Kerala

കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ സ്വപ്‌നയ്‌ക്ക് സസ്പന്‍ഷന്‍

മുന്‍പ് നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റുകളുടെ രേഖകളിലും വിജിലന്‍സ് പരിശോധന നടത്തും

Published by

കൊച്ചി : കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ സ്വപ്നയെ സസ്പെന്‍ഡ് ചെയ്തു. കൊച്ചി മേയറാണ് സ്വപ്നയെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവ് ഇറക്കിയത്.സ്വപ്ന നിലവില്‍ 14 ദിവസം റിമാന്‍ഡിലാണ്.

സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് വിജിലന്‍സ് അന്വേഷിക്കും. വൈറ്റിലയിലെ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസില്‍ പരിശോധന നടത്തിയ വിജിലന്‍സ് രേഖകള്‍ പിടിച്ചെടുത്തിരുന്നു. മുന്‍പ് നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റുകളുടെ രേഖകളിലും വിജിലന്‍സ് പരിശോധന നടത്തും.

വൈറ്റിലയിലെ കൊച്ചി കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസില്‍ എന്‍ജിനീയറിംഗ് ആന്‍ഡ് ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ പരിശോധനയിലാണ് രേഖകള്‍ പിടിച്ചെടുത്തത്.സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണവിവരം വിജിലന്‍സ് സംഘം ശേഖരിച്ചു. സ്വപ്നയുടെ കാറില്‍ നിന്ന് പിടിച്ചെടുത്ത 45,000 രൂപ കൈക്കൂലി പണം ആണോ എന്നും അന്വേഷിക്കുന്നുണ്ട്.

കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്ന വിജിലന്‍സിന്റെ പിടിയിലായത് ബുധനാഴ്ചയാണ് . തൃശൂര്‍ സ്വദേശിനി സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴി പൊന്നുരുന്നിക്ക് സമീപം കാര്‍ നിര്‍ത്തി പണം വാങ്ങുന്നതിനിടെ വിജിലന്‍സ് കയ്യോടെ പിടികൂടുകയായിരുന്നു. മൂന്നു നില അപാര്‍ട്‌മെന്റിലെ 20 ഫ്‌ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്.പരാതിക്കാരന്‍ ജനുവരിയില്‍ അപേക്ഷ നല്‍കിയെങ്കിലും സ്വപ്ന നടപടി വൈകിപ്പിച്ചു. സ്വപ്ന നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും നമ്പര്‍ ലഭിച്ചില്ല. ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. നേരത്തേ തന്നെ വിജിലന്‍സിന്റെ നിരീക്ഷണത്തിലുളള ആളാണ് സ്വപ്ന.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by