Main Article

കര്‍മയോഗി: രാ. വേണുഗോപാല്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

Karmayogi: Ra. Venugopal's birth centenary celebrations begin today

Published by

കേരളത്തിലെ ആദ്യകാല സംഘ സ്വയംസേവകരില്‍പെട്ട രാ.വേണുഗോപാല്‍ എന്നറിയപ്പെട്ടിരുന്ന വേണുവേട്ടന്റെ നൂറാം ജന്മദിനം ഭാരതീയ മസ്ദൂര്‍ സംഘത്തിനു മാത്രമല്ല, തൊഴിലാളി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നവര്‍ക്കും, രാഷ്‌ട്രീയ സ്വയംസേവക സംഘവുമായി പരിചയമുള്ള സകലമാനപേര്‍ക്കും സ്മരണീയാവസരമാണ്. സംഘദൗത്യവുമായി കോഴിക്കോട്ടെത്തിയ ദത്തോപാന്ത് ഠേംഗ്ഡിയുടെ ‘കണ്ടെത്തലാ’യിരുന്നു. വേണുഗോപാല്‍ എന്നു പറയുന്നതില്‍ ഒട്ടും അമിതോക്തിയില്ല.

1942 ല്‍ കോഴിക്കോട്ട് സംഘദൗത്യവുമായെത്തിയ ഠേംഗ്ഡിജിയുടെ സമ്പര്‍ക്കത്തില്‍ വന്നവരായിരുന്നു അദ്ദേഹവും, ടി.എന്‍. ഭരതന്‍, മാര്‍ത്താണ്ഡവര്‍മ്മ, പി. മാധവന്‍, സി.എന്‍. സുബ്രഹ്‌മണ്യന്‍, വി. കൃഷ്ണ ശര്‍മ്മ, എം. കുമാരന്‍ തുടങ്ങിയ ആദ്യകാല സ്വയംസേവകര്‍. ഠേംഗ്ഡിജിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അവരില്‍ പലരും സംഘപ്രചാരകരായി. സംഘപരിവാറില്‍പെട്ട ഭാരതീയ ജനസംഘത്തിലും മസ്ദൂര്‍ സംഘത്തിലും മാത്രമല്ല പ്രസിദ്ധീകരണരംഗത്തും വേണുവേട്ടന്‍ കൈവച്ചിട്ടുണ്ട്. 1946 ല്‍ അദ്ദേഹം പ്രചാരകനായി. അതിനു മുമ്പ് പാലക്കാട്ട് ശാഖയാരംഭിച്ചതും അദ്ദേഹമായിരുന്നു. ഈ ലേഖകന് അദ്ദേഹവുമായി പരിചയപ്പെടാന്‍ അവസരമുണ്ടായത് 1952ല്‍ കൊല്ലത്ത് ശ്രീനാരായണ കോളജില്‍ നടന്ന ‘ഹേമന്ത ശിബിര’ത്തിലായിരുന്നു. മധുര, തിരുനെല്‍വേലി ജില്ലകളും തിരു-കൊച്ചി സംസ്ഥാനവും പങ്കെടുത്ത ആ ശിബിരത്തില്‍ ‘പരിചയ’ത്തിനിടെ ഞാന്‍ തൊടുപുഴക്കാരനാണെന്നും, കോട്ടയം വഴിയാണ് പോകേണ്ടതെന്നുമറിയിച്ചു. കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തിനടുത്ത് ഗോപാലയം എന്നാണ് താന്‍ താമസിക്കുന്ന കാര്യാലയത്തിന്റെ പേര് എന്നദ്ദേഹം പറഞ്ഞപ്പോള്‍ വേണുഗോപാല്‍ എന്നയാള്‍ താമസിക്കുന്നതിനാലാണ് ഗോപാലയമെന്നു പേരിട്ടത് എന്നു ഞാന്‍ ധരിച്ചു. അദ്ദേഹം കോട്ടയം വിട്ടശേഷവും ഗോപാലയം എന്ന പേര്‍ കോട്ടയം കാര്യാലയത്തിനു തുടര്‍ന്നു. കോട്ടയത്തായിരുന്ന കാലത്ത് തനിക്കുണ്ടായ ഒരനുഭവം അദ്ദേഹം പറഞ്ഞത് രസകരമായിരുന്നു. വേണുവേട്ടന്റെ അച്ഛന്‍ നിലമ്പൂര്‍ കോവിലകത്തെ വലിയ രാജാവായിരുന്നു. അവിടത്തെ ഒരാശ്രിതന്‍ കോട്ടയത്ത് എന്തോ ജോലിയായിരിക്കെ വേണുവേട്ടനെ കാണാനിടയായി. അദ്ദേഹത്തോട് ആചാരോപചാരങ്ങളോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തു. വേണുവേട്ടന്‍ കുട്ടികളോടും മറ്റും ഇടപെടുന്നതിലെ സഹജ സ്വഭാവം അയാളെ അസ്വസ്ഥനാക്കിയത്രേ.

കേസരിവാരിക ആരംഭിച്ചപ്പോള്‍ അതിന്റെ ഉടമയായി ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് എന്ന സംവിധാനമുണ്ടായി. അതിന്റെ ട്രസ്റ്റികളിലൊരാളായി അദ്ദേഹം ചുമതലയേറ്റു. പ്രചാരകനായി പ്രവര്‍ത്തിക്കുന്നതിനിടെ വേണുവേട്ടന്‍ അസുഖബാധിതനായി. ശ്രീ ഗുരുജിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം നിലമ്പൂരില്‍ കോവിലകത്ത് അച്ഛന്റെ വസതിയിലേക്കു താമസം മാറ്റി. ആയുര്‍വേദ ചികിത്സയില്‍ കുറേനാള്‍ കഴിഞ്ഞു. ചികിത്സയുടെ ഭാഗമായി കടുവാ (നരിയെന്നു മലബാറില്‍)യുടെ മാംസം ചേര്‍ത്തു തയ്യാറാക്കിയ ഔഷധസേവ വേണ്ടിവന്നു. കോവിലകം വക വനങ്ങളില്‍ നിന്നു നായാട്ടുകാരെ കൊണ്ടു കടുവയെ പിടിച്ചു. വിധിപ്രകാരം മരുന്നു തയ്യാറാക്കി. അതു മുഴുവന്‍ സേവിച്ച് ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം പ്രവര്‍ത്തനരംഗത്ത് എത്താന്‍ തയ്യാറായി. പക്ഷേ സാധാരണസംഘപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത് ഒരു വര്‍ഷമെങ്കിലും കഴിഞ്ഞു മതി എന്ന ശ്രീഗുരുജിയുടെ നിര്‍ദ്ദേശം അനുസരിച്ച്, അദ്ദേഹം കേസരിവാരികയുടെ ചുമതല നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ സഹജമായ നര്‍മ്മബോധം അക്കാലത്തെ കേസരിയില്‍ കാണാമായിരുന്നു. ശ്രീഗുരുജി ബൈഠക്കുകളിലും മറ്റും അദ്ദേഹത്തെ ‘ടൈഗര്‍ ഈറ്റര്‍’ എന്നു വിളിക്കുമായിരുന്നു. കടുവകളിലെ മുന്തിയ ഇനം ‘മാന്‍ ഈറ്റര്‍’ ആണല്ലൊ അദ്ദേഹത്തിന്റെ നര്‍മ്മബോധം ആ പ്രയോഗത്തില്‍ കാണാം.

കേരളത്തിലെ സംഘ ഘടനയില്‍ മാറ്റം വന്നപ്പോള്‍ വേണുവേട്ടന്‍ എറണാകുളം ജില്ലാ പ്രചാരകനായി. അദ്ദേഹത്തിന്റെ സഹോദരി വളരെ വര്‍ഷങ്ങളായി അവിടെയായിരുന്നു. അവരുടെ വീട്ടിന്റെ ഒരു ഭാഗം കാര്യാലയമായി പോലും ഉപയോഗിച്ചിരുന്നു. മുതിര്‍ന്ന സംഘാധികാരിമാര്‍ക്കു അവിടം ആതിഥേയത്വം വഹിച്ചിട്ടുമുണ്ട്. പക്ഷേ വേണുവേട്ടന്‍ ഒറ്റമുറി കാര്യാലയത്തിന്റെ തിരക്കിനിടയില്‍ത്തന്നെ കഴിയാന്‍ ഇഷ്ടപ്പെട്ടു. പൈപ്പിലൂടെ വരുന്ന നൂലുവണ്ണത്തിലുള്ള വെള്ളംകൊണ്ട് ബക്കറ്റ് നിറച്ച് വേണം കുളിക്കാന്‍. പില്‍ക്കാലത്ത് എറണാകുളം ശാഖയുടെ പ്രമുഖ പ്രവര്‍ത്തകരായ മിക്കവരും വേണുവേട്ടന്റെ മേല്‍നോട്ടത്തില്‍ രൂപപ്പെട്ടവരാണ്. നഗരത്തിന് പുറത്ത്, ആലുവ, വാഴക്കുളം, പെരുമ്പാവൂര്‍, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സംഘപ്രവര്‍ത്തനത്തിനും വേണുവേട്ടന്റെ സാന്നിധ്യം വലിയ പ്രചോദനമായി.

1958 ല്‍ ഏകനാഥ റാനഡേയുടെ സാന്നിധ്യത്തില്‍ മട്ടാഞ്ചേരിയില്‍ നടത്തപ്പെട്ട തമിഴ്‌നാട് കേരള പ്രചാരക ബൈഠകില്‍ എടുത്ത നിര്‍ണയമനുസരിച്ചു കേരളത്തെ പ്രത്യേക പ്രാന്തമാക്കുന്നതിന്റെ പ്രാരംഭം കുറിച്ചു. സംഘസാഹിത്യം, ജനസംഘം, മസ്ദൂര്‍ സംഘം മുതലായ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയ തീരുമാനങ്ങളും എടുക്കപ്പെട്ടു. പിന്നെയും ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞാണ് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ കാര്യത്തില്‍ ക്രിയാത്മകമായ തീരുമാനമുണ്ടായത്. അന്നു ജനസംഘത്തിന് വേണുവേട്ടനെയാണ് സംഘം നിയോഗിച്ചത്. എന്നെ മസ്ദൂര്‍ സംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. തനിക്കു നാരായണനുമായി പരിചയം പോരെന്നും വേണുവാണെങ്കില്‍ ചെറുപ്പം മുതലേ ആത്മീയബന്ധമുണ്ടെന്നും ഠേംഗ്ഡിജി അഭിപ്രായപ്പെട്ടപ്പോള്‍ അത് സംഘത്തിന്റെ ഉന്നതതലത്തില്‍ സ്വീകരിക്കപ്പെട്ടു.

അതു മുതല്‍ വേണുവേട്ടന്‍ മസ്ദൂര്‍ സംഘപ്രവര്‍ത്തനത്തിലിറങ്ങി. കേരളത്തിലെ ട്രേഡ് യൂണിയന്‍ രംഗത്തെ ‘താപ്പാന’ (കുംകി)കളെയൊക്കെ അന്തംവിടീച്ചുകൊണ്ട് മസ്ദൂര്‍ സംഘം നടത്തിയ കുതിച്ചുചാട്ടത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചത് വേണുവേട്ടനായിരുന്നു. വര്‍ഗസമര സിദ്ധാന്തത്തെ നിരാകരിച്ച് കൊണ്ടുതന്നെ തൊഴിലാളി- മുതലാളി ബന്ധത്തെ ആരോഗ്യകരമാക്കാമെന്ന തത്വത്തെ പ്രയോഗതലത്തില്‍ കൊണ്ടുവന്ന ബിഎംഎസിന്റെ പ്രവര്‍ത്തനം പടിപടിയായി മുന്നേറി. സംസ്ഥാനത്തെ വന്‍കിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ, ബാലറ്റ് നടത്തിയപ്പോള്‍, ഇവിടെ കുത്തക അവകാശപ്പെട്ടിരുന്ന ട്രേഡ് യൂണിയനുകളുടെ മുന്‍നിരയില്‍ തന്നെ ബിഎംഎസ് വന്നത് വിസ്മയത്തോടെയാണ് വീക്ഷിക്കപ്പെട്ടത്.

അന്താരാഷ്‌ട്ര തൊഴിലാളി സമ്മേളനത്തില്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ ബിഎംഎസിന് അവസരം ലഭിച്ചതില്‍ മറ്റു ട്രേഡ് യൂണിയനുകള്‍ അസൂയപൂണ്ടു. അവര്‍ക്കു നിരീക്ഷകരായി ഓരോരുത്തരെ അയയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവസരമുണ്ടാക്കുകയായിരുന്നു. അവിടത്തെ ചര്‍ച്ചകളില്‍ വേണുവേട്ടന്‍ നടത്തിയ ഇടപെടലുകള്‍ ലോക ട്രേഡ് യൂണിയന്‍ രംഗത്തു മസ്ദൂര്‍ സംഘം സൃഷ്ടിച്ച പുതുമ ശ്രദ്ധേയമാക്കി. പതിവുപോലെ സംഘപരിവാറിനു പ്രശസ്തി നേടിക്കൊടുത്ത ആ വാര്‍ത്ത നമ്മുടെ ‘മതനിരപേക്ഷ’ മാധ്യമങ്ങളില്‍ വെളിച്ചം കണ്ടില്ല.

മസ്ദൂര്‍ സംഘത്തിന്റെ നേട്ടങ്ങളെ വിലയിരുത്തിയ ചീനാ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി നേതൃത്വം ബിഎംഎസിനെ ചീനയിലെ തൊഴിലാളി രംഗം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. ബീജിങ് സര്‍ക്കാരിന്റെ അതിഥികളായി പോയ ബിഎംഎസ് സംഘത്തിലും വേണുവേട്ടന്‍ അംഗമായിരുന്നു. ചീനയിലെ തൊഴിലാളി സംഘടനയുടെ സമ്മേളനത്തെ അവര്‍ അഭിസംബോധന ചെയ്തു. അവിടെ ഠേംഗ്ഡിജി ചെയ്ത പ്രസംഗത്തില്‍ ഭാരതത്തിന്റെ തൊഴിലാളി സങ്കല്‍പത്തെ കുറിച്ച് വിശദീകരിച്ചു. ചീനാ തൊഴിലാളി നേതൃത്വത്തിന്റെ പ്രതി സന്ദര്‍ശനവുമുണ്ടായി. വണുവേട്ടന്‍ ബിഎംഎസിന്റെ അധ്യക്ഷ സ്ഥാനവും വഹിച്ചു. ആ പ്രസ്ഥാനത്തിന്റെ സംഘടനാ രംഗത്തിന് അദ്ദേഹം നല്‍കിയ നേതൃത്വം മാതൃകാപരമായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് 1972 ല്‍ പൂനെയ്‌ക്കടുത്ത് ഠാണേയില്‍ സംഘവുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയെല്ലാം പ്രമുഖ പ്രവര്‍ത്തകരുടെ നാലുദിവസത്തെ സമ്മേളനം നടന്നു. അര്‍ബുദരോഗഗ്രസ്തനായിരുന്ന ഗുരുജി തന്റെ മനോവിചാരങ്ങള്‍ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വയ്‌ക്കുവാനും അവരുടെ സംശയങ്ങള്‍ ദുരീകരിക്കുവാനും വേണ്ടിയായിരുന്നു അത്. അദ്ദേഹം സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ തന്റെ പ്രശംസ ഏറ്റവും നല്‍കിയതു ദത്തോപാന്ത് ഠേംഗ്ഡിക്കായിരുന്നു. ഠേംഗ്ഡിയുടെ വലംകയ്യായിരുന്ന വേണുവേട്ടനും തീര്‍ച്ചയായും അതില്‍ തന്റെ പങ്ക് ലഭിച്ചിരിക്കുമല്ലൊ.

വേണുവേട്ടന്‍ ബിഎംഎസിന്റെ ചുമതലയൊഴിഞ്ഞശേഷം ഏറ്റെടുത്ത ഒരു മഹത് കൃത്യം 1947 ല്‍ മുസ്ലിം ഭീകരര്‍ കൂട്ടക്കൊല ചെയ്ത അങ്ങാടിപ്പുറത്തിന് സമീപമുള്ള രാമസിംഹന്റെ നരസിംഹക്ഷേത്രം പുനരുദ്ധരിക്കലായിരുന്നു. അതിനാവശ്യമായ ധനം സ്വരൂപിക്കുന്നതിന് അദ്ദേഹം പ്രദര്‍ശിപ്പിച്ച സാമര്‍ത്ഥ്യം അത്ഭുതകരമായിരുന്നു. മുഖ്യമന്ത്രിമാര്‍ (കേരളത്തിലെയല്ല), മഠാധിപതിമാര്‍, ഹിന്ദുത്വാഭിമാനികളായ സാധാരണ ജനങ്ങള്‍ തുടങ്ങിയവരെ സമീപിച്ച്, ക്ഷേത്രത്തിന്റെ ചരിത്രം വിശദീകരിച്ചു. രാമസിംഹന്റെ വീടും ക്ഷേത്രവും ഏറ്റവും വിശിഷ്ടമാംവിധത്തില്‍ തന്നെ പുതുക്കിപ്പണിതു. അങ്ങാടിപ്പുറം തളിക്ഷേത്രവും രാമസിംഹന്റെ സ്ഥലത്തെ ക്ഷേത്രവും ഉണര്‍ന്ന ഹിന്ദുത്വ പ്രതീകങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്നു.

വേണുവേട്ടന്‍ പ്രഥമശുശ്രൂഷക്കാര്യത്തില്‍ വളരെ തല്‍പരനായിരുന്നു. സഹപ്രചാരകന്മാര്‍ക്കു അദ്ദേഹം ഒരിക്കല്‍ ‘അയോഡിന്‍ പെന്‍സില്‍’ എന്ന ഉപകരണവും പ്ലാസ്റ്ററും പഞ്ഞിയും സമ്മാനിച്ചു. ശാഖകളിലും മറ്റും പരിക്കേറ്റവര്‍ക്കു അതുപയോഗിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു. അതവര്‍ അന്തസ്സോടെ കൊണ്ടുനടന്നു ഉപയോഗിച്ചുവന്നു. ഇങ്ങനെ സാധാരണ പ്രവര്‍ത്തകര്‍ക്കു പ്രചോദനം നല്‍കുന്ന ‘ചെറിയ വിദ്യ’കള്‍ പഠിപ്പിക്കുമായിരുന്നു.

ഒരു നൂറ്റാണ്ടുകാലത്തോളം സമാജസേവനം നല്‍കിയ കര്‍മയോഗിയെ ഈയവസരത്തില്‍ അനുസ്മരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by