World

സമാധാനം കൈവിടരുത് , യുദ്ധം ഒന്നിനും പരിഹാരമല്ല ; ഇന്ത്യ-പാകിസ്ഥാൻ യുദ്ധം ഒഴിവാക്കണമെന്ന ഉപദേശവുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനു ശേഷമുള്ള വികാരങ്ങൾ തനിക്ക് മനസ്സിലാകുമെന്ന് ഗുട്ടെറസ് പറഞ്ഞു. ആ ആക്രമണത്തെ ഒരിക്കൽ കൂടി ശക്തമായി അപലപിക്കുകയും ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു

Published by

ന്യൂയോർക്ക് : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കണമെന്നും ഇരു രാജ്യങ്ങളും സമാധാനത്തിന്റെ പാത പിന്തുടരണമെന്നും ആവശ്യപ്പെട്ട്  യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രംഗത്ത്. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യരാഷ്‌ട്രസഭയുടെ സമാധാന പരിപാലനത്തിന് അവർ നൽകുന്ന പ്രധാന സംഭാവനകൾക്ക് ഇരു രാജ്യങ്ങളിലെയും സർക്കാരുകളെയും ജനങ്ങളെയും താൻ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത്രയധികം വഷളായിരിക്കുന്നത് കാണുമ്പോൾ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനു ശേഷമുള്ള വികാരങ്ങൾ തനിക്ക് മനസ്സിലാകുമെന്ന് ഗുട്ടെറസ് പറഞ്ഞു. ആ ആക്രമണത്തെ ഒരിക്കൽ കൂടി ശക്തമായി അപലപിക്കുകയും ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കുന്നത് അംഗീകരിക്കാനാവില്ല. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. എന്നാൽ അതിനിടയിൽ ഈ നിർണായക സമയത്ത് ഒരു സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കേണ്ടത് ഇരു രാജ്യങ്ങൾക്കും പ്രധാനമാണ്. യുദ്ധത്തിന്റെ വക്കിൽ നിന്ന് പിന്മാറാനും പരമാവധി സംയമനം പാലിക്കാനുമുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ ഒരു സൈനിക പരിഹാരം ഒരു പരിഹാരമല്ല, സമാധാനത്തിനുവേണ്ടി രണ്ട് സർക്കാരുകൾക്കും എന്റെ പിന്തുണ നൽകുന്നുവെന്നും ഗുട്ടെറസ് പറഞ്ഞു. അതേ സമയം ഏപ്രിൽ 22 ന് കശ്മീരിലെ ബൈസരൻ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക