Kerala

കൗതുകമായി നീല്‍ നിരഞ്ജന്‍ അഹമ്മദ് ഷാ; കൃഷിയില്‍ എട്ട് വയസുകാരന്‍ ഗര്‍ഭശ്രീമാന്‍

Published by

തിരുവനന്തപുരം: കര്‍ഷകര്‍ക്കിടയില്‍ എട്ടുവയസുകാരന്‍ നീല്‍ നിരഞ്ജന്‍ അഹമ്മദ് ഷാ അത്ഭുതമാണ്. 167 ഇനങ്ങള്‍… പച്ചക്കറികളും ഔഷധസസ്യങ്ങളുമായി നീല്‍ നിരഞ്ജന്റെ വിസ്മയത്തോട്ടം പറയുന്നത് കഠിനാധ്വാനത്തിന്റെ കഥ. ജന്മഭൂമി സുവര്‍ണജയന്തി ആഘോഷങ്ങളുടെ ആദ്യ പരിപാടിയായ കാര്‍ഷിക, പരിസ്ഥിതി സെമിനാറിനിടെയാണ് ഈ മിടുക്കന്‍ ചര്‍ച്ചയായത്. സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ കോല്‍ഹാപൂര്‍ കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ.കെ. പ്രതാപനാണ് സദസിന് മുന്നില്‍ നീലിനെ പരിചയപ്പെടുത്തിയത്.

കൃഷിയുടെ ബാലപാഠങ്ങള്‍ ഗര്‍ഭാവസ്ഥയിലേ പഠിച്ചുവെന്ന് അഭിമാനത്തോടെ പറയുന്ന നീലിനെ പ്രൊഫ. പ്രതാപന്‍ വിശേഷിപ്പിച്ചത് നമ്മുടെ സ്വാതി തിരുനാളിനെപ്പോലെ എന്നാണ്. കവടിയാര്‍ ശബരിഗിരി ന്യൂ ജനറേഷന്‍ സ്‌കൂളിലെ മൂന്നാംക്ലാസുകാരനോട് എപ്പോഴാണ് കൃഷിയിലേക്ക് എത്തിയതെന്ന് ചോദിച്ചാല്‍ അഭിമാനത്തോടെ നിരഞ്ജന്‍ പറയുന്ന് അമ്മ ജൈവകൃഷിയുടെ പഠനക്ലാസുകളില്‍ പങ്കെടുക്കുമ്പോള്‍ താന്‍ ഗര്‍ഭസ്ഥ ശിശുവായിരുന്നുവെന്നും അന്നുമുതല്‍ കൃഷി പഠിക്കുന്നുണ്ടെന്നുമാണ്. രണ്ടര വയസു മുതല്‍ കര്‍ഷക കൂട്ടായ്മകളിലെ അംഗവും മട്ടുപ്പാവില്‍ കൃഷി ചെയ്യുന്ന കര്‍ഷകനുമാണ്. തക്കാളി, വഴുതന, പടവലം, കുമ്പളം, മത്തന്‍, വെണ്ട, ചേമ്പ്, ചേന വാഴ തുടങ്ങി 167 ഇനങ്ങളാണ് അമ്മയും നിരഞ്ജനും കൂടി മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നത്.

മണ്‍ചട്ടി, ഗ്രോബാഗ്, മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍, പഴയ കന്നാസുകള്‍, ചാക്കുകള്‍ എന്നിവയെല്ലാം നീല്‍ ഉപയോഗിക്കും. ചെറിയ സ്റ്റാന്റുകള്‍ തയാറാക്കി ഇവ പല തട്ടുകളിലായി നിരത്തി വിവിധതരം വിത്തുകള്‍ പാകിയാണ് കൃഷിരീതി. മൂന്ന് നേരം തൈകള്‍ക്ക് നനവ് നല്കും. രാവിലെ 6.30ന് എഴുന്നേറ്റാലുടന്‍. മൂന്ന് മണിക്ക് സ്‌കൂള്‍വിട്ടെത്തിയാല്‍, പിന്നെ രാത്രി 11ന് ഉറക്കത്തിന് മുമ്പ്. ഏത് തിരക്കിലും ചെടികളെ മറക്കില്ല. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ നിന്നും അമ്മയോടൊപ്പം പേരയം എന്ന സ്ഥലത്തേക്ക് ചാണകവും ഗോമൂത്രവും വാങ്ങാന്‍ പോകുന്നതാണ് നീല്‍ നിരഞ്ജന്റെ ഔട്ടിങ്. ചാക്കുകളിലും ക്യാനുകളിലുമായി ഗോമൂത്രവും ചാണകവും ശേഖരിച്ചുകൊണ്ടുവരും. ഇവ ചകിരിച്ചോറും ഭക്ഷണാവശിഷ്ടവുമായി ചേര്‍ത്ത് കമ്പോസ്റ്റ് തയാറാക്കും. ഇതുമാത്രമാണ് വളം. മൂന്ന് സെന്റ് വസ്തുവില്‍ മൂന്നുനിലയുള്ള വീടിനു മുകളിലാണ് നീല്‍ നിരഞ്ജന്റെ കൃഷിയിടം.

കാവല്ലൂര്‍ കൃഷ്ണന്‍നായര്‍ അവാര്‍ഡ്, ഫാം ജേര്‍ണലിസ്റ്റ് ഫോറം അവാര്‍ഡ്, അനന്തപുരി ജൈവ പഠന കളരി അവാര്‍ഡ്, കുട്ടിക്കര്‍ഷക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ഈ ചെറുപ്രായത്തിനുള്ളില്‍ നിരഞ്ജനെ തേടിയെത്തി. ഐഎഎസ് നേടണം. കൃഷി മേഖലയില്‍ പ്രവര്‍ത്തിക്കണം… ഇതാണ് ആഗ്രഹം. വട്ടിയൂര്‍ക്കാവ്, കാവല്ലൂര്‍ വിഎന്‍ആര്‍എ 127 ‘ഖയാല്‍’ ല്‍ പ്രവാസിയായ അഹമ്മദിന്റെയും മുന്‍ മാധ്യമപ്രവര്‍ത്തക രജീന ബീവി. എസ്. ന്റെയും മകനാണ്. ജ്യേഷ്ഠന്‍ നിരഞ്ജന്‍ ഷാ അഹമ്മദ് ബാംഗ്ലൂരില്‍ രണ്ടാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിയാണ്.

ഗോപന്‍ ചുള്ളാളം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by