വൈശാഖ ശുക്ല പഞ്ചമിയിലാണ് ശിവ ഗുരുവിന്റെയും ആര്യാംബയുടെയും പുത്രനായി ശങ്കരന്‍ പിറക്കുന്നത്. വടക്കുംനാഥന്റെ അനുഗ്രഹത്താല്‍ ശ്രീശങ്കരന്‍ ജനിച്ചു എന്നാണ് വിശ്വാസം. ലഭ്യമായ തെളിവുകള്‍ പ്രകാരം ക്രിസ്തുവിന് ശേഷം 8-ാം നൂറ്റാണ്ടില്‍ എറണാകുളം ജില്ലയിലെ കാലടിയെന്ന ഗ്രാമമാണ് അദ്ദേഹത്തിന്റെ ശൈശവത്തിന്റെ കളിത്തൊട്ടില്‍ എന്ന് ഏവരും സമ്മതിക്കുന്ന വസ്തുതയാണ്.
നന്നേ ചെറുപ്പത്തില്‍ തന്നെ അറിവ് നേടാനുള്ള അപാരമായ ആഗ്രഹത്തിന്റെ ഫലമായി ഉത്തമ ഗുരുവിനെ അന്വേഷിച്ച് ജന്മദേശമായ കാലടിയില്‍ നിന്നും കാലടിയായി സഞ്ചരിച്ചു. ഒടുവില്‍ ഇന്നത്തെ മധ്യപ്രദേശിലെ മഹിഷ്മതിക്ക് ( ഇന്ന് അറിയപ്പെടുന്നത് മഹേശ്വര്‍ എന്ന പേരില്‍) സമീപമുള്ള നര്‍മ്മദാ നദീ തീരത്താണ് എത്തിച്ചേരുന്നത്. അവിടെയുള്ള ഓംങ്കാരനാഥത്തിനടുത്തുള്ള ഗുഹയിലായിരുന്നു ഗോവിന്ദ ഭഗവത്പാദാചാര്യര്‍ എന്ന ഗുരു തപസുചെയ്തിരുന്നത്. സമാധിസ്ഥനായിരുന്ന ആ യോഗീവര്യനെ ഭക്തിപൂര്‍വ്വം സ്തുതിക്കുന്നത് കേട്ടപ്പോള്‍ സമാധിയില്‍ നിന്നുണര്‍ന്നു കൊച്ചു കുട്ടിയായിരുന്ന ശങ്കരനോട് നീയാര്? എന്ന് ചോദിച്ചു. അതിന് പത്ത് ശ്ലോകങ്ങളിലായി നല്‍കിയ അനുഭവസാക്ഷ്യം വേദാന്തവിജ്ഞാനത്തിന്റെ അവസാന വാക്കാണ്. ദശശ്ലോകി എന്നറിയപ്പെടുന്ന ആ കൃതി തുടങ്ങുന്നത് ഇങ്ങനെയാണ്.
ന ഭൂമിര്‍ ന തോയം ന തേജോ ന വായു:
ന ഖം നേന്ദ്രിയം വാ ന തേഷാം സമൂഹ:
അനേകാന്തികത്വാത് സുഷുപ്‌ത്യേകസിദ്ധ:
തദേകോവശിഷ്ട: ശിവ: കേവലോഹം
ഞാന്‍ പഞ്ചഭൂതങ്ങളോ, ഇന്ദ്രിയങ്ങളോ, ജാഗ്രത് സ്വപ്‌ന സുഷുപ്തിയോ ഒന്നുമല്ല. നിത്യവും ശുദ്ധവും പ്രശാന്തവുമായ ശിവസ്വരൂപമാകുന്നു എന്നായിരുന്നു പ്രഖ്യാപനം.
ഇതില്‍ ചിത്തവൃത്തി നിരോധം വന്ന് സ്വരൂപത്തിലെത്തി സമാധി ഭാവത്തിലെത്തിയ മഹാഗുരുവിനെയാണ് നാം കാണുന്നത്. നിര്‍വാണാഷ്ടകം , മായാപഞ്ചകം, ഉപദേശസാഹസ്രി തുടങ്ങിയ നിരവധി കൃതികളിലും ഇതേ ബോധ്യത്തെ അവതരിപ്പിച്ചിരിക്കുന്നുണ്ട്. ഇപ്രകാരമുള്ള ജ്ഞാനാനുഭവം മാനവ സമൂഹത്തിന്റെ നന്മയ്‌ക്കായി സമര്‍പ്പിക്കുന്നതിനു വേണ്ടിയാണ് 32 വര്‍ഷം നീണ്ടുനിന്ന ശ്രീ ശങ്കരാചാര്യര്‍ തന്റെ ജന്മം സമര്‍പ്പിച്ചത്. പേരാറ്റിന്‍ കരയില്‍ നിന്ന് തന്നെ തേടിയെത്തുന്ന ശിഷ്യന്റെ വരവിനായി അമര്‍കണ്ഡകത്തില്‍ നിന്നുത്ഭവിക്കുന്ന നര്‍മ്മദാ നദീ തീരത്ത് ഗുരുവായ തപോധനന്‍ കാത്തിരിക്കുകയായിരുന്നു.
ഗുരുവിന്റെ ശിക്ഷണത്തില്‍ വേദ വേദാന്തങ്ങള്‍ പഠിച്ചു. പിന്നീട് ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഉപനിഷത്ത്, ബ്രഹ്മസൂത്രം, ഭഗവത് ഗീത എന്നിങ്ങനെയുള്ള പ്രസ്ഥാനത്രയത്തിന് പ്രൗഢഗംഭീര ഭാഷ്യം രചിച്ചു. മഹര്‍ഷി പതഞ്ജലിക്ക് ശേഷം ഭാരതീയ ദാര്‍ശനിക സാഹിത്യത്തില്‍ അനുകരണീയമായ വ്യാഖ്യാന പാരമ്പര്യത്തിന്റെ പുതുവഴികള്‍ വെട്ടിത്തുറന്നത് ആചാര്യ സ്വാമികളാണ്. ഉപനിഷത്തുക്കളിലും ഭഗവത് ഗീതയിലും അടക്കം ചെയ്ത അറിവിനെ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ശൈലിയില്‍ അവതരിപ്പിച്ചു. അതുകൊണ്ടാണ് ശ്രീനാരായണ ഗുരുദേവന്‍ ശങ്കരാചാര്യരെ സരളാദ്വയ ഭാഷ്യകാരനായ ഗുരുവെന്ന് വിശേഷിപ്പിച്ചത്.
അതുപോലെതന്നെ ശൈവ, വൈഷ്ണവ, ശാക്തേയ, കൗമാര, ഗാണപത്യ, സൗരം എന്നിങ്ങനെ ആറ് സമ്പ്രദായങ്ങളായി ദേവതാ സങ്കല്‍പ്പങ്ങള്‍ ചിട്ടപ്പെടുത്തി. അദൈ്വത വിചാരത്തിന്റെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ ചിട്ടപ്പെടുത്തുകയും, അതിനൊക്കെ ഉപകരിക്കുന്ന നിരവധി സ്‌തോത്രങ്ങള്‍ രചിക്കുകയും ചെയ്തു. ലിംഗാഷ്ടകം, ശിവാനന്ദലഹരി, ശിവപഞ്ചാക്ഷരസ്‌തോത്രം എന്നിവ ശൈവസമ്പ്രദായത്തിലും, സൗന്ദര്യലഹരി, ത്രിപുരസുന്ദരി അഷ്ടകം എന്നിവ ശാക്തേയ സമ്പ്രദായങ്ങളിലും, ഗോവിന്ദാഷ്ടകം, വിഷ്ണുഭുജംഗം എന്നിവ വൈഷ്ണവ സമ്പ്രദായങ്ങളിലും അങ്ങേയറ്റം പ്രാധാന്യമുള്ള കൃതികളാണ്. ഗണേശഭുജംഗം, ഗംഗാഷ്ടകം, യമുനാഷ്ടകം തുടങ്ങിയ കൃതികളെല്ലാം കാണിക്കുന്നത് വിവിധതരം വിശ്വാസികളെ കോര്‍ത്തിണക്കി നിര്‍ത്തുന്ന സമന്വയത്തിന്റെ പ്രവാചകനായിരുന്നു ശ്രീശങ്കരാചാര്യര്‍ എന്നാണ്.
അറിവ് വിതരണത്തിന്റെ മാതൃക
ഉള്ളുണര്‍ന്ന മഹാഗുരുക്കന്മാരില്‍ നിന്ന് നേടിയ ജീവിതാനുഭവങ്ങള്‍ കലവറയില്ലാതെ പകര്‍ന്നു നല്‍കാന്‍ അദ്ദേഹം നല്ലൊരു ശിഷ്യസമൂഹത്തെ പാകപ്പെടുത്തി. സുരേശ്വരന്‍, ഹസ്താമലകന്‍, തോടകാചാര്യര്‍, പത്മപാദര്‍ എന്നീ നാല് പേരാണ് ഇതില്‍ താരശോഭയുള്ള ശിഷ്യന്മാര്‍. അവരിലൂടെ തന്റെ ബോധ്യത്തെ ലോകത്തിന് പറഞ്ഞു കൊടുക്കുന്നതിനുവേണ്ടി ശിഷ്യരോടൊത്ത് ഭാരതമെമ്പാടും പലതവണ സഞ്ചരിച്ചു. ശ്രുതി യുക്തി അനുഭവം എന്നിവയുടെ അടിസ്ഥാനത്തില്‍ ആചാര്യന്‍ നടത്തിയ ബോധവത്കരണ യജ്ഞത്തിലൂടെ ധര്‍മ്മരക്ഷണമെന്ന ദൗത്യമാണ് നിര്‍വഹിച്ചത്. അറിവിന്റെയും തിരിച്ചറിവിന്റെയും വീണ്ടുവിചാരത്തിന്റെയും വിത്ത് വിതരണമായിരുന്നു അത്.
പരമമായ ദൈവവും മഹത്തായ ധനവും എങ്ങും വിജയിച്ചരുളുന്ന സൗഭാഗ്യവും ശ്രേയസിനെ പ്രദാനം ചെയ്യുന്ന ധര്‍മ്മവിചാരങ്ങളുമാണ് പ്രധാനമായും ഈ അവസരങ്ങളില്‍ അദ്ദേഹം ചര്‍ച്ച ചെയ്തത്. പ്രാചീന ഭാരതം മുന്നോട്ട് വെച്ച ഇത്തരം സംവാദ സംസ്‌കാരത്തില്‍ നിന്നാണ് ഇവിടെ ശാസ്ത്രം, കല, ദര്‍ശനം എന്നിവ വികാസം പ്രാപിച്ചതും.
സംവാദത്തിന്റെ മാതൃക
ദാര്‍ശനികനായ മണ്ഡനമിശ്രനുമായി ശ്രീശങ്കരാചാര്യര്‍ നടത്തിയ സംവാദം ഒരുപക്ഷേ ലോകചരിത്രത്തില്‍ ഇന്നോളം ഉണ്ടായിരിക്കാനിടയില്ലാത്ത ഒന്നാണ്. സമ്പത്തും അറിവും അധികാരവും അനേകം ശിഷ്യസമ്പത്തുമുണ്ടായിരുന്നു മണ്ഡനമിശ്രന്. അദ്ദേഹത്തിന്റെ വീട്ടില്‍ വളര്‍ത്തിയ തത്തകള്‍ പോലും ഉപനിഷത്തുകളും വേദങ്ങളും മനോഹരമായി ചൊല്ലിയിരുന്നത്രെ. ജ്ഞാന വൃദ്ധനും വയോവൃദ്ധനുമായ മണ്ഡനമിശ്രനുമായി യുവാവായ ശങ്കരന്‍ നടത്തിയ സംവാദത്തില്‍ വിധികര്‍ത്താവ് മണ്ഡന പത്‌നിയായ ഭാരതിയായിരുന്നു. ആറുമാസം നീണ്ടുനിന്ന വാദപ്രതിവാദത്തിനൊടുവില്‍ ശങ്കരന്‍ വിജയിച്ചതും മണ്ഡനമിശ്രന്‍ പരാജയപ്പെട്ടതും പ്രഖ്യാപിച്ചത് ഭാരതിയാണ്. എന്നാല്‍ ഭര്‍ത്താവിന്റെ പാതിമെയ്യാണ് ഭാര്യ. അതുകൊണ്ട് നിങ്ങള്‍ പൂര്‍ണ വിജയിയാകണമെങ്കില്‍ ഭാര്യയായ എന്നെ കൂടി സംവാദത്തില്‍ തോല്‍പ്പിക്കണമെന്നായി ഭാരതി. അങ്ങനെ മണ്ഡനമിശ്രന്റെ അധ്യക്ഷതയില്‍ ഭാരതിയും ശങ്കരനും തമ്മിലുള്ള സംവാദത്തിന് വീണ്ടും കളമൊരുങ്ങി. ചര്‍ച്ച ആറുമാസം നീണ്ടുനിന്നു. കുലീനവും സംസ്‌കാര സമ്പന്നവുമായ ഭാഷയില്‍ പരസ്പരം ബഹുമാനത്തോടെ അറിവിന്റെ ആവനാഴിയിലെ ബ്രഹ്മാസ്ത്രങ്ങളോരോന്നും വാദങ്ങളും പ്രതിവാദങ്ങളുമായി മുന്നേറി. അവിടെ ആരും ആരെയും ആക്ഷേപിക്കുകയോ വെല്ലുവിളിക്കുകയോ കൈയേറ്റമോ ചെയ്തില്ല. പെണ്ണിന്റെ മുന്നില്‍ ചര്‍ച്ച ചെയ്യില്ലെന്ന് പറഞ്ഞൊഴില്ല. ഭാരതത്തില്‍ നില നിന്നിരുന്ന ഉദാത്തമായ സംവാദത്തിന്റെ ഇത്തരം മാതൃക ഇന്ന് ഏറെ പ്രസക്തമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
ഹൃദയത്തെ തൊട്ടുണര്‍ത്തിയ ദര്‍ശനം
ഇങ്ങനെ വിജ്ഞാനത്തിന്റെ ആഖ്യാനം, വ്യാഖ്യാനം, സംവാദം എന്നീ നിലകളില്‍ വളര്‍ന്നതിന്റെ പരിസരത്താണ് ദൈ്വതം, അദൈ്വതം, വിശിഷ്ടാദൈ്വതം എന്നിങ്ങനെയുള്ള ദാര്‍ശനിക പദ്ധതികളും, അവയുടെ സമ്പന്നമായ വാങ്മയങ്ങളും ഭാരതത്തില്‍ വികാസം പ്രാപിച്ചത്. ഇക്കൂട്ടത്തില്‍ ആചാര്യ സ്വാമികളുടെ വിജ്ഞാനപ്രപഞ്ചം ഭാരതീയ വൈജ്ഞാനിക സാഹിത്യത്തിന്റെ ഗൗരീശൃംഗമായി പരിലസിക്കുന്നത് കാണാനാകും.
ഭാരതീയ ഹൃദയകമലത്തിനെ വിടര്‍ത്തുന്ന ജ്ഞാന സൂര്യനായി ഇന്നും അദൈ്വതാചാര്യനായ ശ്രീശങ്കരന്‍ വിളങ്ങുന്നുമുണ്ട്. അതിനു കാരണം പിറവിയെടുത്ത ഓരോ മാനവനും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട അത്മദര്‍ശനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയതിനാലാണ്. രാമകൃഷ്ണ വിവേകാനന്ദ പ്രസ്ഥാനങ്ങളിലൂടേയും മറ്റ് പരമ്പരകളിലൂടേയും ഇന്നും ഈ ജ്ഞാന സൂര്യന്റെ കിരണങ്ങള്‍ പ്രഭയും പ്രതീക്ഷയും ചൊരിഞ്ഞുനില്‍ക്കുന്നു.
ലോകം കണ്ട ധിഷണാശാലികളായ കോള്‍ബ്രൂക്, എച്ച്.എച്ച്. വില്‍സണ്‍, മാക്‌സ് മുള്ളര്‍, വെബര്‍ തുടങ്ങിയവരെ ആഴത്തില്‍ സ്വാധീനിച്ച ശ്രീശങ്കരനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ളൊരു ദാര്‍ശനിക വിചാരമോ തത്ത്വചിന്തയോ സാധ്യമല്ല എന്നത് വസ്തുതയാണ്. ഇക്കാര്യങ്ങള്‍ കൊണ്ടു തന്നെയാണ് ശങ്കര ജയന്തി തത്ത്വജ്ഞാനി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. മധ്യഗുരുവായ ശ്രീശങ്കരാചാര്യര്‍ ഉപദേശിച്ചത് മുഴുവന്‍ ധര്‍മ്മത്തിലൂന്നിയ ജ്ഞാനവും കര്‍മ്മവും ആണ്. അതാവട്ടെ മനുഷ്യസാധ്യതയുടെ വിജ്ഞാനമായ വേദാന്തത്തിലൂടെ ശാസ്ത്ര ബുദ്ധിയുടെയും, ആത്മദര്‍ശനത്തിന്റെയും, ജീവനകലയുടെയും ഉദാത്തമായ ഉദാഹരണങ്ങളാണ്. അതിനാലാണ് വേദാഗമ പരമ്പരകളില്‍ നിന്ന് വളര്‍ന്നു വന്ന ഏതാണ്ടെല്ലാ സമ്പ്രദായികളും മഹാഗുരുവായി ഇന്നും ശ്രീശങ്കരനെ കണക്കാക്കുന്നത്.
മുത്തശ്ശിക്കഥകളിലെ ശങ്കരന്‍
നമ്മുടെ മുത്തശ്ശിക്കഥകളില്‍ നിറഞ്ഞു നിന്നിരുന്നവയാണ് ആചാര്യ സ്വാമികളുടെ ജീവിതവുമായി ബന്ധപ്പെട്ട് പറഞ്ഞു പോരുന്ന കഥകളോരോന്നും. സംന്യസിക്കാനാഗ്രഹിച്ച, കുട്ടിയായിരുന്ന ശങ്കരനെ മുതലപിടിച്ചതും, അമ്മയുടെ മരണ വാര്‍ത്തയറിഞ്ഞ് കാലടിയിലെത്തുന്നതും, പരകായപ്രവേശം നടത്തുന്നതും, സര്‍വജ്ഞപീഠം കയറുന്നതും കേദാരത്തിന്റെ മഹാമൗനത്തില്‍ വിലയം പ്രാപിച്ചതുമായ എത്രയോ കഥകളാണ് തലമുറയായി കൈമാറി പോന്നത്. ഓരോ കൃതികള്‍ രചിച്ചതിനു പിന്നിലും ഇതുപോലെ നിരവധി കഥകള്‍ മുത്തശ്ശിമാര്‍ തങ്ങളുടെ പേരക്കുട്ടികള്‍ക്ക് പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു കൊടുത്തിരുന്നു. അത്തരം കഥകളില്‍ അറിവിന്റേയും തിരിച്ചറിവിന്റേയും മുന്നറിയിപ്പുകളുടേയും കരുതല്‍ ധനം അടങ്ങിയിരുന്നു. വീടിനകത്തെ നന്മമരങ്ങള്‍ എത്രയെത്ര കുഞ്ഞുമനസുകളിലാണ് സങ്കല്‍പ ലോകത്തിന്റെ വിത്ത് വിതരണം നടത്തിയിരുന്നത്.
ദരിദ്രമായ ഒരു വീട്ടില്‍ ഭിക്ഷ യാചിച്ചു ചെന്നപ്പോള്‍ അവിടെ ആകെയുണ്ടായിരുന്നത് ഒരു ഉണക്ക നെല്ലിക്ക. അതാണ് ഭിക്ഷുവായ ശങ്കരന് കൊടുത്തത്. ആ വീട്ടിലെ ദാരിദ്ര്യം കണ്ട് മനമുരുകിയ ശങ്കരന്‍ ആ അമ്മയുടെ ജീവിതം സുഭിക്ഷമാക്കാന്‍ കനകധാരാ സ്‌തോത്രം ജപിച്ച് സ്വര്‍ണ നെല്ലിക്ക വര്‍ഷിച്ചു. കാശിയില്‍ ശിഷ്യരോടൊത്ത് വിശ്വനാഥ ദര്‍ശനത്തിന് പുറപ്പെട്ട ശങ്കരനു മുന്നില്‍ ചണ്ഡാള വേഷത്തില്‍ നായയോടൊപ്പം കാശിവിശ്വനാഥന്‍ വന്നു. വഴിമാറൂ എന്ന ശങ്കരവാക്യം കേട്ട ചണ്ഡാളന്‍ എന്താണ് മാറേണ്ടത് ശരീരമോ ആത്മാവോ എന്ന മറുചോദ്യം ചോദിച്ചു. ഇത് സാക്ഷാല്‍ കാശി വിശ്വനാഥന്‍ തന്നെ പരീക്ഷിക്കാന്‍ വന്നതാണെന്ന് മനസിലാക്കി. അതോടെ ഉള്ളിലുണ്ടായിരുന്ന ഭേദബുദ്ധി ഇല്ലാതാകുകയും ചണ്ഡാളനാകട്ടെ, ദ്വിജനാകട്ടെ അറിവിന്റെ നിറവാര്‍ന്നവന്‍ എന്റെ ഗുരുവാണെന്ന പ്രഖ്യാപനം നടത്തി. ഇങ്ങനെ ഒട്ടനവധി കഥകളുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവയെല്ലാം കുട്ടികളുടെ മനസില്‍ അവരറിയാതെ ചില മാതൃകകള്‍ നിര്‍മിക്കുകയായിരുന്നു. രാമകൃഷ്ണ ദേവന്‍, വിവേകാനന്ദന്‍, തിലകന്‍, മഹാത്മാ ഗാന്ധി, ഡോ. രാധാകൃഷ്ണന്‍, ഡോ. രാജേന്ദ്രപ്രസാദ്, ആഗമാനന്ദ സ്വാമികള്‍, ചിന്മയാനന്ദ സ്വാമി അങ്ങനെ എത്രയെത്ര മഹാന്മാരാണ് തിരിച്ചറിവും ജീവിതമൂല്യങ്ങളും നിറഞ്ഞു നിന്ന ഇതുപോലെയുള്ള കഥകളിലെ സൂചനകളുപയോഗിച്ച് മാനവ സമൂഹത്തിന് സ്വയം മാതൃകയായത്. സഫലമാകേണ്ട ബാല്യങ്ങള്‍ക്കായി പറഞ്ഞു പഴകാത്ത ഒത്തിരി കഥകള്‍ സൃഷ്ടിച്ചു കൊണ്ടാണ് ഈ മഹാത്മാക്കളോരോന്നും അവരുടെ പലതരത്തിലുള്ള ജീവിത വേഷങ്ങള്‍ കെട്ടിയാടിയത്.
(കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല റിട്ട. പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: