തിരുവനന്തപുരം: ഭാരതത്തിന്റെ മുന്നേറ്റത്തില്‍ മുഴങ്ങിയ ഐതിഹാസികമുദ്രാവാക്യത്തിന്റെ പൊരുളറിഞ്ഞ് ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍. അതിരുകാക്കുന്ന ഭടനും കതിരുകാക്കുന്ന കര്‍ഷകനും തുല്യരാണെന്നാണ് കോല്‍ഹാപ്പൂര്‍ ഡി.വി പാട്ടീല്‍ അഗ്രികള്‍ച്ചറല്‍ ആന്റ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.പ്രതാപന്‍. സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രാവിലെ നടന്ന വിത്തിനങ്ങളുടെ കൈമാറ്റം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയ ഭാരത പ്രധാനമന്ത്രിയെയും മൂന്ന് സേനകളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിഷരഹിതമായ ധാന്യങ്ങളും പച്ചക്കറികളും ഉദ്പാദിപ്പിക്കാന്‍ ഒരു രാജ്യത്തിന് കഴിയുന്നില്ലെങ്കില്‍ ആ നാട് കൊണ്ട് ജനങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ല. മാരകമായി കീട നാശിനികളുടെ പ്രയോഗം ആര്‍സിസി പോലുള്ള ആശുപത്രികളില്‍ രോഗികളുടെ വരിയുടെ നീളം കൂട്ടാനെ ഉപകരിക്കുകയുള്ളൂ. അധിനിവേശ സസ്യ, ജീവ കീട ജാലങ്ങള്‍ തനത് കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികമേഖലയെ സംരക്ഷിക്കുന്നതിനോടൊപ്പം ജല സംരക്ഷണത്തിനും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവജനങ്ങളുടെ ലഹരി കൃഷിയാകണമെന്നും എല്ലാവരും കൃഷിയിലേക്ക് തിരിയണമെന്നും കൃഷി മാത്രമല്ല കൃഷി അനുബന്ധ മേഖലകളെയും സംരക്ഷിക്കണമെന്നും പ്രൊഫ.കെ.പ്രതാപന്‍ ആഹ്വാനം ചെയ്തു.
എന്‍. വിജയകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എന്‍. അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പദ്മശ്രീ ശീമന്നാരായണന്‍, പരിസ്ഥിതി സൗഹൃദ കാര്‍ഷിക പ്രചാരകന്‍ വനമിത്ര സുരേഷ്, കാര്‍ഷിക വിദഗ്ധന്‍ എസ്.വി സുജിത്ത്, നൂതന കാര്‍ഷിക സമ്പ്രദായ വിദഗ്ദന്‍ ആര്‍. രവീന്ദ്രന്‍, ഡോ. സന്തോഷ്‌കുമാര്‍, ഡി.വിജയ ഭാസ്‌കര്‍, കുഞ്ഞ് കര്‍ഷകനായ നിരഞ്ജന്‍ ഷാ, കെ.എ. അജിത്ത് കുമാര്‍, എ.സുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക