World

ഇസ്‌കോൺ നേതാവ് ചിന്മയ് കൃഷ്ണ ദാസിന് ജാമ്യം അനുവദിച്ചു : മോചനം ഉടൻ സാധ്യമാകുമെന്ന് അഭിഭാഷകൻ

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നിരവധി പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട ചിന്മയ് കൃഷ്ണ ദാസിനെ ധാക്ക പോലീസിന്റെ ഇന്റലിജൻസ് ബ്രാഞ്ച് നവംബർ 25 നാണ് ധാക്ക വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്

Published by

ധാക്ക : ബംഗ്ലാദേശ് ഹൈക്കോടതി ഇസ്‌കോൺ നേതാവ് ചിന്മയ് കൃഷ്ണ ദാസിന് ജാമ്യം അനുവദിച്ചു. സുപ്രീം കോടതിയുടെ അപ്പലേറ്റ് ഡിവിഷൻ ഹൈക്കോടതിയുടെ തീരുമാനം സ്റ്റേ ചെയ്തിട്ടില്ലെന്ന് ചിന്മയുടെ അഭിഭാഷകൻ പ്രൊളാദ് ദേബ് നാഥ് ബംഗ്ലാദേശ് മാധ്യമമായ ദി ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു.

ഹൈക്കോടതിയുടെ ഉത്തരവിന് ശേഷം ചിന്മയ് ദാസിനെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നിരവധി പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട ചിന്മയ് കൃഷ്ണ ദാസിനെ ധാക്ക പോലീസിന്റെ ഇന്റലിജൻസ് ബ്രാഞ്ച് നവംബർ 25 നാണ് ധാക്ക വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്.

ഹിന്ദു മാർച്ചിനിടെ ബംഗ്ലാദേശിന്റെ ദേശീയ പതാകയെ അപമാനിച്ചതിനാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇസ്‌കോൺ, മറ്റ് ഹിന്ദു അനുകൂല സംഘടനകൾ ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ നടത്തി. തുടർന്ന് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പലതവണ നിരസിക്കപ്പെട്ടിരുന്നു.

അതേ സമയം ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിൽ ഇന്ത്യയും ബംഗ്ലാദേശിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക