തിരുവനന്തപുരം: ജന്മഭൂമിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി അനന്തപുരി ഒരുങ്ങി. കൊടിയേറാന്‍ നാലുനാള്‍ മാത്രം. മേയ് ഏഴു മുതല്‍ 11 വരെ പൂജപ്പുര മൈതാനത്തെ കൂറ്റന്‍ വേദിയില്‍ ‘വൈഭവ ഭാരതം, വികസിത കേരളം, വിഷന്‍ അനന്തപുരി’ എന്ന സന്ദേശമുയര്‍ത്തിയാണ് ജന്മഭൂമി ആഘോഷം ഒരുക്കുന്നത്.
വികസിത കേരളത്തിനായുള്ള സെമിനാറുകളും അനന്തപുരിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികളുടെ ചര്‍ച്ചകളും അഞ്ചു ദിവസങ്ങളിലായി ഒരുക്കിയിട്ടുണ്ട്. കാര്‍ഷികം, ഉന്നത വിദ്യാഭ്യാസം, ടൂറിസം, കായികം, അനന്തപുരിയുടെ സുസ്ഥിര വികസനം, തീവ്രവാദം, പരിസ്ഥിതി, ആരോഗ്യം, ഗതാഗതം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ സെമിനാറുകള്‍ നയിക്കും.
മേയ് ഏഴിന് വൈകിട്ട് 5.30ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
യുവാക്കളില്‍ കരിനിഴല്‍ വീഴ്‌ത്തുന്ന തീവ്രവാദത്തെക്കുറിച്ചുള്ള സെമിനാര്‍ ഒന്‍പതിന് വൈകുന്നേരം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.
അഞ്ചു ദിവസവും വൈകിട്ട് ഏഴിന് പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളുമുണ്ട്. ചലച്ചിത്ര താരം നവ്യ നായര്‍ അവതരിപ്പിക്കുന്ന നൃത്തം, പിന്നണി ഗായകന്‍ ശ്രീനിവാസും സംഘവും ഒരുക്കുന്ന സംഗീത നിശ തുടങ്ങിയവയുമുണ്ട്.
11ന് വൈകിട്ട് സമാപന സമ്മേളനം കേന്ദ്രമന്ത്രി ഭുപേന്ദര്‍ യാദവ് ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. കര, നാവിക സേനകള്‍, എന്‍സിസി, വിഎസ്എസ്‌സി തുടങ്ങിയവയുടേയും വിവിധ മേഖലകളിലെ സ്ഥാപനങ്ങളുടെയും ഇരുനൂറോളം സ്റ്റാളുകളുടെ പ്രദര്‍ശിനിയും പൂജപ്പുര മൈതാനത്ത് ഒരുങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക