേഖരങ്ങളുമാണ് പ്രദര്‍ശനിയുടെ പ്രത്യേകത. ആയിരം വര്‍ഷം പഴക്കമുള്ള കൊങ്ങുചേരഗജവാഹന്‍ ആഭരണം മുതല്‍ ലോകത്തിലെ ഏറ്റവും ചെറിയ സ്വര്‍ണ നാണയം വരെ ഇവിടെയുണ്ട്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ബിന്‍കുമാര്‍ ആചാരിയും കുടുംബവും കുലാചാര പ്രകാരം പാരമ്പര്യമായി സമര്‍പ്പിക്കുന്ന പള്ളിവില്ല് എന്ന ഓണവില്ല് കാണാനും ചിത്രമെടുക്കാനും വലിയ തിരക്കാണ്.
സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തിന്റെ അപൂര്‍വ ചിത്രങ്ങളും ആറ്റുകാല്‍ പൊങ്കാലയുടെ ദൃശ്യങ്ങളും ആകര്‍ഷകമാണ്. ഗവണ്‍മെന്റ് ഓഫ് ട്രാവന്‍കൂര്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ട്രാവന്‍കൂര്‍, കൊച്ചി എന്നീ രാജ്യങ്ങളുടെ മുദ്രപത്രങ്ങള്‍ മേളയിലെ മറ്റൊരാകര്‍ഷണമാണ്. ആയിരത്തി ഒരുന്നൂറ്റി ഇരുപതാമാണ്ടിലെയും, ആയിരത്തി ഒരുന്നൂറ്റി അന്‍പതാമാണ്ടിലെയും എട്ടണ, നാലണ, ഒരു രൂപ, രണ്ടു രൂപ, നാലര രൂപ, അഞ്ചുരൂപ, പതിനഞ്ച് രൂപ വിലയുള്ള മുദ്രപത്രങ്ങള്‍ കാണികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.
ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ്, മൊറാര്‍ജി ദേശായി, ഇന്ദിരാഗാന്ധി, ഇഎംഎസ്, കുഞ്ഞുണ്ണിമാഷ്, തുടങ്ങിയ പ്രമുഖരുടെ മരണവാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ള മലയാള ദിനപത്രങ്ങള്‍, നഗരത്തിന്റെ പെരുമ വിളിച്ചോതുന്ന അപൂര്‍വ പുസ്തകങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും അനന്തഭൂമിയിലുണ്ട്.
സാംസ്‌കാരിക പ്രവര്‍ത്തകനായ ഗോപന്‍ ശാസ്തമംഗലത്തിന്റെ ശേഖരത്തിലുള്ളതാണ് മുദ്രപത്രങ്ങളും പഴയകാല ദിനപത്രങ്ങളും. വേണാടിന്റെ പഴയകാല നാണയങ്ങള്‍, ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ കാലത്തെ നാണയങ്ങള്‍, ക്ഷേത്ര പ്രവേശന വിളംബര നാണയങ്ങള്‍, 2300 വര്‍ഷം പഴക്കമുള്ള പഞ്ച് നാണയങ്ങള്‍, ഗ്രീക്ക് നാണയങ്ങള്‍, ശതവാഹന നാണയങ്ങള്‍, ഉജ്ജയിനി നാണയങ്ങള്‍, സംഘകാല ചേര നാണയങ്ങള്‍ തുടങ്ങിയ പുരാതന നാണയ ശേഖരം മേളയുടെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകം, പഴയ കാലത്ത് സ്വര്‍ണം സൂക്ഷിച്ചു വയ്‌ക്കുന്ന ഏലസുകള്‍ തുടങ്ങിയവയുമുണ്ട്. ഇവയെല്ലാം വലിയവിള എം. ശ്രീകുമാരന്‍നായരുടെ ശേഖരത്തിലുള്ളതാണ്. ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണഗുരു, അയ്യന്‍കാളി, അയ്യാ വൈകുണ്ഠ സ്വാമി, തൈക്കാട് അയ്യാ സ്വാമി, ഡോ. പല്‍പ്പു തുടങ്ങിയവരുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ചിത്രരൂപത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡോ.ടി.പി ശങ്കരന്‍കുട്ടിനായരുടെയും എം. ഗോപാലിന്റെയും നേതൃത്വത്തിലാണ് അനന്തഭൂമി പ്രദര്‍ശനി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 9 വരെയാണ് പ്രദര്‍ശനിയുടെ സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക