World

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് ട്രംപ്

Published by

വാഷിങ്ടൺ: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൽ അഴിച്ചുപണിയെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സിനെ തൽസ്ഥാനത്ത് നിന്ന് നീക്കി ട്രംപ്. അമേരിക്കയുടെ യുഎൻ അംബാസ്സഡറാക്കിയാണ് വാൾട്സിന് പകര ചുമതല നൽകിയിരിക്കുന്നത്. അതേസമയം, വാൾട്സിന് പകരം മാർക്കോ റുബിയോ താൽകാലികമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല വഹിക്കും. അമേരിക്കയുടെ പുതിയ യുഎൻ അംബാസഡര്‍ ആയി തെരഞ്ഞെടുത്തതോടെ ന്യൂയോർക്കിൽ അമേരിക്കയുടെ യുഎൻ മിഷന് മൈക്ക് വാൾട്സ് നേതൃത്വം നൽകും.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് പുറത്തേക്കെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന സൂചന. ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് അലക്സ് വോങിനെയും പുറത്താക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യെമൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള സിഗ്നൽ ചാറ്റിൽ മാധ്യമപ്രവർത്തകനെ തെറ്റായി ഉൾപ്പെടുത്തിയത് മൈക്ക് വാൾട്ട്സ് ആയിരുന്നു. യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികൾ മാധ്യമപ്രവർത്തകന് സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോർന്ന് കിട്ടിയ വിവരം പുറത്തുവന്നതോടെ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം മൈക്ക് വാൾട്ട്സ് ഏറ്റെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് മൈക്ക് വാൾട്ട്സ് സുപ്രധാന സ്ഥാനത്തുനിന്ന് പുറത്തേക്ക് പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, റഷ്യ യുക്രൈന്‍ സമാധാന കരാറിന് റഷ്യ തയ്യറായില്ലെങ്കില്‍ റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങൾ എടുക്കണമെന്ന് മൈക്ക് വാൾട്ട്സ് ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടും വൈറ്റ്ഹൗസിലെ മുതിർന്ന ഉപദേശകർക്ക് ഇടയിൽ അതൃപ്തി ഉണ്ടാക്കിയെന്നും അണിയറയിൽ നിന്ന് റിപ്പോര്‍ട്ടുകളായി പുറത്തുവന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മൈക്ക് വാൾട്ട്സിനെ ട്രംപ് പദവിയിൽ നിന്ന് നീക്കിയുള്ള ട്രംപിന്റെ നടപടിയെന്നാണ് സൂചന.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by